
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ‘മാർക്കോ’.വയലൻസിനു മുൻ തൂക്കം നൽകി ചിത്രീകരിച്ച ചിത്രത്തിന് വേണ്ടി ഒരു നടൻ എന്ന നിലയിൽ ഉണ്ണി മുകുന്ദന് പ്രതിസന്ധികൾ ഏറെയായിരുന്നു . ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ ഒരുങ്ങുന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തും. റിലീസിന് തൊട്ട് മുന്‍പ് നിർമാതാവായ ഷെരീഫ് മുഹമ്മദിന് നന്ദി അറിയിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്. സിനിമയെക്കുറിച്ചുള്ള ഷെരീഫിന്റെ കാഴ്ചപ്പാട് പ്രചോദനകരമാണെന്നും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും വിശദാംശങ്ങളോടുള്ള ശ്രദ്ധയും കൊണ്ടാണ് മാർക്കോ ഇന്നൊരു മികച്ച സിനിമയായി മാറിയതെന്നും ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിൽ കുറിച്ചു.മാർക്കോ ഇന്ന് ആരാധകരുടെ വിധിയെഴുത്തിനു വേണ്ടി കാത്തിരിക്കുകയാണ് .
ഈ യാത്രയിലുടനീളം നിങ്ങളുടെ അസാധാരണമായ അർപ്പണബോധത്തിനും പ്രൊഫഷണലിസത്തിനും വ്യക്തിപരമായി നന്ദി പറയാൻ ഞാൻ ഒരു നിമിഷം ആഗ്രഹിക്കുന്നു. നിങ്ങളുടെ ആദ്യ സംരംഭമായി മാർക്കോയ്ക്കൊപ്പം സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ, നിങ്ങൾ ശരിക്കും ഉയർന്ന നിലവാരം പുലർത്തി. നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും വിശദാംശങ്ങളോടുള്ള ശ്രദ്ധയും കൊണ്ടാണ് മാർക്കോ ഇന്നൊരു മികച്ച സിനിമയായി മാറിയത് എന്നായിരുന്നു ഉണ്ണി പറഞ്ഞത്.
മാർക്കോ നാളെ ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ എത്തുമ്പോൾ, ഇത് നിങ്ങളുടെ സ്വപ്നങ്ങളുടെയും നമ്മൾ തമ്മിലുള്ള വിജയകരമായ നിരവധി സഹകരണങ്ങളുടെയും തുടക്കം മാത്രമാണ്. പ്രിയ ഷെരീഫ്, മാന്ത്രിക ലോകത്തേക്ക് സ്വാഗതം. സഹോദരാ, നിങ്ങൾക്ക് എന്തിനും എന്നെ ആശ്രയിക്കാമെന്നും ഉണ്ണി ഷെരീഫിന് എഴുതിയ കത്തിൽ പറഞ്ഞു.
മാർക്കോയുടെ ടീസറും പ്രോമോഷൻ ഗാനങ്ങളും നൽകിയ സൂചനകൾ ശരിവെച്ചുകൊണ്ട് വയലൻസ് സിനിമകൾക്ക് നൽകുന്ന എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് ‘മാർക്കോ’യ്ക്ക് നൽകിയത്. നേരത്തെ മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലൻറ് ചിത്രമായിരിക്കും ‘മാർക്കോ’യെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാർ ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് സെൻസർ ബോർഡ് ഇപ്പോൾ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡ് നൽകിയിരുന്നത്. ചിത്രം ഡിസംബർ 20 ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ പ്രതീക്ഷയോടെയാണ് മലയാളി സിനിമാ പ്രേക്ഷകർ ‘മാർക്കോ’യെ കാത്തിരിക്കുന്നത്.











