പുഷ്‌പ 2 ന്റെ വിജയത്തിനൊപ്പം ആരാധകരെ ഞെട്ടിച്ചുകൊണ്ട് അല്ലു അർജുൻ അറസ്റ്റിൽ

നടൻ അല്ലു അർജുനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. പുഷ്‌പ 2 പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് നടപടി.

ചിക്കാടപ്പള്ളി പോലീസാണ് അല്ലുവിനെ ജൂബിലി ഹിൽസിലെ വസതിയിൽ നിന്നും കസ്‌റ്റഡിയിൽ എടുത്തത്.തുടർന്ന് പോലീസ് ജീപ്പിൽ തന്നെ താരത്തെ ചിക്കാടപ്പള്ളി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സന്ധ്യ തിയേറ്ററിൽ പുഷ്‌പ 2 പ്രീമിയറിനിടെ അനുഭവപ്പെട്ട തിക്കിലും തിരക്കിലുംപെട്ട് യുവതി മരണപ്പെടുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തിയേറ്ററിലേക്ക് അല്ലു അർജുൻ വന്നപ്പോഴുണ്ടായ തിരക്കാണ് അപകടത്തിൽ കലാശിച്ചത്.തുടർന്ന് യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ സന്ധ്യ തിയേറ്റർ മാനേജ്‌മെന്റ്, അല്ലു അർജുൻ, താരത്തിന്റെ സുരക്ഷാ സംഘം എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ഈ കേസിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ചിക്കാടപ്പള്ളി പോലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷം അല്ലുവിനെ വിശദമായി ചോദ്യം ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.അതേസമയം, സംഭവം നടക്കുമ്പോൾ സന്ധ്യ തിയേറ്ററിൽ അല്ലു അർജുനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ തിരക്ക് നിയന്ത്രിക്കുന്നതിന് പകരം ആളുകളെ തള്ളിമാറ്റുകയാണ് ചെയ്‌തത്‌ എന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം. ഇതോടെയാണ് ഇവരെയും പ്രതി ചേർക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള കേസ് റദ്ദാക്കണം എന്ന ആവശ്യവുമായി അല്ലു അർജുൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിയേറ്റർ ഉടമകളെയും, പോലീസിനെയും താൻ സന്ധ്യ തിയേറ്ററിലേക്ക് വരുന്ന കാര്യം നേരത്തെ വിളിച്ച് അറിയിച്ചിരുന്നുവെന്നാണ് അല്ലു ഹർജിയിൽ പറഞ്ഞത്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നടൻ പറഞ്ഞിരുന്നു.

അതേസമയം അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ലഭ്യമായിട്ടില്ല.പുഷ്പ 2വിന്റെ പ്രത്യേക ഷോയ്ക്കിടെയാണ് തിക്കും തിരക്കുമുണ്ടാകും രേവതി എന്ന യുവതി മരിക്കുന്നതും, രേവതിയുടെ മകന് ഗുരുതരമായി പരുക്കേൽക്കുന്നതും. അപ്രതീക്ഷിതമായി അല്ലു അർജുൻ തീയേറ്ററിലെത്തിയതിനെ തുടർന്ന് ആരാധകർ താരത്തെ കാണാൻ തിരക്കു കൂട്ടിയതോടെയാണ് അപകടമുണ്ടാകുന്നത്.

ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിൽ രാത്രി 12 മണിയ്ക്ക് നടത്തിയ പ്രത്യേക ഷോയ്ക്കിടെയാണ് അല്ലു അർജുൻ ആരാധകരെ കാണാനെത്തിയത്. താരം എത്തുന്നതിനെക്കുറിച്ച് ആരാധകർക്ക് നേരത്തെ അറിവുണ്ടായിരുന്നില്ല. താരത്തെ കാണാനായി ആരാധകർ തിക്കും തിരക്കും കൂട്ടിയതോടെ തീയേറ്ററിന്റെ ഗേറ്റ് തകർന്നു. തുടർന്നാണ് രേവതിയും ഒമ്പത് വയസുകാരൻ മകനും അപകടത്തിൽ പെടുന്നത്. കുടുംബസമേതം സിനിമ കാണാൻ എത്തിയതായിരുന്നു രേവതി. സംഭവസ്ഥലത്തു വച്ച് രേവതിയുടെ മകന് പ്രഥമശുശ്രൂഷ നൽകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനൊപ്പമാണ് അല്ലു അർജുൻ സന്ധ്യ തീയേറ്ററിലെത്തിയത്. സംഭവത്തെ തുടർന്ന് ഹൈദരാബാദ് പൊലീസ് തീയേറ്റർ മാനേജുമെന്റിന് എതിരേയും നടനെതിരെയും കേസ് ഫയൽ ചെയ്യുകയായിരുന്നു. അല്ലു അർജുൻ തീയേറ്റർ സന്ദർശിക്കാനെത്തുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ തീയേറ്റർ മാനേജരും ജീവനക്കാരനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

അതേസമയം, യുവതിയുടെ മരണത്തിൽ അല്ലു അർജുൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധന സഹായവും വാഗ്ദാനം ചെയ്തിരുന്നു. യുവതിയുടെ കുടുംബത്തെ താൻ നേരിട്ട് കാണുമെന്നും അല്ലു അർജുൻ പറഞ്ഞിരുന്നു.നേരത്തെ യുവതിയുടെ മരണത്തിലും മകന്റെ പരിക്കിലും ദുഃഖം രേഖപ്പെടുത്തി അല്ലു അർജുൻ രംഗത്ത് വന്നിരുന്നു. മകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നൽകുമെന്നും പറഞ്ഞ അല്ലു അർജുൻ കുടുംബത്തിന്റെ വേദനയിൽ താനും പങ്കുചേരുകയാണെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.

സുകുമാർ സംവിധാനം ചെയ്‌ത പുഷ്‌പ രണ്ടാംഭാഗം വലിയ ആരവങ്ങളോടെയാണ് തിയേറ്ററുകളിൽ എത്തിയത്. ആഗോള തലത്തിൽ തന്നെ കളക്ഷൻ റെക്കോർഡുകളുമായി മുന്നേറുകയാണ് ചിത്രം. നോർത്ത് ഇന്ത്യയിലും ചിത്രം വലിയ വിജയം നേടിയിരുന്നു. ചിത്രം പ്രദർശനത്തിനെത്തി ആദ്യ 6 ദിവസം കൊണ്ട് മൊത്തത്തിൽ 1000 കോടി ക്ലബിൽ കയറിയിരുന്നു .