ആടുജീവിതം, എംമ്പുരാൻ ഇപ്പോൾ ബുദ്ധ ;കരിയറിലെ നാഴികക്കല്ലുകൾ തീർത്ത് പൃഥ്വിരാജ്

Goatlife Empuran VilayathBudha

പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം ഇടുക്കി, ചെറുതോണിയില്‍ ഇന്ന് ആരംഭിച്ചു. ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്‍റെ കാലിന് പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് ഇത്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന എമ്പുരാന്‍റെ ഷൂട്ട് പൂര്‍ത്തീകരിച്ചതിന് ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയില്‍ വീണ്ടും ജോയിന്‍ ചെയ്യുന്നത്. ഈ മാസം ഒന്നാം തീയതി മലമ്പുഴയിലാണ് എമ്പുരാന് പാക്കപ്പ് ആയത്.

ആടുജീവിതം എന്ന ചിത്രത്തിലെ വ്യത്യസ്തമായ അവതരണം താരത്തിൻറെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറി .ചിത്രീകരണ വേളയിൽ പൃഥ്വിരാജ് എന്ന നടന് നേരിടേണ്ടി വന്നിരുന്ന പ്രതിസന്ധികളിൽ ചുരുക്കം ചിലതു മാത്രമേ ആരാധകർക്കും കാഴ്ചക്കാർക്കും വ്യക്തമായിട്ടുള്ളു .ഇപ്പോൾ ആടുജീവിതത്തിലെ ഗാനങ്ങൾ ഓസ്കാർ എൻട്രി ആയിട്ടുണ്ട് എന്നത് ആരാധകർക്ക് അവകാശപ്പെടാവുന്ന വാർത്ത തന്നെയാണ്.

ഉർവ്വശി തിയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധയുടെ നിര്‍മ്മാണം. അന്‍പത് ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് വിലായത്ത് ബുദ്ധയ്ക്ക് ഇനിയുള്ളത്. ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളും ആക്ഷനുകളുമൊക്കെ ഈഷെഡ്യൂളിൽ ചിത്രീകരിക്കുന്നുണ്ടെന്ന് സന്ദീപ് സേനന്‍ പറയുന്നു. ചെറുതോണിക്ക് പുറമെ മറയൂരിലും വിലായത്ത് ബുദ്ധയ്ക്ക് ചിത്രീകരണമുണ്ട്.

മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘർഷഭരിതമാക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്കരന്‍ മാഷും ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധം അരങ്ങുതകർക്കുമ്പോൾ അത് കാത്തുവച്ച ഒരു പ്രതികാരത്തിൻ്റെ ഭാഗം കൂടിയാവുകയാണ്. രതിയും പ്രണയവും പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥാവികസനം.