മുകേഷ്, ജയസൂര്യ അടക്കമുള്ള നടന്മാർക്കെതിരെയുള്ള പരാതി പിൻ‌വലിക്കുന്നു; സർക്കാർ പിന്തുണക്കുന്നില്ല

മുകേഷ് ഉള്‍പ്പടെയുള്ള പ്രമുഖ നടന്മാര്‍ക്കെതരെയുള്ള പീഡന പരാതി പിന്‍വലിക്കാനൊരുങ്ങി നടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ ആലുവ സ്വദേശിയായ നടി പരാതികളിൽ നിന്ന് പിന്മാറുന്നു.

നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോൻ, ഇടവേള ബാബു തുടങ്ങി ഒട്ടേറെ പേർക്കെതിരെ നടി ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെ പ്രത്യേകാന്വേഷണ സംഘം കേസുകളുമെടുത്തു. കേസുകൾ നേരിടുന്ന എല്ലാവരും തന്നെ ഇപ്പോൾ ജാമ്യത്തിലാണ്.

അതിനിടെയാണ് താൻ കേസിൽ നിന്ന് പിന്മാറുന്നു എന്ന് വ്യക്തമാക്കി നടി രംഗത്തു വന്നിരിക്കുന്നത്. സംസ്ഥാനത്ത് വൻ വിവാദമായി മാറിയ സംഭവത്തിൽ നിന്നുമാണ് നടിയുടെ പിന്മാറ്റം. തന്റെ പോരാട്ടത്തിന് സർക്കാർ പിന്തുണ നൽകുന്നില്ല എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്.

കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് ഇക്കാര്യം കാണിച്ച് ഇമെയില്‍ അയക്കുമെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. തനിക്ക് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാണ് പരാതിക്കാരിയായ നടി പറയുന്നത്. തനിക്കെതിരെ ചുമത്തപ്പെട്ട പോക്‌സോ കേസ് കള്ളക്കേസ് ആയിരുന്നെന്നും സത്യം തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും നടി പറഞ്ഞു.

ഇനിയും കേസുമായി മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും നടി പറയുന്നു. ഞാൻ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് മുന്നോട്ടുവന്നത്. എന്റെ ലക്ഷ്യം ഇനിയും പെൺകുട്ടികളോട് ആരും അഡ്ജസ്റ്റ്മെന്റ് ചോദിക്കരുത് എന്നതായിരുന്നു.

എന്നാൽ എനിക്കെതിരെയുള്ള കള്ള പോക്സോ കേസ് തെളിയിക്കാൻ സർക്കാരിനു കഴിഞ്ഞില്ല. ഒരു മീഡിയ പോലും മുൻപോട്ടു വന്ന് എന്നെ സപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് എല്ലാ കേസുകളും ഞാൻ പിൻവലിക്കാൻ പോകുന്നു. കാരണം പോക്സോ കേസ് കള്ളക്കേസ് ആണെന്നറിഞ്ഞിട്ടും ആ കേസ് നൽകിയ  സ്ത്രീക്കെതിരെ അഥവാ അവളുടെ പുറകിൽ അവളെ ചെയ്യിപ്പിച്ചവരെ പിടിക്കാനും ശ്രമിക്കുന്നില്ല. മീഡിയയ്ക്ക് പോലും അനക്കമില്ല. അതുകൊണ്ട് ഞാൻ എല്ലാത്തിൽനിന്നും സ്വയം പിന്മാറുന്നു എന്നതാണ് നടി വാട്സാപ്പിൽ പങ്കുവച്ച സന്ദേശം.

തുടർന്ന് മാധ്യമങ്ങളോടും നടി ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം നടിയുടെ പരാതിയിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിന്റെ അരികിൽ വരെ എത്തിയിരുന്നു. പ്രതിപക്ഷമടക്കം മുകേഷിന്റെ രാജിക്കായി മുറവിളി കൂട്ടുകയും ചെയ്തിരുന്നു. പരാതി ലഭിച്ചവർക്കെതിരെ അന്വേഷണ സംഘം കേസുകളെടുത്തതോടെ എല്ലാവരും തന്നെ ഹൈക്കോടതിയേയും കീഴ്‌ക്കോടതിയേയും സമീപിച്ച് ജാമ്യമെടുക്കുകയായിരുന്നു.

അതിനിടെയാണ് നടിക്കെതിരെ ബന്ധു കൂടിയായ യുവതി ലൈംഗിക ചൂഷണ ആരോപണവുമായി രംഗത്തു വന്നത്. പ്രായപൂർത്തിയാകാത്ത പ്രായത്തിൽ തന്നെ ചെന്നൈയിലെത്തിച്ച് കാഴ്ചവയ്ക്കാൻ ശ്രമിച്ചു എന്നായിരുന്നു അവരുടെ വെളിപ്പെടുത്തൽ. ഈ പരാതിയിൽ നടിക്കെതിരെ പോക്സോ അടക്കം ചുമത്തുകയും ചെയ്തു. ഇതിനിടെ പരാതി ഉന്നയിച്ച ബന്ധുവായ  യുവതിയുടെ പേരുവിവരങ്ങളും ചിത്രങ്ങളുമടക്കം നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനെതിരെയും കേസുണ്ട്. താന്‍ വെളിപ്പെടുത്തലുകൾ നടത്തുകയും പരാതി നൽകുകയും ചെയ്തിട്ടും സർക്കാർ പിന്തുണയ്ക്കുന്നില്ലെന്നാണ് നടിയുടെ ആരോപണം.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍മാരായ എം മുകേഷ് എംഎല്‍എ, ജയസൂര്യ, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു, എന്നിവര്‍ക്കെതിരെയാണ് നടി ലൈംഗീക പീഡന ആരോപണവുമായി രംഗത്ത് വന്നത്. നടിയുടെ വെളിപ്പെടുത്തല്‍ മലയാള സിനിമ മേഖലയിലാകെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ ആരോപണവിധേയര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ചില നടന്മാരെ അറസ്റ്റ് ചെയ്തു വിട്ടയക്കുകയും ചെയ്തിരുന്നു.

2009-ലാണ് മുകേഷിനെതിരായ പരാതിക്കിടയാക്കിയ സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. കലണ്ടർ എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്നും ഫോണില്‍ വിളിച്ചു മോശമായി പെരുമാറിയെന്നുമായിരുന്നു നടിയുടെ മൊഴി.

അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നായിരുന്നു ഇടവേള ബാബുവിനെതിരായ നടിയുടെ പരാതി.  2008ല്‍ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്ന തനിക്ക് ജയസൂര്യയില്‍നിന്ന് ദുരനുഭവമുണ്ടായതെന്ന് നടി വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് റെസ്റ്റ് റൂമില്‍ പോയിവരുമ്പോള്‍ ജയസൂര്യ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചുവെന്നായിരുന്നു ആരോപണം.

ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ തന്നോട് മോശമായി സംസാരിച്ചുവെന്നാണ് മണിയന്‍പിള്ള രാജുവിനെതിരായി നടി നൽകിയ  ആരോപണം. രാജുവില്‍നിന്നുണ്ടായ മോശം അനുഭവം ആ സമയത്ത് ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വര്‍ഷയോട് പറഞ്ഞിരുവെന്നും നടി പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ ആരോപണം. ‘മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഭിഭാഷകന്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ ശാരീരികമായും അല്ലാതെയും ഉപദ്രവിച്ചു എന്ന് വെളിപ്പെടുത്തിയാണ് നടി പോസ്റ്റ് പങ്കുവെച്ചത് .