കല്പനക്ക് ജീവിതത്തോട് വാശിയായിരുന്നു, ആരുടെയും മുൻപിൽ വിഷമം കാണിക്കില്ല; ഒരുപിടി ഗുളികകളാണ് ഒരു ദിവസം കഴിക്കുന്നത്; ആലപ്പി അഷറഫ്

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അന്തരിച്ച നടി കൽപ്പനയു‌ടെ മുൻ ഭർത്താവ് സംവിധായകൻ കൂടിയായ അനിൽ കുമാർ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. ഇപ്പോഴത്തെ ഭാര്യക്കൊപ്പമുള്ള അനിലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി ഈ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

നിർമാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തിയ അനിലിന്റേയും രണ്ടാം ഭാര്യയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിൽ വൈറലായത്. സംവിധായകൻ അനിൽ കുമാർ രണ്ടാമത് വിവാഹം ചെയ്‌തെന്ന കാര്യം ഈ ചിത്രങ്ങൾ പുറത്തു വന്നപ്പോഴാണ് പലരും അറിയുന്നത്.

അനിൽ കുമാർ-കൽപ്പന വിവാഹ ജീവിതത്തിലുണ്ടായ താളപ്പിഴകളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്. കൽപ്പനയുടെ സുഹൃത്തായിരുന്ന ആലപ്പി അഷ്റഫ് നടിക്കൊപ്പം നിരവധി സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്.

ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായപ്പോഴും കൽപ്പന അതേക്കുറിച്ചൊന്നും തുറന്ന് പറഞ്ഞിരുന്നില്ലെന്ന് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ കൂടി വ്യക്തമാക്കി. കൽപനയെ വിവാഹം ചെയ്ത് കൊണ്ട് വന്നത് തന്റെ നാടായ ആലപ്പുഴയിലേക്കാണ്. ഒരു വീട് വിലയ്ക്ക് വാങ്ങി അത് വീണ്ടും മോടി പിടിപ്പിച്ച് വലിയ സെറ്റപ്പിലായിരുന്നു അവരവിടെ കഴിഞ്ഞത് എന്നും ആലപ്പി അഷറഫ് ഓർക്കുന്നു.

താൻ അവരുടെ വീ‌ട്ടിൽ പോയിട്ടുണ്ട് എന്നും ആലപ്പി അഷറഫ് ഓർക്കുന്നു. ഒരിക്കൽ താൻ അവിടെ പോയി. കൽപ്പനയുടെ മകൾ ശ്രീമയിക്ക് അന്ന് മൂന്ന് വയസേയുള്ളൂ പ്രായം. മോളേ അങ്കിളിന്റെ കാൽ തൊട്ട് അനു​ഗ്രഹം വാങ്ങൂ എന്ന് കല്പന മകളോട് അന്ന് പറഞ്ഞു. ആ കുട്ടി തന്റെ കാൽ തൊട്ട് തൊഴുതു. ഏത് കലാകാരൻമാർ വന്നാലും അവരുടെ അനു​ഗ്രഹം തന്റെ മകൾക്കുണ്ടാകണമെന്ന് കൽപ്പന അന്ന് പറഞ്ഞു. അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ പല ​ഗുണങ്ങളും കൽപ്പന മകൾക്കും അന്നേ പകർന്ന് കൊടുത്തു.

അനിൽ കുമാറിനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള അനുഭവവും ആലപ്പി അഷറഫ് പങ്കു വെയ്ക്കുന്നു. ജ​ഗതി ശ്രീകുമാർ നിർമ്മിച്ച് അനിൽ കുമാർ സംവിധാനം ചെയ്ത ‘എല്ലാം മായാജാലം’ എന്ന കോമഡി സീരിയലുണ്ടായിരുന്നു. എസ്ഐയായി താനും ആ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. തനിക്ക് കൽപ്പനയുമായാണ് കോംബിനേഷൻ സീനുകൾ മുഴുവൻ. ആ സീരിയലിൽ അഭിനയിക്കുമ്പോൾ തങ്ങളൊക്കെ താമസിച്ച ഹോട്ടലിൽ കൽപ്പന പ്രത്യേക റൂമിലും അനിൽ വേറെ റൂമിലുമാണ് താമസിച്ചത് എന്നും ആലപ്പി അഷറഫ് ഓർക്കുന്നു.

