കലാജീവിതത്തിന്റെ തുടക്കത്തിൽ പ്രോത്സാഹനം തരുന്ന ഒരാളെ ജീവിതകാലത്തോളം മറക്കാൻ കഴിയില്ല! അങ്ങനൊരാളാണ് അദ്ദേഹം; ബിജുക്കുട്ടൻ

താൻ കോമഡി ആരംഭിച്ചു കരിയറിലെത്തിയ സാഹചര്യത്തെ കുറിച്ച് പറയുകയാണ് നടൻ ബിജുക്കുട്ടൻ. താൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് നടൻ സലിം കുമാറിനൊപ്പം മഹാരാജാസ് കോളേജിൽ മിമിക്രി അവതരിപ്പിക്കാൻ പോയത്. എനിക്ക് സലീമേട്ടനോട് ഒരുപാട് കടപ്പാട് ഉണ്ട്, നടൻ പറയുന്നു. അതുപോലെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ടൈല്‍സിന്റെ പണിക്ക് പോയി തുടങ്ങി. സുഹൃത്ത് രാജേഷിന്റെ കൂടെയാണ് പണി. അത്യാവശ്യം മിമിക്രി പരിപാടിയുമുണ്ട് അപ്പോൾ , ബിജുക്കുട്ടൻ പറഞ്ഞു.

എന്റെ അമ്മ വീടിന്റെ അടുത്താണ് സലിം കുമാര്‍ താമസിക്കുന്നത്. ഇടയ്‌ക്കൊക്കെ ചേട്ടനെ പോയി കാണും, സംസാരിക്കും. പഠിക്കുന്ന സമയത്താണ് മഹാരാജാസ് കോളജില്‍ ചേട്ടനൊപ്പം മിമിക്രി കളിക്കാന്‍ പോയത്. കലാജീവിതത്തിന്റെ തുടക്കത്തില്‍ പ്രോത്സാഹനം തരുന്ന ഒരാളെ ജീവിതകാലത്തോളം മറക്കാന്‍ കഴിയില്ല. അങ്ങനെയൊരാളാണ് എനിക്ക് സലീമേട്ടന്‍. അതുകൊണ്ട് അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. സലീമേട്ടനുമായി എനിക്ക് മറ്റൊരു ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ അധ്യാപിക കൂടിയാണ്.

തുടക്കകാലത്ത് പല ട്രൂപ്പുകളിലും കയറിപ്പറ്റാന്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എല്ലാം പരാജയപ്പെട്ടു കഴിഞ്ഞപ്പോള്‍ ഒരു തീരുമാനമെടുത്തു. സ്വന്തം ട്രൂപ്പ് തുടങ്ങുക. അങ്ങനെ ഞങ്ങൾ ’മാട്ട’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തട്ടിക്കൂട്ട് പ്രോഗ്രാമുകള്‍ ചെയ്യാൻ തുടങ്ങി, അങ്ങനെയൊരു പ്രോഗ്രാം കഴിഞ്ഞ് തിരികെ പോകാനൊരുങ്ങി നില്‍ക്കുന്നു ഞങ്ങള്‍. കാശ് വാങ്ങാന്‍ കമ്മിറ്റി ഓഫീസിലേക്ക് പോയ സുഹൃത്തിനെ കാണാനില്ല. പിന്നീട് ഒരാൾ വന്നു പറഞ്ഞു, നിങ്ങളുടെ കൂടെ വന്നയാള്‍ അവിടെ തല കറങ്ങി വീണു. ഇപ്പോള്‍ കുഴപ്പമില്ല. അത് കേട്ടതും ഞങ്ങളെല്ലാവരും അങ്ങോട്ടോടി.

അവന്റെ കയ്യില്‍ 2500 രൂപ ചുരുട്ടി പിടിച്ചിട്ടുണ്ട്. കുറച്ചു വെള്ളം കൊടുത്തു പതിയെ അവനെയും കൊണ്ട് അവിടെ നിന്ന് പോയി. പിന്നെയാണ് കാര്യം മനസിലായത്. പരിപാടി ബുക്ക് ചെയ്യുന്ന സമയത്ത് ഞങ്ങള്‍ കമ്മിറ്റിക്കാരോട് പറഞ്ഞത് രണ്ടര രൂപയാണെങ്കില്‍ പരിപാടി കളിക്കാം എന്നാണ്. ബുക്ക് ചെയ്യാന്‍ വന്ന ചേട്ടന്‍ രണ്ട് രൂപ തരാം എന്നാദ്യം പറഞ്ഞെങ്കിലും അവസാനം രണ്ടര രൂപയ്ക്ക് തന്നെ സമ്മതിച്ചു. സുഹൃത്തിന് തല കറങ്ങാന്‍ കാരണം അതാണ്. ഞങ്ങള്‍ ഉദ്ദേശിച്ച രണ്ടര 250 രൂപയാണ്. കമ്മിറ്റിക്കാര്‍ ധരിച്ചത് 2500 രൂപ, ഇതാണ് മനുഷ്യനെ സന്തോഷം വന്നലും തല കറങ്ങും, ബിജുക്കുട്ടൻ പറയുന്നു.