മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു

മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും സത്യൻ അന്തിക്കാടും ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനുള്ള തുടക്കം കുറിച്ചത്. ഈ പൂജയിൽ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും പങ്കുചേർന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷൻ പൂണൈ മുൻ നിറുത്തിയാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ താരമായ മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട് എന്നുള്ളതാണ്.

സിനിമയുടെ കഥ അഖിൽ സത്യന്റേതാണ്. അനൂപ് സത്യൻ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്നു. നവാഗതനായ സോനു ടി.പി യാണ് ചിത്രത്തിന്റെ സംഭാഷണവും, തിരക്കഥയും നിർവഹിക്കുന്നത്. ചിത്രത്തിൽ സംഗീതയും അഭിനയിക്കുന്നുണ്ട്, കൂടാതെ നിഷാൻ, ജനാർദനൻ, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.കൂടാതെ പ്രേമലു എന്ന ചിത്രത്തിൽ അമൽ ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത് ഈ ചിത്രത്തിൽ അഭിനയിക്കുന്നു.