ഇവരെന്താണ് ഒരുമിച്ച് ഒരു റൂമിൽ താമസിക്കാത്തതെന്ന് തന്റെ മനസിൽ പല പ്രാവശ്യം സംശയം തോന്നി. ഇവർ തമ്മിൽ അകൽച്ചയുണ്ടെന്ന് അന്നേ തനിക്ക് മനസിലായെന്ന് സംവിധായകൻ ആലപ്പി അഷറഫ് പറയുന്നു. എന്നാൽ പക്ഷെ വിവാഹ ജീവിതം വേർപിരിയലിൽ അവസാനിച്ചെങ്കിലും കൽപ്പന തളർന്നില്ല. മകൾക്കായി തന്റെ ജീവിതം മാറ്റി വെച്ചു.

പോയവർ പോട്ടെ, അതൊന്നും ഓർത്ത് താനിനി തളരില്ല. തന്റെ മകൾക്ക് വേണ്ടി താൻ പൂർവാധികം ശക്തിയോടെ വരും ഇക്കാ, എന്ന് ധൈര്യത്തോടെ കൽപ്പന പറഞ്ഞത് ഇന്നും ഓർക്കുന്നു എന്നും ആലപ്പി അഷറഫ് ചൂണ്ടിക്കാട്ടി. പിന്നീട് കൽപ്പനയ്ക്ക് വല്ലാത്തൊരു വാശിയായിരുന്നു ജീവിതത്തോട്.

കരഞ്ഞ് പിഴിഞ്ഞിരിക്കാൻ താൻ കണ്ണീർ സീരിയലിലെ നായികയല്ലെന്നും ഒരിക്കൽ കൽപ്പന തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് വ്യക്തമാക്കി. അമ്മയുടെ സഹോദരൻ എന്ന് പറഞ്ഞാണ് കൽപ്പന തന്നെ പരിചയപ്പെടുത്തിയിരുന്നത്. അത്രമാത്രം സ്നേഹം തന്നോട് കൽപ്പനയ്ക്കുണ്ടായിരുന്നു. എങ്കിൽ പോലും സ്വകാര്യ ദുഖങ്ങളൊന്നും കൽപ്പന തന്നോട് അധികം പറഞ്ഞിട്ടില്ലെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.

കൽപ്പന ഒരുപിടി ​ഗുളികളാണ് ഒരു ദിവസം കഴിക്കുന്നത്. ഒരുപാട് എണ്ണ പലഹാരങ്ങളും കഴിക്കും. ഇത് അനാരോ​ഗ്യകരമാണെന്ന് കല്പനയെ ഉപദേശിച്ചിരുന്നെന്നും ആലപ്പി അഷ്റഫ് ഓർത്തു.

അതേസമയം മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച കൽപ്പന. തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞു നിന്ന താരസഹോദരിമാരിൽ ഒരാൾ ആണ് കല്പന. ഇന്നും സഹോദരിമാരായ കലാരഞ്ജിനിയും ഉർവശിയും സിനിമകളിൽ സജീവമാണ്. കല്പന വിടപറഞ്ഞിട്ട് ഏഴ് വർഷം കഴിഞ്ഞെങ്കിലും അവതരിപ്പിച്ച നിരവധി വേഷങ്ങളിലൂടെ കൽപന ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായ കൽപ്പന, ഹാസ്യ വേഷങ്ങളിലൂടെയാണ് സ്വന്തമായ ഒരിടം കണ്ടെത്തുന്നത്. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളും സിനിമകളും കല്‍പ്പന സമ്മാനിച്ചിട്ടുണ്ട്.

സിനിമകളില്‍ വിജയിക്കാന്‍ സാധിച്ചെങ്കിലും ദാമ്പത്യ ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ നടി കല്പനയ്ക്ക് സാധിച്ചിരുന്നില്ല. മരിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് അനില്‍ കുമാറുമായി നടി ബന്ധം വേര്‍ പിരിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത കല്പനയുടെ ഭര്‍ത്താവിനെ കുറിച്ച് പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ശ്രദ്ധേയമായ കഥാപാത്രങ്ങൾ തുടരെ ലഭിച്ച് കൊണ്ടിരിക്കെയാണ് കൽപ്പന ലോകത്തോട് വിട പറയുന്നത്. കൽപ്പനയുടെ പാത പിന്തുടർന്ന് സിനിമാ രം​ഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് മകൾ ശ്രീമയി.