
ദീപാവലി സീസണ്‍ ആയത് കൊണ്ട് വലിയ താരപോരാട്ടമാണ് ബോക്‌സോഫീസില്‍ നടക്കുന്നത്. തമിഴ് സിനിമയിലെ മുന്‍നിര താരമായ ശിവ കാര്‍ത്തികേയന്‍ നായകനായ അമരന്‍ ഇന്നലെ മുതൽ തീയേറ്ററിൽ പ്രദർശനത്തിന് എത്തിയിട്ടുണ്ട്.
മേജര്‍ മുകുന്ദിന്റെ ജീവിതകഥയാണ് അമരൻ’ പറയുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ വലിയൊരു വഴിത്തിരിവാകും ചിത്രമെന്നാണ് ആദ്യ ദിനത്തിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ചിത്രത്തില്‍ മലയാളികളുടെ പ്രിയങ്കരിയായ സായ് പല്ലവിയാണ് നായിക. അതുകൊണ്ട് തന്നെ കേരളത്തിലും ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ശിവ കാര്‍ത്തികേയന്‍ ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജനായി എത്തുമ്പോള്‍, ഭാര്യ ഇന്ദു റെബ്ബേക്ക വര്‍ഗീസായി എത്തുന്നത് സായ് പല്ലവിയാണ്.

കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘അമരൻ’. രാജ്യസ്നേഹവും ധീരതയും കൊണ്ട് ഭാരതീയരുടെ മനസ്സിൽ അമരനായി വാഴുന്ന മേജർ മുകുന്ദ് ആയി തമിഴ് താരം ശിവ കാർത്തികേയനും മുകുന്ദിന്റെ പ്രിയ പത്നി ഇന്ദു റെബേക്കയുമായി തെന്നിന്ത്യൻ താര സുന്ദരി സായി പല്ലവിയും അഭിനയിച്ച ചിത്രം ഹൃദയസ്പർശിയായാണ് ചിത്രീകരിച്ചിട്ടുള്ളത്.
രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ ശിവ കാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി അടയാളപ്പെടുത്തും.
“റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ വരദരാജന്റെയും ഗീതയുടെയും മകനായി ജനിച്ച മുകുന്ദ് ചെറുപ്പം മുതൽ ഒരു സൈനികനാകണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ടു നടന്നയാളാണ്. അദ്ദേഹം കൊമേഴ്‌സില്‍ ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ജേണലിസത്തില്‍ പിജി. ഡിപ്ലോമയും പൂര്‍ത്തിയാക്കി.
മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പഠന കാലത്താണ് മുകുന്ദും മലയാളിയായ ഇന്ദു റബേക്ക വർഗീസും പ്രണയത്തിലാകുന്നത്. മുകുന്ദ് 2005-ല്‍ കമ്പയിന്‍ഡ് ഡിഫെന്‍സ് സര്‍വീസ് കമ്മിഷന്‍ പരീക്ഷ പാസായ ശേഷം ചെന്നൈയിൽ സൈനിക പരിശീലനം ആരംഭിച്ചു. 2006-ല്‍ ലെഫ്റ്റനന്റ് പദവിയിലേക്കുയര്‍ന്ന മുകുന്ദ് രജ്പുത് റെജിമെന്റിന്റെ ഭാഗമായി. ആര്‍മിയില്‍ ചേര്‍ന്ന മുകുന്ദിനെ കാണാന്‍ അവധി ദിവസങ്ങളില്‍ ട്രെയിനിങ് അക്കാദമിക്കു മുന്നില്‍ ഇന്ദു എത്തുമായിരുന്നു. മുകുന്ദുമായുള്ള ബന്ധം ഇന്ദുവിന്റെ വീട്ടുകാര്‍ പാടെ എതിര്‍ത്തു.
അന്യജാതി, അന്യനാട്, അന്യഭാഷ വീട്ടുകാര്‍ക്ക് എതിര്‍ക്കാന്‍ കാരണങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍ പട്ടാളക്കാരനാണ് എന്നതായിരുന്നു പ്രധാനകാരണം. എന്തെങ്കിലും സംഭവിച്ചാല്‍ മകള്‍ ഒറ്റയ്ക്കാകില്ലേ എന്ന ഭയം. അവിടെയും ഇന്ദുവിന്റെ ധൈര്യം അനിഷേധ്യമായിരുന്നു. ഒടുവിൽ ഇന്ദുവിന്റെ സ്നേഹത്തിനു മുന്നിൽ വീട്ടുകാർ അടിയറവ് പറഞ്ഞു.
2009 ഓഗസ്റ്റ് 28-ന് ഇന്ദുവും മുകുന്ദും വിവാഹിതരായി. 2011 മാര്‍ച്ച് 17-ന് ഇരുവര്‍ക്കും അര്‍ഷിയ എന്ന മകൾ ജനിച്ചു. പിന്നീട് കുറച്ചു കാലം മുകുന്ദ് മധ്യപ്രദേശിലും യുഎന്‍ മിഷന്റെ ഭാഗമായി ലെബനനിലും സേവനമനുഷ്ഠിച്ചു. 2012 ഡിസംബറില്‍ കലാപവിരുദ്ധ സേവനങ്ങള്‍ക്കായി വിന്യസിപ്പിച്ച 44-ാമത് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്റെ ഭാഗമായ മുകുന്ദ് മേജർ ആയി സ്ഥാനക്കയറ്റത്തോടെ കശ്മീരിലേക്ക് പോയി.
