
തന്റെ സംവിധാന അരങ്ങേറ്റ ചിത്രം പണിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട ഒരു പ്രേക്ഷകനെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഏറെ ചര്‍ച്ചയും അത് പിന്നീട് വിവാദവുമായി മാറിയിരുന്നു. ഈ വിഷയത്തിൽ ആദ്യമായിട്ട് നേരിട്ടൊരു പ്രതികരണം നൽകുകയാണ് ജോജു ജോർജ്.
സൗദിയിലെ റിയാദില്‍ നടന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ വേദിയിലാണ് ജോജു ജോർജ് ഇക്കാര്യം പറഞ്ഞത്. “സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല എന്ന് പറഞ്ഞു കൊണ്ടാണ് ആ ഫോണ്‍ കോളിനെപ്പറ്റി ജോജു സംസാരിച്ചു തുടങ്ങുന്നത്. ടിക്കറ്റ് എടുത്ത് സിനിമ കണ്ട എല്ലാവരും അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറയണം. പക്ഷേ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു.
അതിന്‍റെ പേരില്‍ ഉണ്ടായ കോലാഹലത്തില്‍ ഞാന്‍ ഒരു കോള്‍ ചെയ്തുപോയി. അത് വിളിക്കരുതായിരുന്നു”, ജോജു ജോര്‍ജ് പറയുന്നു. ആദ്യമായിട്ടാണ് തന്‍റെ ഒരു സിനിമയ്ക്ക് തിയറ്ററുകളില്‍ ഇത്രയും സ്വീകരണം കിട്ടുന്നതെന്നും ജോജു കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗര്‍ സൂര്യ, ജുനൈസ് വി പി, ബോബി കുര്യന്‍ തുടങ്ങിയവരും ജോജു ജോർജിനൊപ്പം എത്തിയിരുന്നു.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പണി എന്ന ചിത്രം ഒക്ടോബര്‍ 24 നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്.
ഇതിനിടെയാണ് ജോജു ജോർജ് നായകൻ ആയെത്തിയ പണിയിലെ റേപ്പ് സീനിനെതിരെ സംസാരിക്കുകയും ഈ സിനിമ ആരും കാണരുതെന്ന് പറയുകയും ചെയ്തുകൊണ്ട് ആദർശ് എച്ച് എസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റ് മിക്ക സിനിമാ ഗ്രൂപ്പിലും ഇയാൾ ഒരേസമയം പങ്കു വെച്ച് ഈ സിനിമയെ ഡീഗ്രേഡ് ചെയ്യുകയുണ്ടായി.
കോടികൾ മുതൽ മുടക്കി നിർമിച്ച ഈ ചിത്രത്തിനെതിരെ ഇത്തരത്തിൽ മോശമായി മാത്രം ദുരുദ്ദേശത്തോടെ കുറിപ്പെഴുതിയ ആദർശിനെ ജോജു ജോർജ് ഫോണിൽ വിളിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നതും ചർച്ചയായതുമായ ഒരു വിഷയമായിരുന്നു ഇത്. ജോജു ജോര്‍ജിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.
ഇപ്പോൾ ഈ വിഷയത്തിൽ മുൻ ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാരും പ്രതികരിച്ച് എത്തി. അറിഞ്ഞു കൊണ്ടുള്ള പണിയിൽ വീണു പോയ ജോജു എന്ന തലക്കെട്ടോടെയാണ് അഖിൽ ജോജുവിനെ പിന്തുണച്ചുള്ള വീഡിയോ പങ്കുവെച്ചത്.
ജോജു ജോർജുമായുള്ള സൗഹൃദത്തിന്റെ പേരിൽ അല്ല ജോജു തന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും കാരണം എന്താണെന്ന് തനിക്ക് അറിയില്ല എന്നും അഖിൽ മാരാർ പറയുന്നു. ആദര്‍ശിന്‍റേത് നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ല. മറിച്ച് പണി കൊടുക്കണം എന്ന ഉദ്ദേശത്തില്‍ ചെയ്തതായിട്ടാണ് തോന്നിയത് എന്നും അഖിൽ മാരാർ ചൂണ്ടി കാട്ടിയിരുന്നു .











