
സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. അങ്ങനൊരു ആഗ്രഹം നടൻ ഹരിശ്രീ അശോകനുമുണ്ടായിരുന്നു. വർഷങ്ങളോളം സിനിമയിൽ രാപ്പകൽ ഇല്ലാതെ അധ്വാനിച്ചാണ് ആ സ്വപ്നം നടനും കുടുംബവും സാക്ഷാത്കരിച്ച് എടുത്തത്.
തനിക്ക് മലയാള സിനിമയിൽ ഒരിടം കണ്ടെത്തിതന്ന ചിത്രമായ ‘പഞ്ചാബി ഹൗസി’ന്റെ ഓർമക്കായി ആ പേര് തന്നെയാണ് വീടിനും ഹരിശ്രീ അശോകൻ നൽകിയത്. എന്നാൽ വളരെ കുറച്ച് കാലം മാത്രമെ അശോകനും കുടുംബത്തിനും ആ വീട്ടിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞുള്ളു.
വീടിന്റെ ഫർണിഷിങ്, ഫ്ലോറിങ് ഘട്ടത്തിൽ അത് ചെയ്തവർ വരുത്തിയ പിഴവുകൾ മൂലം വീട് ആകെ പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. ഇതിനെതിരെ ഉപഭോക്‌തൃ കോടതിയിൽ താരം നൽകിയ കേസ് അടുത്തിടെയാണ് വിധിയായത്. വീടിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പിഴവുകൾ വരുത്തിയ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17 ലക്ഷതിലധികം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്.

ഹരിശ്രീ അശോകന്റെ പഞ്ചാബിഹൗസിനുണ്ടായ ദുരവസ്ഥ പലപ്പോഴായി വാർത്തകളിൽ വന്നിരുന്നുവെങ്കിലും അതിന്റെ ഭീകരാന്തരീക്ഷം എത്രത്തോളമാണെന്ന് പ്രേക്ഷകർ മനസിലാക്കിയത് ഇപ്പോഴാണ്. മനോരമയുടെ വീട് എന്ന സെഷനിൽ ഇത്തവണ ഹരിശ്രീ അശോകന്റെ പഞ്ചാബിഹൗസിന്റെ ദുരവസ്ഥയായിരുന്നു ചിത്രീകരിച്ചിരുന്നത്.
നടൻ ചാനലിനോട് സംസാരിക്കവെ അതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, ‘അച്ഛനും അമ്മയും ഒമ്പത് മക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഞാൻ ജനിച്ച് വളർന്നത്. രണ്ടുമുറി വീട്ടിലാണ് ഞങ്ങളെല്ലാം ദീർഘകാലം ജീവിച്ചത്. പിന്നീട് ഞാൻ മിമിക്രി വഴി സിനിമയിലെത്തി. രാവും പകലുമെന്നില്ലാതെ കഷ്ടപ്പെട്ടു.
അങ്ങനെ കൊച്ചിയിലെ പടമുകൾ ചെമ്പുമുക്കിൽ പത്ത് സെന്റ് സ്ഥലം വാങ്ങി. മകളുടെ ആഗ്രഹമായിരുന്നു നല്ലൊരു വീട് വെച്ചതിനുശേഷം മതി വിവാഹമെന്നത്. അങ്ങനെ ഞങ്ങൾ സ്വപ്നം പോലെയൊരു വീട് വച്ചു. പക്ഷെെ ആ സന്തോഷത്തിന് അധികകാലം ആയുസുണ്ടായിരുന്നില്ല. വീട് വെക്കാൻ തുടങ്ങിയപ്പോൾ മുതൽ ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. അത് പിന്നീട് ഞങ്ങൾ തരണം ചെയ്തു. മകളുടെ കല്യാണം നടക്കുന്നത് വരെ വീടിന് കുഴപ്പമില്ലായിരുന്നു. ഒരു മനുഷ്യായുസ്സിലെ സമ്പാദ്യവും സ്വപ്നവും കൊണ്ടാണ് ഒരാൾ വീടുപണിയുന്നത്. പക്ഷെ വീടുപണിയിൽ സംഭവിച്ച പിഴവുമൂലം ഞാനും കുടുംബവും അനുഭവിച്ച മാനസീക വിഷമം വിവരിക്കാവുന്നതിലും അപ്പുറമാണ്.

