
സീരിയൽ രംഗത്ത് സെൻസറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട് എന്നും സമൂഹത്തിൽ നല്ല സന്ദേശങ്ങളെത്തിക്കാൻ സീരിയലുകൾ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്നും പി സതീദേവി പറഞ്ഞു.
മെഗാ സീരിയൽ നിരോധിക്കണം എന്ന വനിതാ കമ്മീഷന്റെ റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നും 2017 – 18 കാലത്താണ് അത്തരമാെരു റിപ്പോർട്ട് നൽകിയത്. സീരിയിലുകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികൾ ലഭിച്ചതായും സതീദേവി പറഞ്ഞു. വർഷം തോറും മൂന്ന് പ്രധാനപ്പെട്ട റിപ്പോർട്ടുകൾ വനിതാ കമ്മീഷൻ സർക്കാരിന് നൽകാറുണ്ട്. ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട് താൻ അധ്യക്ഷയായ കാലത്തുള്ളത് അല്ലെന്നും പരിശോധിച്ച ശേഷം അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാമെന്നും സതീദേവി പറഞ്ഞു.

സീരിയിലുകളുടെ പിന്നിൽ പ്രവർത്തിക്കുന്ന നടിമാർ ഉൾപ്പെടെ നിരവധി പേരുടെ പരാതികൾ വനിതാ കമ്മീഷന് മുൻപിൽ വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷം ഒരു പബ്ലിക് ഹിയറിംഗ് വനിത കമ്മീഷൻ നടത്തിയിരുന്നു. തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ മേഖലയിലെ സുരക്ഷിതത്വം, സേവന വേതന വ്യവസ്ഥകൾ എല്ലാം അവിടെ ചർച്ച ചെയ്തിരുന്നു. അതിന്റെ റിപ്പോർട്ട് സർക്കാരിന് കൊടുത്തതായും സതീദേവി പറഞ്ഞു.
ചില സീരിയലുകൾ സമൂഹത്തിൽ നല്ല സന്ദേശങ്ങളല്ല നൽകുന്നത്. കുട്ടികളിൽ അടക്കം തെറ്റായ സന്ദേശം കൊടുക്കാൻ ഇടവരുത്തുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളും കാണുന്നുണ്ട് . അത് കൊണ്ട് തന്നെ സീരിയലുകൾക്ക് സെൻസറിംഗ് അനിവാര്യമാണ്. അത് സമൂഹത്തിന് നല്ല സന്ദേശം നൽകും.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയ തോതിൽ ചിത്രീകരിക്കുന്ന അവസ്ഥ സമൂഹത്തിന് ഗുണകരമാണോ എന്നതും പരിശോധിക്കണമെന്ന് സതീദേവി പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് നടത്തിയ ഹിയറിങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി പങ്കെടുത്തു. തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍, സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഹിയറിങ്ങില്‍ കേട്ടിരുന്നു.
ആത്മ, ഫെഫ്ക തുടങ്ങിയ സംഘടനയുടെ പ്രതിനിധികള്‍ പ്രമുഖ സീരിയല്‍ നടീനടന്‍മാര്‍ തുടങ്ങി നൂറിലധികം പേര്‍ ഹിയറിങ്ങില്‍ പങ്കെടുത്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്, സതീദേവി കൂട്ടിച്ചേര്‍ത്തു.
അതേ സമയം, മലയാള ടെലിവിഷൻ സീരിയൽ കഥകൾ എപ്പിസോഡുകൾ എന്നിവ സംപ്രേഷണം ചെയ്യും മുൻപ് സെൻസർ ബോർഡിന്റെ പരിശോധന ആവശ്യമാണെന്നായിരുന്നു വനിതാ കമ്മീഷന്റെ 2017 – 18 ൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട്. മെഗാ പരമ്പരകൾ നിരോധിച്ച് എപ്പിസോഡുകൾ 20 മുതൽ 30 വരെയായി കുറയ്ക്കണമെന്നും ഒരു ദിവസം ഒരു ചാനലിൽ രണ്ട് സീരിയൽ മതിയെന്നും പുനസംപ്രേഷണം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു .

എന്നാൽ സീരിയലുകളുടെ സെന്‍സറിങ് നിലവിലെ സിനിമാ സെന്‍സര്‍ ബോര്‍ഡിനെ ഏല്‍പ്പിക്കുകയോ പ്രത്യേകബോര്‍ഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാകമ്മിഷന്റെ പഠനറിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13 മുതൽ 19 വയസ്സ് വരെ പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങള്‍ വിലയിരുത്തിയാണ് കമ്മിഷന്‍ ഇതേക്കുറിച്ച് പഠിച്ചത്.
പരമ്പരകളില്‍ തെറ്റായ സന്ദേശമുണ്ടെന്ന് 43 ശതമാനംപേര്‍ കുറ്റപ്പെടുത്തി. സീരിയലുകളുടെ പ്രമേയത്തില്‍ മാറ്റംവരുത്തണമെന്ന് 57 ശതമാനം പേരും ആവശ്യപ്പെട്ടു. അസാന്മാര്‍ഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നതായും പഠനം കണ്ടെത്തി.
കേന്ദ്രകഥാപാത്രമാകുന്ന സ്ത്രീകള്‍ മിക്കപ്പോഴും നെഗറ്റീവ് റോളിലാണ്. യാഥാര്‍ഥ്യബോധമുള്ള കഥകള്‍ കുറവാണ്. ഇത്തരത്തിലുള്ള സീരിയലുകള്‍ സംപ്രേഷണംചെയ്യുന്നത് കുടുംബങ്ങളെയും കുട്ടികളെയും ബാധിക്കുന്നു. 2017 മുതല്‍ 2022 വരെയാണ് വിവിധ മേഖലകളിലെ പ്രശ്‌നങ്ങളെപ്പറ്റി കമ്മിഷന്‍ പഠിച്ചത്.











