
മലയാളി, തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി അഭിരാമി. മഹാരാജ, വേട്ടയാൻ എന്നീ സിനിമകളിലാണ് അടുത്തിടെ നടിയെ ശ്രദ്ധേയ വേഷത്തിൽ പ്രേക്ഷകർ കണ്ടത്. ഏറെക്കാലം ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്നു അഭിരാമി. കരിയറിൽ തിരക്കേറിയ സമയത്താണ് നടി ഇടവേളയെടുത്ത് അമേരിക്കയിലേക്ക് പോയത്. തിരിച്ച് വന്നപ്പോഴും മികച്ച സിനിമകൾ അഭിരാമിക്ക് ലഭിച്ചു. ഇപ്പോഴിതാ ഇന്ത്യയിലേക്ക് തിരിച്ച് വന്ന കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമി. സ്റ്റേ ഫിറ്റ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിലാണ് നടി മനസ് തുറന്നത്.
2014 മുതൽ 2020 വരെയും അമേരിക്കയിൽ നിന്ന് ഇടയ്ക്ക് സിനിമകൾ ചെയ്ത് പോകുകയായിരുന്നു. പക്ഷെ കരിയറിൽ സജീവമല്ലാത്തതിൽ ഇൻസെക്യൂരിറ്റി തോന്നിയിട്ടില്ല. കാരണം ഒരിക്കലും സിനിമ മാത്രമാണ് എന്റെ ജീവിതമെന്ന് കരുതിയിട്ടില്ല. എനിക്ക് പല മേഖലകളിൽ താൽപര്യമുണ്ട്. യുഎസിലായിരുന്നപ്പോൾ യോഗ പഠിപ്പിച്ചു. വളണ്ടിയറായി വർക്ക് ചെയ്തു. എന്തെങ്കിലും ഒരു കാര്യം ചെയ്ത് കൊണ്ടിരുന്നു. ഇടയ്ക്ക് സിനിമകൾ ചെയ്യുന്നത് ബോണസ് പോലെയായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ച് വന്നതിന് പല കാരണങ്ങളുണ്ട്.
കൊവിഡിന്റെ സമയത്താണ് വന്നത്. സിനിമകൾ ചെയ്യുമോയെന്ന് ഗ്യാരണ്ടിയില്ല. ആ സമയത്ത് അവിടെയുള്ള വീട് വിറ്റ് എല്ലാ സാധനവും പാക്ക് ചെയ്ത് ഞാനും ഭർത്താവും ഞങ്ങളുടെ വളർത്ത് നായയും നാട്ടിലേക്ക് വന്നു. ജീവിതം മാറ്റിയ തീരുമാനമായിരുന്നു അത്. ഒരുപാട് സ്ട്രഗിൾ ഉണ്ടായിരുന്നു. എന്താണിവിടെ നടക്കുക എന്നറിയില്ല. നാട്ടിലെത്തിയ ശേഷം ഞാൻ വോയിസ് സ്റ്റുഡിയോ തുടങ്ങി.
ഇന്ത്യയിലും അമേരിക്കയിലും ജീവിച്ചപ്പോൾ തനിക്ക് തോന്നിയ വ്യത്യാസത്തെക്കുറിച്ചും അഭിരാമി സംസാരിച്ചു. ചെയ്യുന്ന ജോലിക്ക് അർഹമായ അംഗീകാരം ലഭിക്കുന്നത് അമേരിക്കയിലാണ്. ഇന്ത്യയിൽ നെറ്റ്വർക്കിഗ് ആണ് പ്രധാനം. ജെൻഡർ ന്യൂട്രലായ സമൂഹമാണവിടെ. എപ്പോൾ വേണമെങ്കിലും പോയി പഠിക്കാം. പ്രായം അവിടെ പ്രശ്നമല്ല. അതേസമയം നമ്മുടേതായ സമൂഹം ഇന്ത്യയിലേ ലഭിക്കൂ.എന്നും അഭിരാമി പറയുന്നു .











