
വിവാദങ്ങൾക്കിടെ നയൻതാരയുടെ ജീവിത കഥ പറയുന്ന നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ പുറത്ത് വന്നിരിക്കുകയാണ്. ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ടുള്ള വക്കീൽ നോട്ടീസ് പുറത്ത് വന്നതിന് പിന്നാലെയാണ് ഡോക്യുമെന്ററി പുറത്ത് വന്നിരിക്കുന്നത്.
തന്റെ ജീവിതത്തിൽ ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയാത്ത കാര്യങ്ങൾ നയൻതാര ഡോക്യുമെന്ററിയിൽ തുറന്ന് പറയുന്നുണ്ട്. പ്രഭുദേവയുമായുള്ള പ്രണയവും പ്രണയത്തകർച്ചയുമാണ് നയൻതാരയുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്. പ്രഭുദേവയെ വിവാഹം ചെയ്ത് ജീവിക്കാൻ തീരുമാനിച്ച നയൻതാര സിനിമാ കരിയർ വിടാനും തയ്യാറായി.
‘സീത രാമ രാജ്യം’ എന്ന തെലുങ്ക് ചിത്രം തന്റെ അവസാന സിനിമയാണെന്ന് നയൻതാര പ്രഖ്യാപിച്ചതുമാണ്. എന്നാൽ പ്രഭുദേവയുമായുള്ള ബന്ധം മുന്നോട്ട് പോയില്ല. മാനസികമായി തകർന്ന നയൻതാര കുറച്ച് കാലം കരിയറിൽ നിന്നും മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവും നടത്തി. ഇപ്പോഴിതാ പ്രഭുദേവയുമായുള്ള ബന്ധത്തിൽ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നയൻതാര. ബന്ധത്തിലായ ശേഷം തന്നോട് കരിയർ വിടാൻ പ്രഭുദേവ ആവശ്യപ്പെട്ടെന്ന് നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നു.

ആദ്യമായാണ് നയൻതാര ഇക്കാര്യത്തിൽ മനസ് തുറക്കുന്നത്. ‘അവസാന ദിവസത്തെ ഷൂട്ടിംഗ് എനിക്ക് മറക്കാനാകില്ല. ആ ഇമോഷൻ എനിക്ക് വിശദീകരിക്കാനാകില്ല. ഞാൻ വല്ലാതായി. ഞാൻ പോലുമറിയാതെ കരഞ്ഞു. ഞാൻ ഒരുപാട് സ്നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷൻ വിട്ട് കൊടുക്കേണ്ടി വന്നപ്പോൾ അതിനേക്കാൾ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാൻ ഇൻഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷൻ അല്ലായിരുന്നു. നിനക്കിനി വർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു.
എന്ത് തരം ആളുകൾക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങൾക്ക് മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ്. അതെന്നെ പൂർണമായും തകർത്തുവെന്നാണ് നയൻതാര പറയുന്നത്. ഞാനല്ല പ്രശ്നമെന്ന് മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് അവർ മനസിലാക്കുമെന്ന് താൻ ചിന്തിച്ചെന്നും നയൻതാര വ്യക്തമാക്കി.
ജീവിതത്തിൽ പിഴവുകൾ പറ്റുന്നതും അതിൽ ഖേദിക്കുന്നതും ഓക്കെയാണ്. ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ജീവിതത്തിലെ കുറച്ച് വർഷങ്ങൾ നഷ്ടപെടില്ലായിരുന്നുവെന്നും പക്ഷെ അതിൽ കുഴപ്പമില്ലെന്നും നയൻതാര വ്യക്തമാക്കി’. പ്രഭുവേദയുമായി അകന്ന ശേഷം കരിയറിൽ നിന്നും വിട്ട് നിന്ന നയൻതാരയ്ക്ക് മുൻനിര നായിക സ്ഥാനവും നഷ്ടമായിരുന്നു.
എന്നാൽ രാജറാണി’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് താരം നടത്തി. ലേഡി സൂപ്പർസ്റ്റാറായി മാറുന്നതും തിരിച്ച് വരവിലാണ്. അതേസമയം ഒരു ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ചർച്ചാ വിഷയമായിരുന്നു നയൻതാരയുടെ ജീവിതം. ചിമ്പു, പ്രഭുദേവ എന്നിവരുമായുള്ള പ്രണയം വലിയ തോതിൽ ചർച്ചയായി. പ്രഭുദേവയുമായുണ്ടായ ബന്ധമുണ്ടാക്കിയ വിവാദം ചെറുതല്ല. ഈ ബന്ധം അവസാനിപ്പിക്കുമ്പോൾ നയൻതാരയുടെ മനസ് തകർന്നിരുന്നു.

