
ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ കിടന്നു ഇങ്ങനെ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. നയൻതാരയ്ക്ക് കരിയറിൽ നിരവധി നിബന്ധനകൾ ഉണ്ടെന്നു പറഞ്ഞു നിരവധിപ്പേർ നടിയെ കുറ്റപ്പെടുത്തുന്നു.
എന്നാൽ പക്ഷെ ഈ കാര്യത്തിൽ ധനുഷും ഒട്ടും മോശമല്ല. മമ്മൂട്ടിയും ദിലീപും അഭിനയിച്ച മലയാള ചിത്രം ‘കമ്മത്ത് ആന്റ് കമ്മത്തി’ൽ ധനുഷ് അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് നടൻ കാണിച്ച കാർക്കശ്യമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ഒരിക്കൽ ഇതേക്കുറിച്ച് സഫാരി ടിവിയിൽ സംസാരിച്ചത്. ധനുഷിനെ ഈ സിനിമയിലേക്ക് കൊണ്ട് വരാൻ വിജയ് യേശുദാസുമായി സംസാരിച്ചു. അവർ നല്ല സുഹൃത്തുക്കളാണ്. ശരിക്കും ധനുഷ് ഈ സിനിമയിൽ മൂന്ന് ദിവസമേ അഭിനയിച്ചിട്ടുള്ളൂ.

ആദ്യം തന്നെ അദ്ദേഹം ഒരു ദോശക്കട ഉദ്ഘാടനം ചെയ്യുന്ന സിനിമയിലാണ് അഭിനയിച്ചത്. ഗോകുലം കൺവെൻഷൻ സെന്ററിന്റെ മുന്നിൽ വെച്ചാണ് ആ സീൻ എടുത്തത്. പിന്നെ അദ്ദേഹത്തിന്റെ ഗാന രംഗമെടുത്തു. തിരുവന്തപുരം കഴക്കൂട്ടത്തുള്ള കൺവെൻഷൻ സെന്ററിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. ഡാൻസർമാരും മറ്റുമുള്ള ഭയങ്കര ചെലവുള്ള പാട്ടാണ്. ധനുഷ് വന്നു. ഡാൻസ് കളിക്കണമെന്ന് പറഞ്ഞപ്പോൾ ധനുഷ് സമ്മതിച്ചില്ല. രണ്ടാമത് എഴുതി ചേർത്തതാണ് ഈ പാട്ട്. പുള്ളിയോട് ആദ്യം സംസാരിച്ചപ്പോൾ ഇതൊന്നും പറഞ്ഞില്ലായിരുന്നു. അതുകൊണ്ട് തന്നെ പുള്ളി വലിയ ഡാൻസൊന്നും ചെയ്തില്ല. രണ്ട് മൂന്ന് ചെറിയ സ്റ്റെപ്പുകളേ പാട്ടിൽ ചെയ്തിട്ടുള്ളൂയെന്നും ബാദുഷ അന്ന് പറഞ്ഞു.
2013 ലാണ് കമ്മത്ത് ആന്റ് കമ്മത്ത് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും ദിലീപും ഒരുമിച്ചെത്തിയ സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. റിമ കല്ലിങ്കൽ, കാർത്തിക നായർ എന്നിവരായിരുന്നു നായികമാർ.
തമിഴ് സിനിമകളുടെ തിരക്കിലാണ് ധനുഷിപ്പോൾ. നയൻതാരയുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ ധനുഷിന് സമയമില്ലെന്നാണ് നടന്റെ പിതാവ് കസ്തൂരി രാജ കഴിഞ്ഞ ദിവസം പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടനും ഗായകനും സംവിധായകനും നിർമാതാവും ഒക്കെയായ ധനുഷാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം.











