‘എമ്പുരാൻ’ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി സംവിധായകൻ പൃഥ്വിരാജ്

മലയാളികൾ ഒന്നടങ്കം ഒരുപോലെ കാത്തിരിക്കുന്ന ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ‘എമ്പുരാൻ’. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ബിഗ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. ഒരു ഇന്റർനാഷണൽ പ്ലോട്ട്ലൈൻ ആണ് സിനിമയ്ക്കുള്ളത് , ചിത്രത്തിലെ 30 , 35 % സംഭാഷണങ്ങളും ഹിന്ദിയിലാണ് പൃഥ്വിരാജ് പറയുന്നു. സിനിമയുടെ ഹിന്ദി പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോൾ ഒരു ഹിന്ദി സിനിമയാണോ നിങ്ങൾ കാണുന്നത് എന്നുവരെ തോന്നിയേക്കാം എന്നും നടൻ പറഞ്ഞു.

ഈ സിനിമ  ഒരു സ്റ്റാൻഡ് അലോൺ സിനിമയാണ്. ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവർക്കും  എമ്പുരാൻ കണ്ടാൽ കഥ മനസിലാകും. ലൂസിഫർ കേരള പൊളിറ്റിക്‌സിൽ ഊന്നി കഥ പറഞ്ഞ സിനിമയാണ്. എന്നാൽ എമ്പുരാൻ അങ്ങനെയല്ല. മലയാളം ഉൾപ്പടെയുള്ള സിനിമയുടെ മറ്റു പതിപ്പുകളിൽ എല്ലാം ഹിന്ദി ഉൾപ്പെടുന്ന ഭാഗങ്ങൾ അങ്ങനെ തന്നെ നിലനിർത്തും. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് നോർത്തിൽ ഒരു വൈഡ് റിലീസ് വേണമെന്നുള്ളത് ഞങ്ങളുടെ ആദ്യം മുതലുള്ള തീരുമാനമായിരുന്നു.

കഥയിൽ ശരിക്കും ഹിന്ദിയുടെ ആവശ്യമുണ്ടെന്ന് തോന്നിയാൽ പ്രേക്ഷകർക്ക് അതൊരു പ്രശ്നമായി തോന്നില്ല പൃഥ്വിരാജ് പറയുന്നു. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എമ്പുരാൻ എത്തും.