
17ആം വയസിൽ ആത്മഹത്യ ചെയ്‌ത മകൾ മീരയുടെ 18ആം ജന്മ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് തമിഴ് താരം വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. രാത്രി പതിവുപോലെ ഉറങ്ങാൻ മുറിയിലേക്ക് പോയ മീരയെ പുലര്‍ച്ചെ മൂന്നുമണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു . തുടര്‍ന്ന് അടുത്തുള്ള കാവേരി ആശുപത്രിയിലെത്തിയിൽ മീരയെ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മകളുടെ വേർപാടിന്റെ നടുക്കത്തിൽ നിന്നും ഇതുവരെ മോചിതനായിട്ടില്ല വിജയ് ആന്റണിയും കുടുംബവും. ഇപ്പോഴിതാ മകളുടെ ഓർമ്മകളെ കുറിച്ച് വിജയ് ആന്റണിയുടെ ഭാര്യയും നിർമ്മാതാവും ആയ ഫാത്തിമ വിജയ് ആന്റണി പങ്കുവച്ച ഒരു വൈകാരികമായ കുറിപ്പ് ആരാധകരിലും സങ്കടമുണർത്തുകയാണ്.

സിനിമാ ലോകത്തെ ഒട്ടാകെ ഞെട്ടിച്ചു കൊണ്ടായിരുന്നു വിജയ് ആന്റണിയുടെ മകൾ മീര വിജയ് ആന്റണി ആത്മഹത്യ ചെയ്തു എന്ന വാർത്ത പുറത്ത് വന്നത്. മരിക്കുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു മീര. മാനസിക സംഘർഷങ്ങളെ തുടർന്നാണ് മീര ആത്മഹത്യ ചെയ്തതെന്നാണ് പിന്നീട് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഈ ചെറുപ്രായത്തിൽ മീരയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം എന്താണെന്നു വ്യക്തമല്ല എങ്കിലും കുട്ടി ഡിപ്രഷനു ചികിത്സ തേടിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
വിജയ് ആന്റണിയുടെ ഭാര്യയും നിർമാതാവുമായ ഫാത്തിമ വിജയ് ആന്റണി തന്റെ എക്സ് അകൗണ്ടിലാണ് മകളെ കുറിച്ച് എഴുതിയത്. വായിക്കുന്നവരുടെ കരളലിയിക്കുന്ന കുറിപ്പ് തന്നെയാണ് ഫാത്തിമ മകളെക്കുറിച്ച് ഓർത്തുകൊണ്ട് കുറിച്ചിരിക്കുന്നത്.

‘ ഇപ്പോഴും തകർന്ന ഹൃദയത്തിന്റെ ഭാഗവുമായി മുന്നോട്ട് പോകാനുള്ള ശ്രമത്തിലാണ് താനെന്നാണ് ഫാത്തിമ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മീര നീ നല്ലതും വികൃതി നിറഞ്ഞതുമായ ഓർമ്മകൾ അവശേഷിപ്പിച്ചു. നിനക്ക് ഒരുപാട് പദ്ധതികൾ ഉണ്ടായിരുന്നു. എന്നാൽ ദൈവത്തിൻ്റെ പദ്ധതി മറ്റൊന്നായിരുന്നു. ഇന്ന് നിനക്ക് 18 വയസ് തികയുമ്പോൾ അമ്മ ഇപ്പോഴും ഹൃദയത്തിൻ്റെ തകർന്ന കഷണങ്ങൾ ശേഖരിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുകയാണ്. ജന്മദിനാശംസകൾ മീര വിജയ് ആൻ്റണി… മിസ് ഐ തങ്കം’ എന്നാണ് ഫാത്തിമ കുറിച്ചത്.
ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി ആരാധകർ ഫാത്തിമയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയിട്ടുണ്ട്. മകളുടെ മരണത്തിന് ശേഷം അവളുടെ പേര് കൂടി തന്റെ പേരിനൊപ്പം ഫാത്തിമ ചേർത്തിട്ടുണ്ട്. മുമ്പും മകളെ കുറിച്ചുള്ള കുറിപ്പുകൾ ഫാത്തിമ പങ്കുവെച്ചിട്ടുണ്ട്. മകളുടെ ഓർമകൾ വരുമ്പോൾ ഇടയ്ക്ക് അവളുടെ ചിത്രങ്ങളും കുറിപ്പും ഫാത്തിമ പങ്കുവെക്കാറുണ്ട്. മീരയെ കൂടാതെ ലാറ എന്നൊരു മകൾ കൂടി ഫാത്തിമയ്ക്കും വിജയ് ആന്റണിക്കുമുണ്ട്.











