എനിക്ക് ഏറ്റവും നല്ല വേഷങ്ങൾ തന്ന വ്യക്തിയാണ് അദ്ദേഹം; മറ്റാർക്കും നൽകാനാവാത്ത സമാധാനവും, സ്നേഹവും പകർന്നു തന്ന പിതൃതുല്യൻ! എം ടിയെ കുറിച്ച് നടൻ മോഹൻലാൽ

എഴുത്തുകാരൻ എന്നതിൽ ഉപരി ഒരു ബഹുമുഖ പ്രതിഭയായിരുന്നു എം.ടി വാസുദേവൻ നായർ. മോഹൻലാൽ എന്ന കലാകാരന്റെ സിനിമാ ജീവിതത്തിൽ മറക്കാനാവാത്ത ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചത് എം.ടിയായിരുന്നു. ഇപ്പോൾ ആ അതുല്യപ്രതിഭയെ കുറിച്ച് നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. പിതൃതുല്യനായിരുന്ന വ്യക്തിയുടെ വേർപാട് അറിയഞ്ഞയുടൻ മോഹൻലാൽ എല്ലാ തിരക്കുകളും മാറ്റിവെച്ച് കോഴിക്കോട്ടെ എം.ടിയുടെ വസതിയിലെത്തി. ഇന്ന് പുലർച്ചെ അ‍ഞ്ച് മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തിയത്.

എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് നടൻ മാധ്യമങ്ങളോട് പറഞ്ഞു. എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചിരുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. മഴ തോർന്നതുപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ എൻ്റെ മനസിൽ.മോഹൻലാൽ പറഞ്ഞു.

ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എൻ്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ.ആ ഇതിഹാസം മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ? വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ? മോഹൻലാൽ ചോദിക്കുന്നു.