തൊമ്മനും മക്കളും കണ്ട് ആളുകൾ ചിരിച്ചപ്പോൾ ഷാഫി കരഞ്ഞു; തിരികെ കൊണ്ട് വന്നത് സാക്ഷാൽ വിക്രം

മലയാളികളെ എന്നും വെള്ളിത്തിരയിൽ ചിരിപ്പിച്ചിട്ടുള്ള സംവിധായകനാണ് ഷാഫി. ഈ കഴിഞ്ഞ ദിവസംആണ് അദ്ദേഹ൦ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണാനന്തരം സോഷ്യല്‍ മീഡിയയിലൂടേയും, മാധ്യമങ്ങളിലൂടേയും നിരവധി താരങ്ങളാണ് ഷാഫിയ്ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിക്കുന്നത്.തേസമയം ഷാഫിയുടെ ഈയൊരു വേർപാടിന്റെ സമയത്ത് അദ്ദേഹം മുൻപ് നൽകിയ അഭിമുഖങ്ങളും. സഹപ്രവർത്തകർ അദ്ദേഹത്തെ സ്മരിച്ച് കൊണ്ട് പങ്കു വെയ്ക്കുന്ന കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അത്തരത്തിൽ ഉളള ചില അനുഭവങ്ങളെപ്പറ്റി നോക്കാം. ഇന്നും സോഷ്യൽ മീഡിയ മീമുകളിലൂടെ ഷാഫിയൊരുക്കിയ ചിരിക്കാഴ്ചകള്‍ നിറഞ്ഞു നില്‍ക്കുകയാണ്.

എന്നും ചിരിപ്പിച്ചിട്ടുള്ള സംവിധായകനാണ് ഷാഫി. മറ്റുള്ളവരെ ചിരിപ്പിക്കുന്നവരുടെ ജീവിതത്തില്‍ പക്ഷെ ആ ചിരി കാണില്ലെന്ന് പറയാറുണ്ട്. ഷാഫിയ്ക്കും ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരാറുണ്ട്. തന്നെ താനാക്കിയ സിനിമ തന്നെ ഉപേക്ഷിച്ച് പോകാന്‍ ഷാഫി തീരുമാനിച്ചിട്ടുണ്ട്. അതും തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ തന്നെ. രാജൻ പി ദേവും മാമൂട്ടിയും ലാലും ഒക്കെ അഭിനയിച്ച തൊമ്മനും മക്കളും തീയേറ്ററില്‍ ഹൗസ് ഫുൾ ആയി പ്രദർശനം തുടരുമ്പോൾ ആണ് ഷാഫി സിനിമ നിര്‍ത്താന്‍ തീരുമാനിക്കുന്നത്.

അന്ന് ആ തീരുമാനത്തില്‍ നിന്നും ഷാഫി പിന്തിരിയാന്‍ കാരണം ഒരു ഫോണ്‍ കോളാണ്. തമിഴ് സൂപ്പര്‍ താരം വിക്രമിന്റേതായിരുന്നു ആ കോള്‍. ഈ സംഭവം മുമ്പൊരു അഭിമുഖത്തില്‍ ഷാഫി തുറന്ന് പറയുന്നുണ്ട്. വേദനിപ്പിക്കുന്ന അനുഭവമൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. പക്ഷേ, തുറന്നു പറയാന്‍ തനിക്ക് നിവൃത്തിയില്ല. ഇനിയും അതെടുത്തു പറഞ്ഞ് എന്തിനാണ് വീണ്ടും ആളുകളുടെ വിരോധം സമ്പാദിക്കുന്നത്? തൊമ്മനും മക്കളും കണ്ട് ആളുകള്‍ തിയേറ്ററുകളില്‍ ആര്‍ത്തു ചിരിക്കുമ്പോള്‍, സംവിധായകനായ ഞാന്‍ വീട്ടിലിരുന്നു കരയുകയായിരുന്നു, സത്യം എന്നാണ് അദ്ദേഹം പറഞ്ഞത്.

സിനിമയേ വേണ്ട, നമുക്ക് ഉള്ളതുകൊണ്ടു ജീവിക്കാം എന്ന് ഭാര്യപോലും നിര്‍ബന്ധിച്ച ദിവസങ്ങള്‍” എന്നാണ് ഷാഫി ആ ദിവസങ്ങളെപ്പറ്റി ഓർത്തുകൊണ്ട് അന്ന് പറഞ്ഞത്. മനസ് മടുത്ത് ഷാഫി വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടിയ കാലമാണത്. ചിത്രത്തിന്റെ വിജയമറിഞ്ഞ് അഭിനന്ദിച്ചു വിളിക്കുന്നവരുടെ ഫോണ്‍കോളുകള്‍ എടുക്കാന്‍ പോലും ഷാഫി തയ്യാറായിരുന്നില്ല. അന്ന് രാത്രി വൈകി വന്ന ഒരു ഫോണ്‍കോള്‍ പക്ഷെ ഷാഫിയെ തിരികെ സിനിമയിലേക്ക് എത്തിച്ചു. ”ചെന്നൈയിലുള്ള ഒരു സുഹൃത്ത് രാത്രി വിളിച്ചു. മിസ്റ്റര്‍ വിക്രം നിങ്ങളെ വിളിക്കും എന്നു പറഞ്ഞു. ഞാന്‍ വിചാരിച്ചു, സംവിധായകന്‍ വിക്രം ആയിരിക്കും, സിനിമയുടെ കഥയുടെ അവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളിയായിരിക്കും എന്ന്. എന്നാല്‍ രാത്രി വിളിച്ചത് സാക്ഷാല്‍ നടൻ ചിയാൻ വിക്രം ആയിരുന്നു. തമിഴകത്തെ സൂപ്പര്‍താരം വിക്രം!” എന്നാണ് ഷാഫി പറയുന്നത്. തൊമ്മനും മക്കളും കണ്ടുവെന്നും അതു തമിഴിലെടുക്കണമെന്നും നിങ്ങള്‍ തന്നെ സംവിധാനം ചെയ്യണമെന്നും ഷാഫിയെ അദ്ദേഹം അറിയിച്ചു. വിക്രമിനോട് നോ പറയാന്‍ ഷാഫിയ്ക്ക് സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് സിനിമ വിടാന്‍ തീരുമാനിച്ച ഷാഫി സിനിമയിലേക്ക് തിരികെ വരുന്നത്.