വീടിന്റെ ഫർണിഷിങ്, ഫ്ലോറിങ് ഘട്ടത്തിൽ സംഭവിച്ച പിഴവാണ് പ്രശ്നങ്ങൾക്ക് കാരണം. ഫർണിഷിങ് പൂർത്തിയായി കുറച്ചുവർഷം കഴിഞ്ഞപ്പോള്‍ ഒരു രാത്രിയിൽ പടക്കം പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണർന്നു. മുകളിൽ കയറി നോക്കുമ്പോൾ ഒരു ഫ്ലോർ ടൈൽ പൊട്ടി പൊങ്ങിനിൽക്കുന്നതാണ് കണ്ടത്. പണി ചെയ്തയാളെ വിളിച്ച് പറഞ്ഞു. പക്ഷെ മാസങ്ങൾ കഴിഞ്ഞാണ് അവർ വന്നത്.
വന്നവർ വീണ്ടും ലേബർ ചാർജും മെറ്റീരിയൽ ചാർജും ചോദിച്ചു. ഞാൻ സമ്മിതിച്ചില്ല. അങ്ങനെ അവർ മടങ്ങി. അങ്ങനെയാണ് കൺസ്യൂമർ കോടതിയിൽ പരാതി കൊടുക്കുന്നത്. പിന്നീട് മറ്റിടങ്ങളിലെ ടൈലുകളും പൊട്ടിപ്പൊളിയാൻ തുടങ്ങി. വിടവുകളിൽക്കൂടി വെള്ളവും മറ്റും വരാനും തുടങ്ങി. എല്ലാ മുറികളിലെയും ടൈലുകൾ ഇളകുകയും നടക്കാൻ പോലും ബുദ്ധിമുട്ടാകുകയും ചെയ്തു.

അടുക്കളയിലെ കബോർഡുകൾ എല്ലാം നശിച്ചു. പരാതിപ്പെട്ടതോടെ കൺസ്യൂമർ കോർട്ട് കമ്മീഷനെ വെച്ചു. അവർ വന്ന് പരിശോധിച്ച് ടൈൽ സാംപിൾ ശേഖരിച്ച് കൊണ്ടുപോയി. ടൈൽ വിരിച്ച സമയത്തുണ്ടായ ഗുരുതരമായ പിഴവാണ് ഇതിനുകാരണമെന്നാണ് അവരുടെ കണ്ടെത്തൽ.
എന്റെ രണ്ട് മക്കളുടെയും വിവാഹം കഴിഞ്ഞു. അവർക്ക് കുട്ടികളുണ്ടായി. ആ കുട്ടികൾ ഈ വീട്ടിൽ ഒന്ന് മുട്ടിലിഴഞ്ഞിട്ടില്ല ഓടി നടന്നിട്ടില്ല. ഒരു പരിപാടികളും വീട്ടിൽ നടത്താൻ സാധിച്ചിട്ടില്ല. സിനിമാ കഥ പറയാൻ ആരെങ്കിലും വിളിച്ചാലും വീട്ടിലേക്ക് ക്ഷണിക്കാതെ ഹോട്ടലിൽ വെച്ച് കാണും. അർജുന്റെ കുഞ്ഞ് ഈ വീട്ടിൽ നിൽക്കാറില്ല. തമ്മനത്ത് അവന്റെ ഭാര്യയുടെ വീട്ടിലാണ് കുട്ടി. വല്ലപ്പോഴും കൊണ്ടുവരും വൈകാതെ തിരിച്ച് കൊണ്ടുപോകും.

എന്റേത് നല്ലൊരു വക്കീലായിരുന്നു. അദ്ദേഹം ഹാർഡ് വർക്ക് ചെയ്തതുകൊണ്ടാണ് വിജയം കിട്ടിയത്. കോടതി വിധി വന്നതിനാൽ വീട്ടിൽ വീണ്ടും അറ്റകുറ്റപണികൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് തീരുമാനം. ടൈൽ, കബോർഡ് തുടങ്ങിയവയെല്ലാം മാറ്റി വീട് വീണ്ടും പുതിയതുപോലെയാക്കി മാറ്റാൻ വീണ്ടും ഒരുപാട് പണം ചിലവഴിക്കേണ്ടി വരും എന്നാണ് ഹരിശ്രീ അശോകൻ തനിക്കുണ്ടായ ദുരനുഭവം പങ്കിട്ട് പറഞ്ഞത്.
വീടിന്റെ ഈ ശോചനീയാവസ്ഥ കാരണം പലപ്പോഴും വീട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ താൻ വീട്ടിൽ ഇല്ലെന്നു പറഞ്ഞ് മടക്കി അയക്കാറായിരുന്നുവെന്നും നടൻ പറഞ്ഞു. അതേസമയം വലിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ തനിക്ക് അനുകൂലമായി വിധിയെത്തിയതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഇനി വീട് ആദ്യം മുതൽ നന്നാക്കി പെയിന്റ് അടിച്ച് പാലുകാച്ചി അകത്തേക്ക് കയറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.
മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വിധി. മാത്രമല്ല നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവിനായി ഇരുപത്തയ്യായിരം രൂപയും നൽകണമെന്ന് വിധിച്ചു .
2014ലാണ് താരം എറണാകുളം ചെമ്പുമുക്കിൽ വീട് നിർമിച്ചത്. എറണാകുളത്തെ പി കെ ടൈൽ സെന്റർ, കേരള എ ജി എൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസാണ് അശോകൻ വാങ്ങിയത്. എൻ എസ് മാർബിൾ വർക്‌സിന്റെ ഉടമ കെ എ പയസിന്റെ നേതൃത്വത്തിലാണ് ടയൽസ് പണികൾ മുഴുവൻ ചെയ്തത് .