2014 ഏപ്രിലിൽ വടക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ തിരഞ്ഞെടുപ്പിനെ തുടർന്നു ഭീകരാക്രമണം ഉണ്ടായപ്പോൾ ഭീകരരെ പിടിക്കാൻ മുകുന്ദിന്റെ നേതൃത്വത്തിൽ സൈനികർ ഖ്വാസിപത്രിയെന്ന ഗ്രാമത്തില്‍ തമ്പടിച്ചു. തുടന്ന് ജെയ്‌ഷേ- മൊഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് ഗാനിയും സംഘവുമായുള്ള യുദ്ധത്തിൽ ഗാനിയെ മുകുന്ത് വധിച്ചെങ്കിലും ഏറ്റുമുട്ടലിൽ ആവേശവും വീരമൃത്യു വരിക്കുകയായിരുന്നു .
മൂന്നു വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ദേഹത്ത് കണ്ടത്തി. ഒട്ടും സമയം കളയാതെ തന്നെ സൈനികാശുപത്രിയിൽ എത്തിച്ചെങ്കിലും മേജര്‍ മുകുന്ദ് വീരമൃത്യു വരിച്ചു. ഇതായിരുന്നു ധീരരക്തസാക്ഷിയായ മുകുന്ദിന്റെയും പ്രിയ പത്നി ഇന്ദുവിന്റേയും കഥ”.

മേജർ മുകുന്ദ് വരദരാജൻ എന്ന ധീര രക്തസാക്ഷിയുടെ ജീവിതവും പ്രണയവും സമാനതകളില്ലാത്ത പോരാട്ട വീര്യവുമാണ് അമരൻ’ എന്ന ചിത്രത്തിന്റെ പ്രമേയം. മേജർ മുകുന്ദും ഇന്ദു റബേക്ക വർഗീസും തമ്മിലുള്ള അചഞ്ചലമായ പ്രണയവും അവർ പങ്കിട്ട സ്വപ്നങ്ങളും സൈന്യത്തോടുള്ള മുകുന്ദിന്റെ പ്രതിബദ്ധതയും ഇന്ദുവിന്റെ ത്യാഗവും തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരുടെ കണ്ണുനനയിച്ചു.
മേജർ മുകുന്ദ് ആയി ശിവ കാർത്തികേയൻ അത്യുഗ്രൻ പ്രകടനമാണ് നടത്തിയത്. പുഷ് അപ്പ് ചെയ്തുകൊണ്ട് സ്ക്രീനിൽ എത്തുന്ന നിമിഷം മുതൽ സിനിമ തീരുന്നതുവരെ ഒരു നിമിഷം പോലും മടുപ്പിക്കാത്ത പ്രകടനമാണ് ശിവകാർത്തികേയൻ നടത്തിയത്.
പ്രണയവും നർമവും കുടുംബ സ്നേഹവുമെല്ലാം അദ്ദേഹം അനായാസമായി കൈകാര്യം ചെയ്തു. ആത്മവിശ്വാസമുള്ള ഒരു സൈനിക ഉദ്യോഗസ്ഥന്റെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയും. എല്ലാംകൂടി ശിവ കാർത്തികേയന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയി അമരൻ അടയാളപ്പെടുത്തും.
ഇന്ദു റബേക്ക വർഗീസ് ആയി സായി പല്ലവിയും ശിവയോട് കിടപിടിക്കുന്ന പ്രകടനമാണ് നടത്തിയത്. താരത്തിന്റെ സ്നേഹപ്രകടനവും വേദന ഉള്ളിലടക്കിയുള്ള അമർത്തിയ നിലവിളികളും കണ്ണീരോടെയല്ലാതെ പ്രേക്ഷകന് കണ്ടിരിക്കാനാകില്ല. ഒപ്പം ജി വി പ്രകാശ് കുമാർ ഈണം നൽകിയ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു .
ആക്ഷൻ സീക്വൻസുകളും കശ്മീരിന്റെ സൗന്ദര്യവും യുദ്ധഭൂമിയുടെ തീവ്രതയും ഒരേ മിഴിവോടെ പകർത്തിയതാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹൃദയത്തിൽ തൊടുന്ന സംഗീതമാണ് മറ്റൊരു പ്രത്യേകത. പ്രേക്ഷകന്റെഹൃദയത്തെ ആഴത്തിൽ മുറിവേല്പിച്ചുകൊണ്ട് തീവ്രവും വൈകാരികവുമായ ഒരു
സിനിമാനുഭവമാണ് അമരൻ നൽകുന്നത്. മേജർ മുകുന്ദിനും ത്യാഗത്തിന്റെ ആൾരൂപമായ പ്രിയപത്നി ഇന്ദുവിനും ഒരു കണ്ണുനീരിൽ കുതിർന്നൊരു സല്യൂട്ട് നൽകാതെ ആർക്കും തീയറ്റർ വിട്ടിറങ്ങാൻ കഴിയില്ല.











