ആ നടൻ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ഞാനില്ല, വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ട്, ടി.പി ബാലഗോപാലൻ എം.എ ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. ഇപ്പോൾ സത്യൻ അന്തിക്കാട് ശ്രീനിവാസനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. ശ്രീനിവാസൻ ഇല്ലെങ്കിൽ ഇന്നത്തെ സത്യൻ അന്തിക്കാട് ഇല്ല, ശരിക്കും പറഞ്ഞാൽ ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട്. ശ്രീനിവാസനില്ലെങ്കിൽ ഇന്നത്തെ ഞാനില്ല എന്ന്, സത്യൻ അന്തിക്കാട് പറഞ്ഞു.

മുത്താരംകുന്ന് പി.ഒ. എന്ന സിനിമയുടെ പ്രിവ്യൂ ഷോ കണ്ടപ്പോൾ ഞാനേറ്റവും കൂടുതൽ ശ്രദ്ധിച്ചത് അതിലെ സംഭാഷണങ്ങളായിരുന്നു. പടം കഴിഞ്ഞ ഉടനെ ആൾക്കൂട്ടത്തിൽ നിന്ന് മാറി നിന്നിരുന്ന ശ്രീനിവാസനെ തേടിപ്പിടിച്ച് ഞാൻ അഭിനന്ദനങ്ങൾ അറിയിച്ചു.അതിലെ ഓരോ ഡയലോഗുകളും ഓർത്തെടുത്തു പറഞ്ഞു. ശ്രീനി അതൊക്കെ കേട്ട് ചെറിയൊരു ചിരിയോടെ നിന്നതേയുള്ളൂ. ഒരുമിച്ചൊരു പടം ചെയ്യണമെന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷെ പറഞ്ഞില്ല.പിന്നീട് ടി.കെ.ബാലചന്ദ്രനുവേണ്ടി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഞാൻ ശ്രീനിവാസനെക്കുറിച്ച് ആലോചിച്ചു.

നെടുമുടി വേണുവാണ് മേൽവിലാസം തന്നത്.  എനിക്കും ശ്രീനിക്കും അന്ന് ഫോണില്ല. രണ്ടും കല്പിച്ച് ഞാനൊരു ടെലിഗ്രാം ചെയ്തു‌. കൃത്യമായി ശ്രീനിക്കത് കിട്ടി. മദ്രാസിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിലെത്തി സംസാരിച്ചു തുടങ്ങുന്നതിനു മുമ്പേ ശ്രീനി പറഞ്ഞു, ഞാനൊരു എഴുത്തുകാരനൊന്നുമല്ല.നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഒരു തിരക്കഥ എഴുതാൻ കഴിയുമെന്നും ഉറപ്പില്ല  എന്നും ശ്രീനിവാസൻ പറഞ്ഞു.

ആ സത്യസന്ധത എന്റെ മനസിനെ തൊട്ടു. ഞാൻ പറഞ്ഞു, ‘ഞാനും അത്രയേ വിചാരിച്ചിട്ടുള്ളൂ. നമുക്കൊന്നു ശ്രമിച്ചുനോക്കാം’. എന്നിട്ട് മനസിലുള്ള ഒരാശയം പറഞ്ഞു. ഇടത്തരക്കാരനായ ഒരു ചെറുപ്പക്കാരൻ. മാസശമ്പളംകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നൊരു പാവം.  അതേ അവസ്ഥയിലുള്ള ഒരു പെൺകുട്ടിയുടെ ജീവിതവും . ഒടുവിൽ കഥ കേട്ട് ശ്രീനി പറഞ്ഞു നമ്മൾക്ക് ഇത് ചെയ്യാമെന്ന്, അങ്ങനെയാണ് ടി.പി ബാലഗോപാലൻ എം.എ എത്തുന്നത്, സത്യൻ അന്തിക്കാട് പറഞ്ഞു.