
താര സംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണെന്ന് അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. താന്‍ സന്തോഷപൂര്‍വ്വം പ്രവര്‍ത്തിച്ച സ്ഥാനം ആണെങ്കിലും സിനിമകളുടെ വര്‍ധിച്ചുവരുന്ന തിരക്കുകള്‍ക്കൊപ്പം ഈ ചുമതലകള്‍ ഒപ്പം കൊണ്ടുപോവുക പ്രയാസകരമാണെന്ന് മനസിലാക്കിയാണ് രാജി തീരുമാനമെന്ന് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരുപാട് ആലോചിച്ച ശേഷമാണ് ‘അമ്മ’യുടെ ട്രഷറർ സ്ഥാനത്തു നിന്ന് രാജിവെക്കാൻ ഞാൻ കഠിനമായ തീരുമാനത്തിലെത്തിയത്. ഈ നിലയിൽ പ്രവർത്തിച്ച അനുഭവം എനിക്ക് വളരെ ആവേശകരവും പ്രചോദനകരവുമായിട്ടുള്ള ഒരു അനുഭവമായി തോന്നിയിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ മാസങ്ങളിൽ മാർക്കോയും മറ്റും ബന്ധപ്പെട്ട തിരക്കുകളും കാരണം എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. ഈ ഉത്തരവാദിത്വങ്ങൾക്കൊപ്പം എന്റെ തൊഴിൽ ജീവിതത്തിന്റെ സമ്മർദ്ദങ്ങളേയും തമ്മിൽ കൂട്ടിച്ചേർത്ത് സംതുലിതമാക്കുന്നത് വളരെ ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ഇതിൽ നിന്ന് പിന്മാറി എന്റെ ആരോഗ്യത്തിലും എന്റെ കുടുംബത്തിന്റെ ആവശ്യതകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.
ഈ പദവിയിൽ പ്രവർത്തിക്കുന്നതിനിടെ എനിക്ക് കഴിയുന്നത്ര മികച്ച പ്രവർത്തനമാണ് ഞാൻ പ്രദർശിപ്പിച്ചിട്ടുള്ളത്. എന്നാൽ വരാനിരിക്കുന്ന പുതിയ പ്രതിബദ്ധതകൾ കണക്കിലെടുത്ത് എനിക്ക് എന്റെ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് തിരിച്ചറിയുന്നു അതുകൊണ്ട് ആണ് എന്റെ രാജി സമർപ്പിക്കുന്നത്. എങ്കിലും, പുതിയ അംഗത്തെ നിയമിച്ച് ചുമതല കൈമാറുന്നുവെന്ന് ഉറപ്പാക്കുന്ന വരെ സേവനം തുടരും. എന്റെ കാലഘട്ടത്തിൽ ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു. ഈ ചുമതലകൾ മുന്നോട്ടു കൊണ്ടുപോകാൻ എന്റെ പിൻഗാമിക്ക് ഏറ്റവും മികച്ച വിജയങ്ങൾ ആശംസിക്കുന്നു.











