തെലുങ് ജനതക്കെതിരായ വിവാദ പരാമർശം; നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

തമിഴ് നാട്ടിലെ തെലുങ്ക് സമുദായത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ തെന്നിന്ത്യന്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ നടി കസ്തുരി ഒളിവിലാണ്. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.

നവംബര്‍ 3 ന് ചെന്നൈയില്‍ നടന്ന ഒരു ബ്രാഹ്‌മണ സംഗമത്തില്‍ സംസാരിക്കവെ ആയിരുന്നു കന്നഡികർക്കെതിരെ കസ്തൂരിയുടെ വിവാദ പരാമർശം . ” 300 വർഷങ്ങൾക്ക് മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപുരത്തില്‍ പരിചാരകായി സേവിക്കാന്‍ വന്ന സ്ത്രീകളുടെ പിന്മുറക്കാരാണ് തെലുങ്കർ” എന്നായിരുന്നു കസ്തുരി ശങ്കറിന്റെ പരാമർശം. തമിഴ്നാട്ടിൽ തെലുങ്ക്  സംസാരിക്കുന്ന ആളുകളെ പറ്റിയാണ് കസ്തുരി പരാമർശിച്ചത്.

എന്നാൽ പക്ഷെ “തെലുങ്ക് ജനത ഇപ്പോള്‍ തമിഴ് വംശത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുന്നു” എന്നായിരുന്നു കസ്തൂരി ശങ്കർ ആ പൊതുപരിപാടിക്കിടെ പറഞ്ഞത്. തമിഴ്നാട്ടിലെ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി സംഘടിപ്പിച്ച പൊതുയോഗത്തിൽ ആണ്‌ കസ്തുരി ഈ വിവാദ പരാമർശം നടത്തിയത്. കസ്തുരിയുടെ ഈ പരാമർശം വലിയ വിവാദമായി മാറിയിരുന്നു.

കസ്തുരിയുടെ അപകീർത്തികരമായ പരാമർശത്തിന് എതിരെ കടുത്ത പ്രതിഷേധമാണ് തെലുങ്ക് ജനതയിൽ നിന്നും ഉയർന്നു വന്നത്. കസ്തുരിയുടെ പരാമർശം പിൻവലിച്ച് കസ്തൂരി മാപ്പ് പറയണമെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകർ റെഡ്ഢി ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ വസ്തുതകൾ ആണ് പറഞ്ഞതെന്നും തമിഴ് പറഞ്ഞു വോട്ടു തേടുന്നവരുടെ ചരിത്രം ഓർമിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ എന്നും കസ്തൂരി വിശദീകരിച്ചു. തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത് ഡിഎംകെ സര്‍ക്കാരാണെന്നും കസ്തൂരി കുറ്റപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെ തെലുങ്കരെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കസ്തൂരി ശങ്കർ വിശദീകരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതോടെ തന്റെ അഭിപ്രായങ്ങള്‍ ചില വ്യക്തികളെ ഉദ്ദേശിച്ചാണെന്നും തെലുങ്ക് സമൂഹത്തിന് എതിരല്ലെന്നും വ്യക്തമാക്കി കസ്തൂരി മാപ്പ് പറഞ്ഞിരുന്നു.

‘തന്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നു. തെലുങ്ക് വംശജരെ താൻ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത് എന്നും പറഞ്ഞു’. വിവാദത്തെ തുടർന്ന് ചെന്നൈയിലും മധുരയിലും കസ്തൂരിയ്‌ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് കസ്തൂരിയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇവരുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമൻസ് നൽകാൻ എഗ്മൂർ പൊലീസ് പോയസ് ഗാർഡനിലെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലാണ് കണ്ടത്. ഇവരുടെ മൊബൈൽ ഫോണും സ്വിച്ചിക് ഓഫാണ്. കസ്തൂരി പിന്നീട് ഒളിവിലും ആയിരുന്നു .

നായിഡു മഹാജന സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനഗര്‍ പൊലീസ് സെക്ഷന്‍ 196(1)(എ), 197(1)(സി), 296(ബി), 352, 353(3) എന്നിവയ്ക്കൊപ്പം ഐടി നിയമം സെക്ഷന്‍ 196(1)(എ), 197(1)(സി), 352, 353(3) എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിരുന്നു.

ഈ കഴിഞ്ഞ ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ, നടി കസ്തുരിയുടെയും പരാമര്‍ശങ്ങള്‍ തികച്ചും അനാവശ്യമാണെന്നും തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരെ കസ്തൂരി സംസാരിക്കുന്നത് ഒഴിവാക്കണമായിരുന്നുവെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. രാഷ്ട്രീയ നിരൂപകയാണെന്ന് അവകാശപ്പെടുന്ന കസ്തൂരി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു.

കസ്തൂരിയുടെ മാപ്പപേക്ഷയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണ് എന്നും സംസ്ഥാന ഭരണകൂടത്തിന്റെ അസഹിഷ്ണുതയും പ്രതികാര മനോഭാവവും അങ്ങേയറ്റം ക്രൂരമാണെന്നും കസ്തൂരി തന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ പേരില്‍ സമൂഹത്തില്‍ കലാപമോ പ്രകോപനമോ ഉണ്ടായിട്ടില്ലെന്നും മറിച്ച്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലുട നീളമുള്ള തെലുങ്ക് ജനതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കസ്തൂരി അവകാശപ്പെട്ടിരുന്നു.

തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരെ എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുന്നതെന്ന് കസ്തൂരിയോട് കോടതി ചോദിച്ചു. എന്നാല്‍ പരാമര്‍ശം തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരായല്ലെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പൊതുവായ പ്രസ്താവനയാണെന്നുമായിരുന്നു കസ്തൂരിയുടെ മറുപടി. തെലുങ്ക് സ്ത്രീകളുടെ സ്വഭാവത്തെയോ സദാചാരത്തെയോ കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല എന്നും കസ്തൂരി പറഞ്ഞു. പരാമര്‍ശങ്ങള്‍ വസ്തുതാപരമായ രീതിയിലാണെന്നും നടി വാദിച്ചു.

എന്നാല്‍ കസ്തൂരിയുടെ ജാമ്യാപേക്ഷയെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. അയല്‍സംസ്ഥാനങ്ങളായ കേരളവുമായും കര്‍ണാടകവുമായും തമിഴ്നാട് പ്രക്ഷുബ്ധമായ ബന്ധം പുലര്‍ത്തുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്രസംഗം അനുവദിച്ചാല്‍ അത് ബാക്കിയുള്ള അയല്‍ സംസ്ഥാനങ്ങളുമായുള്ള സംസ്ഥാനത്തിന്റെ യോജിപ്പിനെ ബാധിക്കുമെന്നും പ്രതിഭാഗം പറഞ്ഞു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ നടിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചു . കസ്തൂരിക്കെതിരെ വിവിധ വനിത സംഘടനകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം ഇതാദ്യമായിട്ടല്ല കസ്തുരിയുടെ പേരിൽ ഇത്രയും വലിയ കോലാഹലങ്ങൾ ഉണ്ടാകുന്നത്. പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടുന്ന നടിയാണ് കസ്തൂരി സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. സിനിമകളിലൂടെ നേടിയതിനേക്കാള്‍ ജനശ്രദ്ധ വിവാദങ്ങളിലൂടെയാണ് കസ്തൂരിക്ക് ലഭിച്ചത് എന്ന് പറയാം.

ബിഗ് ബോസ് തമിഴിന്റെ കഴിഞ്ഞ സീസണിനെതിരെ ന‌ടി സംസാരിച്ചതാണ് വിവാദത്തിന് കാരണമായത്. ഷോ കാണാറുണ്ടോ എന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കസ്തുരി. ബിഗ്‌ബോസ് കാണാറില്ലെന്ന് മറുപടി നല്‍കിയ കസ്തുരി ഇതിന്റെ കാരണവും വിശദീകരിച്ചു. കുറേ ആളുകളെ ഒരു വീട്ടിലാക്കി അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഫീലിംഗ്സ് കാണാൻ തനിക്ക് താല്‍പര്യമില്ല. അത്തരം ഷോകള്‍ താൻ ശ്രദ്ധിക്കാറില്ല. തനിക്കതിന് സമയം ഇല്ല. കുടുംബവും ജോലിയും ഉത്തരവാദിത്തങ്ങളുമുണ്ടെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.

എന്നാൽ പക്ഷെ  കസ്തൂരിയുടെ വാക്കുകള്‍ സോഷ്യൽ മീഡിയ രൂക്ഷമായി വിമർശിച്ചു . എന്തെന്നാൽ ബിഗ് ബോസ്‌ തമിഴിന്റെ മൂന്നാം സീസണില്‍ കസ്തൂരിയും മത്സരാര്‍ത്ഥിയായി എത്തിയതാണ്. 63ാം ദിവസമാണ് ന‌ടി പുറത്തായത്. ഷോയില്‍ പങ്കെ‌ടുത്ത് പണവും വാങ്ങിപ്പോയ കസ്തൂരി ഇപ്പോള്‍ ഇങ്ങനെ പറയുന്നതെന്തിനാണെന്ന് ചോദിച്ചാണ് അന്ന് കസ്തുരിക്ക് നേരെ വന്ന കുറ്റപ്പെടുത്തലുകള്‍. എന്നാൽ പക്ഷെ ഇത്തരത്തിൽ ഉള്ള വിമർശനങ്ങൾ ഒന്നും കസ്തുരിയെ ബാധിക്കാറില്ല . എന്നാൽ ഇത്തവണ പണി പാളി. കസ്തുരിക്ക് എതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നു വരുന്നത്. രംഗം ശാന്തമാക്കാൻ കസ്തുരി നന്നായി തന്നെ വിയർക്കേണ്ടി വരും.

അനിയന്‍ ബാവ ചേട്ടന്‍ ബാവ ഉള്‍പ്പെടെ നിരവധി മലയാള സിനിമകളില്‍ വേഷമിട്ട കസ്തൂരി തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ നായികയായും അഭിനയിച്ചിട്ടുണ്ട്. തമിഴ് ബിഗ്‌ബോസിൽ മത്സരാർത്ഥി ആയും കസ്തുരി എത്തിയിരുന്നു.