ജോജു – സുരാജ് ചിത്രം നാരായണീന്റെ മൂന്നാണ്മക്കൾ ഫെബ്രുവരി 7 ന് തിയേറ്ററുകളിൽ

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നാരായണീന്റെ മൂന്നാണ്മക്കൾ’ ഫെബ്രുവരി 7 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. ശരണ്‍ വേണുഗോപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. രോമാഞ്ചം, കിഷ്കിന്ധ കാണ്ഡം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസിന്റെ 2025-ലെ ആദ്യ ചിത്രമാണിത്.

 

 

ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജ്യോതിസ്വരൂപ് പാന്തയാണ് എഡിറ്റിംഗ്. ജയദേവൻ ചക്കാടത്താണ് സൗണ്ട് റെക്കോർഡിംഗും ജിതിൻ ജോസഫ് സൗണ്ട് മിക്സിംഗും നിർവഹിക്കുന്നത്. സെബിൻ തോമസ് പ്രൊഡക്ഷൻ ഡിസൈനും ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു. ജിത്തു പയ്യന്നൂരാണ് മേക്കപ്പ് ആർട്ടിസ്റ്റ്. ഡിക്‌സൻ പൊടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ. ലിജു പ്രഭാകറാണ് കളറിസ്റ്റ്. സുകു ദാമോദർ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായും അബു വളയംകുളം കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിക്കുന്നു. നിദാദ് കെ.എൻ, ശ്രീജിത്ത് എസ് എന്നിവരാണ് സ്റ്റിൽ ഫോട്ടോഗ്രാഫർമാർ. യെല്ലോടൂത്താണ് ഡിസൈൻസ് കൈകാര്യം ചെയ്യുന്നത്. ആതിര ദിൽജിത്താണ് പി.ആർ.ഒ. 2025-ൽ ഒരു സർപ്രൈസ് ബ്ലോക്ക്ബസ്റ്റർ ആയി ‘നാരായണീന്റെ മൂന്നാണ്മക്കൾ’ മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.