
നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
തനിക്കുണ്ടായ അതിക്രമം ചൂണ്ടിക്കാണിച്ച പരാതിക്കാരി എന്ന നിലയില്‍ തന്നെ സംരക്ഷിക്കുന്നതിന് പകരം സംഘടന പുറത്താക്കുകയാണ് ചെയ്തതെന്ന് സാന്ദ്ര പ്രതികരിച്ചിരുന്നു . ഇതിന് പിന്നിലെ സ്വാധീനം ആരുടേതാണെന്ന് സാന്ദ്ര തോമസ് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.
പവര്‍ ഗ്രൂപ്പ് എന്ന് എല്ലാവരും കരുതിയിരിക്കുന്നത് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എയിലെ താരങ്ങളെയാണ്. എന്നാല്‍ അത് തെറ്റിദ്ധാരണ ആണെന്നും പ്രൊഡ്യൂസ് അസോസിയേഷനിലാണ് പവര്‍ ഗ്രൂപ്പിലെ പ്രമുഖര്‍ ഉള്ളതൊന്നും സാന്ദ്ര തോമസ് പറയുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയിലെ ലൈവത്തോണ്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. ‘താനിതിന്റെ തുടക്കം മുതല്‍ പറയുന്നുണ്ട് എ എം എം എയിലുള്ള ആളുകളെ നമ്മള്‍ തെറ്റിദ്ധരിക്കുകയാണ്. എ എം എം എയിലുള്ള നടന്മാരും നടിമാരും ഏറ്റവും സ്വാധീനമുള്ളവരാണെന്ന് നമ്മള്‍ തെറ്റിദ്ധരിച്ചതാണ്.

അതിനേക്കാളും സ്വാധീനമുള്ളവരാണ് കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്പിഎ) എന്ന സംഘടനയില്‍ ഉള്ളത് എന്നും സാന്ദ്ര തോമസ് ചൂണ്ടി കാണിക്കുന്നു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പവര്‍ ഗ്രൂപ്പിലെ ഏഴോളം അംഗങ്ങള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ആണ് ഉള്ളത്. അവരുടെ സ്വാധീനത്തിന്റെ ബലത്തിലാണ് തന്നെ ഒതുക്കാന്‍ നോക്കുന്നത്.
മാക്ട പിളര്‍ന്ന് ഫെഫ്ക ആയപ്പോള്‍ സംഘടന തുടങ്ങാനുള്ള ഫണ്ട് ചെയ്തത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്. തന്നെ പുറത്താക്കണമെന്നും തനിക്കെതിരെ നടപടിയെടുക്കണമെന്നും പറഞ്ഞ് ഉറച്ച നിലപാടുമായി മുന്നില്‍ നിന്നത് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയാണ്. ബി ഉണ്ണികൃഷ്ണൻ ആണ് ഫെഫ്കയുടെ നിലവിലെ ജനറൽ സെക്രട്ടറി.
അങ്ങനെ നോക്കുമ്പോൾ സാന്ദ്ര തോമസിന്റെ ആരോപണം വിരൽ ചൂണ്ടുന്നത് ബി ഉണ്ണി കൃഷ്ണന് നേരെയാണ്. ഫെഫ്കയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വലിയൊരു പങ്കു വഹിക്കുന്നത്. ഇതെല്ലാം പ്രബലന്മാർക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്ന സിസ്റ്റമാണ് എന്നും സാന്ദ്ര തോമസ് ആരോപിക്കുന്നു.
തന്നെ പോലൊരു സ്ത്രീ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യുക എന്നത് നിസ്സാര കാര്യമല്ല എന്നും സാന്ദ്ര തോമസ് പറയുന്നു. മാത്രമല്ല തന്നെ മോശക്കാരി ആക്കാനും പുറത്താക്കാനുമൊക്കെ വലിയൊരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തന്നെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും തന്റെ ജീവന് തന്നെ ആപത്താണെന്നും എന്നാൽ പക്ഷെ താന്‍ അതിനെ ഒന്നും ഭയക്കുന്നില്ല എന്നും സാന്ദ്ര തോമസ് വ്യക്തമാക്കുന്നു.
ഈ ഭയത്തിനൊക്കെ മുകളില്‍ തന്റെ ആത്മാഭിമാനമാണ് വലുതെന്ന് താൻ വിശ്വസിക്കുന്നുവെന്നും സാന്ദ്ര തോമസ് പറയുന്നു. പവര്‍ഗ്രൂപ്പ് എന്ന വാക്കിനെ സിനിമയിലുള്ളവർ ഭയപ്പെടുന്നുണ്ട്. അത് തനിക്ക് മനസിലായി. ഭയപ്പെടുതുന്നവരെല്ലാം ആ പവര്‍ ഗ്രൂപ്പില്‍ ഉണ്ട് എന്നതാണ് അവരെയെല്ലാം മറ്റുള്ളവർ ഭയപ്പെടുന്നതിന്റെ ഏറ്റവും വലിയ കാരണം എന്നും സാന്ദ്ര തോമസ് പറയുന്നു.
