
പുഷ്പ 2 എന്ന അല്ലു അർജുൻ ചിത്രം പ്രീമിയർ ഷോ കാണാൻ ഹൈദരാബാദിലെ സന്ധ്യ തീയറ്ററിന് മുന്നിലെത്തിയ ആരാധകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. തടിച്ച് കൂടിയ ജനക്കൂട്ടത്തിന് നേരെ പോലിസ് ലാത്തിച്ചാർജ് നടത്തി. തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടി ബോധം കെട്ട് വീണു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറയുന്നു. രാത്രി 11 മണിക്കാണ് ഹൈദരാബാദിൽ ആദ്യ ഷോ ആരംഭിച്ചത്.
എല്ലാ മെട്രോ നഗരങ്ങളിലും പുലർച്ചെ 4 മണിക്ക് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു അണിയറക്കാരുടെ പ്രഖ്യാപനം. എന്നാൽ ബെംഗളൂരുവിൽ പുലർച്ചെയുള്ള റിലീസിന് കർണാടക ഡിജിപി അനുമതി നിഷേധിച്ചു. എല്ലാ തിയേറ്ററുകളോടും ഇന്ന് രാവിലെ ആറ് മണിക്ക് സിനിമ റിലീസ് ചെയ്യാൻ ആണ് ഉത്തരവിട്ടത് .നിയന്ത്രണാതീതമായ തിരക്ക് കാരണമാണ് ഇങ്ങെനെ ഒരു തീരുമാനത്തിൽ എത്തിയത് .
എന്നാൽ തിരക്കിനിടയിൽ പെട്ട് ചിത്രം കാണാൻ വന്ന ഒരു യുവതിക്കു മരണം സംഭവിക്കുകയുണ്ടായി.ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററിൽ രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പോലീസ് ഉദ്യോഗസ്ഥർ അടക്കം എത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ ആളുകൾ സന്ധ്യ തിയറ്ററിലേക്ക് വലിയ തോതിൽ ഒഴുകിയെത്തുകയായിരുന്നു.











