
അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. മതിയായ രേഖകളില്ലാതെ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് സൈനിക വിമാനം തിങ്കളാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടു. മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരായ ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപടികൾ ശക്തമാക്കുന്നതിനിടെയാണ് ആദ്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. നാടുകടത്തലിനായി ഏകദേശം 18,000 രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാരുടെ ഒരു പ്രാരംഭ പട്ടിക യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്തയ്യാറാക്കിയിയിരുന്നു. എങ്കിലും നിലവിൽ പുറപ്പെടുന്ന വിമാനത്തിൽ എത്രപേർ ഉണ്ടായിരിക്കുമെന്ന് വ്യക്തമല്ല. പ്യൂ റിസർച്ച് സെന്ററിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള ഏകദേശം 7,25,000 അനധികൃത കുടിയേറ്റക്കാർ യു.എസിൽ താമസിക്കുന്നുണ്ട്.
മെക്സിക്കോക്കും എൽ സാൽവഡോറിനും ശേഷം അമേരിക്കയിൽ ഏറ്റവും അധികമുള്ളത് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. യുഎസിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ആ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുമ്പ് പറഞ്ഞത്. നധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി സുഗമമാക്കുന്നതിനായി ട്രംപ് ഭരണകൂടം യുഎസ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.