“ലാലേട്ടനും മമ്മൂക്കയുമല്ല പവര്‍ ഗ്രൂപ്പ് എന്നും അവരുടെ മേല്‍ കുറ്റമാരോപിക്കുമ്പോഴും പുറത്തേക്ക് മുഖം കൊണ്ടു വരാതെ ഒളിഞ്ഞു നില്‍ക്കുന്ന ചിലരാണ് പവര്‍ഗ്രൂപ്പിനെ നിയന്ത്രിക്കുന്നതെന്നും അവിടെ ഇരുന്ന എല്ലാവര്‍ക്കും അത് വ്യക്തമാണ് “.
ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എ എം എം എയിലെ ഭാരവാഹികള്‍ സ്ഥാനമൊഴിയുകയാണ് ചെയ്തത്. നടന്‍ ദിലീപിനെതിരെ ആരോപണം വന്നപ്പോള്‍ എ എം എം എയില്‍ നടപടി ഉണ്ടായി. എന്നാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അദ്ദേഹം (ബി . ഉണ്ണികൃഷ്ണൻ ) തുടരുകയാണെന്നും’, സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈയടുത്തായി നൽകിയ മറ്റൊരു അഭിമുഖത്തിലും സാന്ദ്ര തോമസ് തന്റെ സിനിമയായ ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ വിതരണത്തില്‍ ഫിയോക്കിന്റേയും നിര്‍മ്മാതാക്കളുടെ സംഘടനയുടേയും ഭാഗത്തു നിന്നുമുണ്ടായ ഒറ്റപ്പെടുത്തലിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. പക്ഷെ അവർ അത് തനിക്കിട്ട് തന്ന പണിയല്ലയെന്നും ചിത്രത്തിൽ നായകൻ ആയെത്തിയ ഷെയിൻ നിഗമിനുള്ള പണി ആയിരുന്നു അതെന്നുമാണ് സാന്ദ്ര തോമസ് പറഞ്ഞത്. ലിറ്റിൽ ഹാര്‍ട്ട്‌സിന്റെ വിതരണം നടത്തിയിരുന്നത് ഫിയോക്ക് ആയിരുന്നു.
എന്നാല്‍ പക്ഷെ മതിയായ പോസ്റ്ററുകളോ പരസ്യങ്ങളോ ഈ ചിത്രത്തിന് ലഭിച്ചിരുന്നില്ല. പക്ഷെ സിനിമ റിലീസ് ആയ അന്ന് തന്നെ പണി പാളിയെന്ന് തനിക്ക് മനസിലായി എന്നും സാന്ദ്ര തോമസ് പറയുന്നു. ഷോ ടൈമിംഗ് തെറ്റി, പ്രധാനപ്പെട്ട നഗരങ്ങളിലൊന്നും ആ സിനിമയില്ല, എല്ലാവരും പടമില്ലേ എന്ന് ചോദിച്ച് വിളിക്കുന്നു. ആദ്യ ആഴ്ച തന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തിയിരുന്നു . 7 കോടിയോളം രൂപ മുതൽ മുടക്കിൽ ഇറക്കിയ ചിത്രം തിയറ്ററുകളിൽ ഓടാത്ത അവസ്ഥയായിരുന്നു . സിനിമയെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു .
അതുപോലെ സംവിധായകൻ വിനയനും മുൻപ് ബി. ഉണ്ണിക്കൃഷ്ണനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നിട്ടും പ്രതികരിക്കാതിരുന്ന ഫെഫ്‌ക ക്കെതിരെയും ബി ഉണ്ണിക്കൃഷ്ണനെതിരെയും വിമർശനങ്ങൾ ഉയർന്നപ്പോൾ എല്ലാം ആരോപണങ്ങളാണെന്നും ‘അമ്മ സംഘടന ഒരു ട്രേഡ് യൂണിയൻ ആക്കിമാറ്റണമെന്നും സിനിമയിൽ പവർ ഗ്രൂപ്പില്ലെന്നും നയാ രൂപീകരണ സമിതിയില്നിന്നും മാറില്ലെന്നും അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു . എന്നാൽ പിന്നീട് നയ രൂപീകരണ സമിതിയിൽ നിന്നും അദ്ദേഹം പിന്മാറേണ്ടി വന്നു .