പല തരത്തിലുള്ള കഥകളാണ് അന്ന് നയൻതാര പ്രഭുദേവ ബന്ധം തകരാൻ കാരണമായി സിനിമ ലോകത്ത് ചർച്ച ചെയ്യപ്പെട്ടത്. വിജയ്-നയൻതാര ചിത്രം വില്ലിന്റെ സംവിധായകനായിരുന്നു പ്രഭുദേവ. ഷൂട്ടിംഗിനിടെയാണ് ഇദ്ദേഹം നയൻതാരയുമായി അടുക്കുന്നത്. പ്രഭുദേവ അന്ന് മറ്റൊരു സ്ത്രീയുടെ ഭർത്താവാണ്. ഈ ബന്ധത്തിൽ മക്കളുമുണ്ട്. എന്നാൽ നയൻതാര ഇതൊന്നും കാര്യമാക്കിയില്ല. പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ നടി തീരുമാനിച്ചു. പ്രഭുദേവയുടെ മൂത്ത മകൻ കാൻസർ ബാധിച്ച സമയമായിരുന്നു അത്. ഏറെ വിഷമം നേരിടുന്ന ഘട്ടത്തിലാണ് പ്രഭുദേവ നയൻതാരയുമായി അടുക്കുന്നത്.
എന്നാൽ ഇരുവരുടെയും ബന്ധത്തിനെതിരെ പ്രഭുദേവയുടെ അന്നത്തെ ഭാര്യ റംലത്ത് രംഗത്ത് വന്നു. നയൻതാരയെ നേരിട്ട് കണ്ടാൽ ചെരുപ്പ് കൊണ്ടടിക്കുമെന്ന് അവർ തുറന്നടിച്ചു. കുടുംബം തകർത്ത നടിയെന്ന ആക്ഷേപം നയൻതാരയ്ക്ക് കേൾക്കേണ്ടി വന്നു. എന്നാൽ നടി ബന്ധത്തിൽ ഉറച്ച് നിന്നു. റംലത്തുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ പ്രഭുദേവ തയ്യാറായി. വൻ തുക ജീവനാംശമായി പ്രഭുദേവ നൽകി. മക്കളുടെ കാര്യങ്ങളും ഏറ്റെടുത്തു.
എന്നാൽ അപ്പോഴേക്കും നയൻതാര-പ്രഭുദേവ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്ത് തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം വിവാഹം ചെയ്തില്ലെങ്കിലും നയൻതാരയും പ്രഭുദേവയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിരുന്നു. പ്രഭുദേവയുമായി മുന്നോട്ടുള്ള ജീവിതം സാധ്യമല്ലെന്ന് ഒരു ഘട്ടത്തിൽ നയൻതാര മനസിലാക്കി. അന്നും കോടികൾ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. പ്രഭുദേവയ്ക്ക് വേണ്ടി നയൻതാര വല്ലാതെ പണം ചെലവഴിച്ചു. എന്നാൽ പ്രഭുദേവയ്ക്കും എന്നും ഏറ്റവും പ്രിയപ്പെട്ടവർ തന്റെ മക്കളായിരുന്നു.
മക്കളോട് പ്രഭുദേവ കാണിക്കുന്ന അടുപ്പം നയൻതാര ശ്രദ്ധിച്ചു. പ്രഭുദേവയുമായുള്ള ബന്ധം കാരണം നയൻതാരയുടെ പ്രതിച്ഛായ്ക്ക് വലിയ പേരുദോഷമുണ്ടായി. വിവാഹേതര ബന്ധമെന്ന പേരിൽ ആക്ഷേപങ്ങളും കേട്ടു. കരിയറിലെ തിരക്കേറിയ സമയത്താണ് സിനിമകൾ വേണ്ടെന്ന് വെച്ച് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ നയൻതാര തയ്യാറാകുന്നത്.
ഇത്രയൊക്കെ ത്യാഗം സഹിച്ചിട്ടും അർഹിച്ച പരിഗണന പ്രഭുദേവയിൽ നിന്നും തനിക്ക് ലഭിക്കുന്നില്ലെന്ന് തോന്നിയതോടെ നയൻതാര ബന്ധം ഉപേക്ഷിച്ചു. അപ്പോഴേക്കും സിനിമാ രംഗത്തെ മുൻനിര സ്ഥാനം നടിക്ക് നഷ്ടപ്പെട്ടിരുന്നു. മാനസികമായി തകർന്ന നയൻതാര ഒരു വർഷത്തോളം ലൈം ലൈറ്റിൽ നിന്നും മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവ് നടത്തി.
മറുവശത്ത് പ്രഭുദേവ ചെന്നെെയിൽ നിന്നും മാറി മുംബൈ സിനിമാ ലോകത്ത് ശ്രദ്ധ കൊടുത്തു. അതേസമയം പഴയ താരപ്രഭ ഇന്ന് പ്രഭുദേവയ്ക്കില്ല. എന്നാൽ നയൻതാര താര റാണിയായി ഇന്നും സിനിമാ ലോകത്ത് നിൽക്കുന്നു. പ്രഭുദേവ ബന്ധം തകർന്ന ശേഷം ഇതുവരെയും നയൻതാരയെക്കുറിച്ച് സംസാരിച്ചിട്ടില്ല.
അതേസമയം സിനിമാലോകത്തെ ചൂടുപിടിച്ച ചർച്ചയായിരിക്കുകയാണ് നയൻതാര – ധനുഷ് തർക്കം. ലേഡി സൂപ്പർസ്റ്റാറിന് പിന്തുണയുമായി നസ്രിയ, പാർവ്വതി തിരുവോത്ത്, ശ്രുതി ഹാസൻ തുടങ്ങിയവരുമെത്തിയിരുന്നു.











