ഒരു വനിത മാസികയാണ് നയൻതാരയുടെ ജീവിതം മാറ്റിമറിച്ചത്; നയൻതാരയെ കുറിച്ച് സത്യൻ അന്തിക്കാട്

നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്കുമെന്ററി നയൻ‌താര ബീയോണ്ട് ദി ഫെയറി ടൈൽ ഇന്നലെയാണ് നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങിയത്. നടിയുടെ 40 ആം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഡോകളുമെന്ററിയും പുറത്തു വന്നത്.

ഡയാന മറിയം കുര്യനില്‍ നിന്നും നയന്‍താരയെന്ന നടിയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഡോക്യുമെന്ററിയാണ് പുറത്തിറക്കിയിരിക്കുന്നത്. നയന്‍താരയുടെ അമ്മയും സിനിമയിലെ സുഹൃത്തുക്കളുമായി നിരവധി ആളുകള്‍ നടിയെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി എത്തിയിരുന്നു.

കൂട്ടത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ‘മനസ്സിനക്കരെ’ എന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിലാണ് നയന്‍താര ആദ്യമായി അഭിനയിക്കുന്നത്. സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ടും താല്പര്യമില്ലെന്നാണ് നടി ആദ്യം തന്നോട് പറഞ്ഞതെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ഡോക്യുമെന്ററിയിൽ സത്യൻ അന്തിക്കാട് പറയുന്നത് ഇങ്ങനെയാണ്.

‘ചില കാര്യങ്ങള്‍ മനുഷ്യന്‍ തീരുമാനിക്കും, മറ്റ് ചിലത് ദൈവമോ മറ്റേതെങ്കിലും അദൃശ്യ ശക്തിയോ ആകും തീരുമാനിക്കുക. അങ്ങനെ ദൈവം തീരുമാനിച്ചതാണ് സിനിമയിലേക്കുള്ള നയന്‍താരയുടെ വരവ് എന്നാണ് എനിക്ക് തോന്നുന്നത്.

പത്തിരുപത് വര്‍ഷത്തിനുശേഷം നമ്മള്‍ പുറകോട്ടു നോക്കുമ്പോള്‍ നയന്‍താരയുടേത് അതിശയകരമായ കടന്നു വരവായിരുന്നു. ‘മനസ്സിനക്കരെ’ എന്ന സിനിമ ഷീലയുടെ ഒരു തിരിച്ചുവരവായി ഹൈലൈറ്റ് ചെയ്യപ്പെട്ട് നിര്‍മ്മിച്ച സിനിമയാണ്. അതുകൊണ്ട് തന്നെ നായിക പുതുമുഖം മതിയെന്ന് തീരുമാനിച്ചിരുന്നു. അങ്ങനൊരു ദിവസം വനിതാ മാസിക കാണാനിടയായി.

അതിലൊരു പരസ്യത്തില്‍ ശലഭസുന്ദരിയെ പോലെ ഭയങ്കര ആത്മവിശ്വാസം തോന്നുന്ന പെണ്‍കുട്ടിയെ കണ്ടു. അതിനു മുന്‍പ് അവരെ കണ്ടിട്ടുമില്ല. ഞാന്‍ വനിതയുടെ എഡിറ്ററായ മണര്‍ക്കാട് മാത്യുവിനെ വിളിച്ചു. തിരുവല്ലയില്‍ ഉള്ള കുട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ആ കുട്ടിയുടെ വിവരങ്ങളും തന്നു. അങ്ങനെ ഞാന്‍ ആദ്യമായി നയന്‍താരയെ വിളിക്കുന്നു.

ഡയാന എന്നായിരുന്നു അവളുടെ പേര്. ശരിക്കും അന്ന് ഡയാന ഷോക്കായി പോയിക്കാണും. കാരണം ഞാന്‍ സത്യന്‍ അന്തിക്കാടാണ് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സാറിനെ അങ്ങോട്ടേക്ക് തിരിച്ചു വിളിക്കട്ടെ എന്ന് പറഞ്ഞ് ഡയാന ആ ഫോണ്‍ കട്ട് ചെയ്തു.

പിന്നീട് പുലര്‍ച്ചെ മൂന്നുമണിക്ക് എനിക്കൊരു കോള്‍ വരുന്നു. ആ സമയത്ത് ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. സിനിമയുടെ കാര്യങ്ങള്‍ പറഞ്ഞശേഷം നാളെ നേരിട്ട് വരാന്‍ ഞാന്‍ അവരോട് പറഞ്ഞു. ‘സോറി സര്‍, എനിക്ക് അഭിനയിക്കുന്നതില്‍ താല്പര്യമില്ലെന്നും എന്റെ കുറച്ച് കസിന്‍സ് അഭിനയിക്കണ്ടെന്ന് പറഞ്ഞതായിട്ടും  ഡയാന എന്നോട് പറഞ്ഞു.

