പെൺമക്കൾ നഷ്ട്ടമാവുമ്പോൾ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛൻ ആണ് ഞാൻ; സുരേഷ് ഗോപി

കേരളത്തെ ഞെട്ടിച്ചുകൊണ്ട് നാല് പെൺകുട്ടികളുടെ മരണത്തിന് ഇടയാക്കിയ അപകടമാണ് ഇന്നലെ പാലക്കാട് നടന്നത്. സ്‌കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് മടങ്ങി വരവേ ലോറി പാഞ്ഞു കയറിയാണ് നാല് കുട്ടികളും മരണപ്പെടുന്നത്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അപകടമായിരുന്നു സംഭവിച്ചത്.

ഇതിൽ അനുശോചനം രേഖപ്പെടുത്തുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.സമാനമായ അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായതിന്റെ വേദന കൂടി പങ്കുവെച്ചാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എത്തിയത്. അപകടത്തിൽ മരണപ്പെട്ട നാല് പെൺമക്കൾക്കും ആദരാഞ്ജലി നേർന്ന് എത്തിയതിനൊപ്പം തന്റെ മകളെ നഷ്ടപ്പെട്ടതിന്റെ വേദനയെ കുറിച്ചും നടൻ സുരേഷ് ഗോപി സൂചിപ്പിച്ചു.

‘പെൺമക്കൾ നഷ്ട്ടമാവുമ്പോൾ ഉള്ള സങ്കടം, ആ സങ്കടത്തിന്റെ വ്യാപ്തിയും ആഘാതവും അറിയുന്ന ഒരു അച്ഛൻ ആണ് ഞാൻ. ഒരു അച്ഛനായും, മനുഷ്യനായും, ഞാനീ അപ്രതീക്ഷിതമായ നഷ്ടത്തിന്റെ വേദനയിലും വിഷമത്തിലും കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ആ പെൺമക്കളുടെ സ്വപ്നങ്ങൾ നിറഞ്ഞ ആ പുഞ്ചിരികളും സ്‌നേഹവും ചേർന്ന ഓർമകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഈ മക്കളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.’എന്നുമാണ് സുരേഷ് ഗോപി സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.

വർഷങ്ങൾക്ക് മുൻപ് മൂത്ത മകളെ നഷ്ടപ്പെട്ടയാളാണ് സുരേഷ് ഗോപി. വിവാഹം കഴിഞ്ഞ് അധികം വൈകാതെ സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കും ആദ്യം ജനിച്ച മകളായിരുന്നു ലക്ഷ്മി. മകൾക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അന്ന് മകളെ നഷ്ടപ്പെട്ട അപകടത്തെ കുറിച്ച് പിന്നീട് ഒരു പരിപാടിയിൽ വെച്ച് സുരേഷ് ഗോപി തുറന്നു പറഞ്ഞിരുന്നു.

‘ഭാര്യയും മകളുമടക്കം തന്റെ കുടുംബം ഒരു വിവാഹം കഴിഞ്ഞ് തിരിച്ചു പോകുമ്പോഴായിരുന്നു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്നത്. 1992 ജൂൺ ആറിനായിരുന്നു സംഭവം. കല്യാണത്തിൽ പങ്കെടുത്ത ശേഷം ഭാര്യയേയും മകൾ ലക്ഷ്മിയേയും സുരേഷ് ഗോപി തന്റെ അനിയന്റെ കൂടെ പറഞ്ഞയക്കുകയായിരുന്നു. ഈ അപകടത്തിൽ രാധികയടക്കമുള്ളവർക്ക് പരിക്ക് പറ്റിയെങ്കിലും ലക്ഷ്മിയുടെ ജീവൻ നഷ്ടമാവുകയായിരുന്നു. നടൻ ഇന്ദ്രൻസ് തയ്യിച്ച് തന്ന ഷർട്ടുമിട്ടാണ് അവസാനമായി ലക്ഷ്മിയ്‌ക്കൊപ്പം നിന്നതെന്നും നടൻ പറഞ്ഞിരുന്നു’.

അന്ന് നടൻ ഇന്ദ്രൻസ് കോസ്റ്റിയൂമറായി പ്രവർത്തിച്ചിരുന്ന കാലമായിരുന്നു. സുരേഷ് ഉണ്ണിത്താന്റ ‘ഉത്സവമേളം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയും ഇന്ദ്രൻസും ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. ആ സിനിമയിലെ വസ്ത്രങ്ങളൊക്കെ വളരെ കളർഫുൾ ആയിരുന്നു.

‘മഞ്ഞയിൽ നേർത്ത വരകളുള്ള ഷർട്ട് ഒരു സീനിൽ ഞാൻ ധരിച്ചിരുന്നു. ആ മഞ്ഞ ഷർട്ടിനോട് എനിക്ക് വല്ലാതെ ഇഷ്ടം തോന്നി. ഷൂട്ടിങ് കഴിഞ്ഞതിന് ശേഷം ആ ഷർട്ട് തനിക്ക് തരണമെന്ന് ഇന്ദ്രൻസിനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഇന്ദ്രൻസ് ആ ഷർട്ട് തന്നു. അത് ഇടയ്ക്കിടെ ഇടാറുണ്ടായിരുന്നു. മാത്രമല്ല മകളുടെ മരണമുണ്ടായ ദിവസം താൻ ധരിച്ചിരുന്നത് ആ ഷർട്ട് ആയിരുന്നു.അപകടവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി മകളുടെ അടുത്തു നിൽക്കുമ്പോഴൊക്കെ വിയർപ്പിൽ കുതിർന്ന ആ ഷർട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത് മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, വിയർപ്പിൽ കുതിർന്ന എന്റെ ആ മഞ്ഞ ഷർട്ട് ഊരി അവളെ ഞാൻ പുതപ്പിച്ചു എന്നും ഇന്ദ്രൻസ് തുന്നിയ ആ ഷർട്ടിന്റെ ചൂടേറ്റാണ് എന്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നതെന്നുമാണ് മകളെ കുറിച്ചുള്ള ഓർമ്മയായി മുൻപ് സുരേഷ് ഗോപി പറഞ്ഞത്’.