ഇതിനു മറുപടിയായി ഞാന്‍ പറഞ്ഞത്, ഡയാന ഇപ്പോള്‍ ചെയ്തത് രണ്ടു തെറ്റാണ്. ഒന്ന് എന്നെ മൂന്നുമണിക്ക് വിളിച്ചുണര്‍ത്തി, രണ്ടാമത് സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. അഭിനയിക്കുന്നത് ഇഷ്ടമാണോന്ന് ചോദിച്ചപ്പോള്‍ ഇഷ്ടമാണെന്ന് അവര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ വന്നു നോക്ക് രണ്ടുദിവസം ഷൂട്ടിംഗ് ഒക്കെ എങ്ങനെയാണെന്ന് കാണാമെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെ ഡയാന ലൊക്കേഷനില്‍ എത്തിയെങ്കിലും കുറച്ചു ദിവസം അവരെ അഭിനയിപ്പിച്ചില്ല. ഷീലയും ജയറാമുമൊക്കെ അഭിനയിക്കുമ്പോള്‍ ഒപ്പം നിന്ന് കാണും. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ‘ഞാന്‍ എപ്പോഴാണ് അഭിനയിച്ചു തുടങ്ങേണ്ടതെന്ന് ഡയാന ഇങ്ങോട്ട് ചോദിച്ചു.

അങ്ങനെയാണ് അവര്‍ ആദ്യമായി അഭിനയിച്ചതെന്നാണ് നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്’.

അതേസമയം പല അഭിമുഖങ്ങളിലും നയൻതാരയുടെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. മനസ്സിനക്കരെയില്‍ നയന്‍താര വരുമ്പോള്‍ ഇത്ര വലിയ സ്റ്റാറാകുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല എന്നാണ് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ നയന്താരയെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത്.

അന്ന് അച്ഛന്റെയും അമ്മയുടെയും കൂടെയാണ് എന്നെ കാണാന്‍ വന്നതെന്നും വലിയ അഭിനയമോഹമൊന്നും കൊണ്ടുനടക്കുന്ന ആളല്ല എന്ന് കണ്ടപ്പോള്‍ തന്നെ മനസ്സിലായി. പക്ഷേ അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നുവെന്നും അന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.  പിന്നെ പേരു മാറ്റാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ കുറച്ചു പേരുകള്‍ എഴുതി കൊടുത്തു, അതില്‍ നിന്ന് ഡയാന തിരഞ്ഞെടുത്ത പേരാണ് നയന്‍താര എന്നത്.

ആ പേര് ഞാന്‍ വായിച്ച ഒരു ബംഗാളി നോവലില്‍ നിന്നാണ് കിട്ടിയത്. ഈ പേര് തിരഞ്ഞെടുത്തത് നന്നായി, വേറെ ഭാഷകളിലേക്കു പോവുമ്പോഴും ഈ പേര് ഗുണം ചെയ്യുമെന്ന് അന്ന് താൻ നയന്താരയോട് പറഞ്ഞുവെന്നും സൂപ്പര്‍സ്റ്റാറായി മാറിയതിനു ശേഷവും ഇപ്പോഴും തന്നെ ഇടയ്‌ക്കൊക്കെ വിളിക്കും.

അവസാനം കണ്ടപ്പോള്‍ കൃത്യനിഷ്ഠയെക്കുറിച്ച് സാര്‍ തന്ന ഉപദേശം മറന്നുപോയിട്ടില്ലെന്ന് പറഞ്ഞുവെന്നുമാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്.

അതേസമയം സിനിമാ പരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് വെള്ളിത്തിരയില്‍ എത്തിയ നടി, കഠിന പ്രയത്‌നത്തിലൂടെ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുക ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര ജനിച്ചത്.

തിരുവല്ല ബാലികാമഠം ഹൈസ്‌കൂളിലും, മാര്‍ത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. കൈരളി ടി.വിയില്‍ ചമയം എന്ന ഫോണ്‍-ഇന്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്. പിന്നെ ക്രമേണ മോഡലിങ്ങിലേക്ക് തിരിഞ്ഞു.

2003ല്‍ റിലീസായ മനസ്സിനക്കരെ ഒരു വലിയ ഹിറ്റായിരുന്നു. തുടര്‍ന്ന് നയന്‍താര അഭിനയിച്ചത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു സഹനടിയായാണ് നയന്‍താര അഭിനയിച്ചത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പന്‍ സംവിധാനം ചെയ്ത തസ്‌കരവീരനിലും, കമല്‍ സംവിധാനം ചെയ്ത രാപ്പകലിലും അഭിനയിച്ചു.

ഇക്കാലഘട്ടത്തില്‍ത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും നയൻ പ്രവേശിച്ചു. പിന്നെ നയന്‍താരക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് തെന്നിന്ധ്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻ‌താര. നിരവധി പ്രതിസന്ധികളും ഗോസിപ്പികളും പ്രണയ തകർച്ചകളും നയൻ‌താര നേരിട്ടു.

എല്ലാത്തിനുമൊടുവിലാണ് സംവിധായകൻ വിഘ്‌നേശ് ശിവൻ നയൻതാരയുടെജീവിതത്തിലേക്ക് എത്തിയത്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും അന്ന് വിവാഹിതരായത്. മഹാബലിപുരത്ത് ബംഗാള്‍ ഉള്‍ക്കടലിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമാണു അത്യാഢംബര വിവാഹം നടന്നത്. ഇന്ന് ഇരട്ട കുട്ടികളുടെ അമ്മ കൂടിയാണ് നയൻതാര.