ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് കോടികളുടെ സ്വത്ത് എഴുതി വെച്ച് ആരാധിക

നിഷ പാട്ടീല്‍ തന്റെ മരണശേഷം 72 കോടി വിലമതിക്കുന്ന തന്റെ സ്വത്തുക്കള്‍ സഞ്ജയ് ദത്തിന്റെ പേരിലേക്ക് വില്‍പത്രം തയ്യാറാക്കി

ഒരു പ്രശസ്ത ബോളിവുഡ് നടനും ചലച്ചിത്ര നിർമാതാവുമാണ് സഞ്ജയ് ദത്ത്. ഇപ്പോൾ താരത്തിനോട് ആരാധന തോന്നി ഒരു ആരാധിക തന്റെ സ്വത്തുക്കൾ എഴുതിവെച്ച സംഭവമാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. മരണത്തിന് മുമ്പ് കോടികള്‍ വിലമതിക്കുന്ന തന്റെ മുഴുവന്‍ സ്വത്തും സഞ്ജയ് ദത്തിനായി എഴുതി വച്ച ഒരു വിചിത്രയായ ആരാധിക. 2018ല്‍ ആണ് ഈ സംഭവം നടന്നിരിക്കുന്നത്. സഞ്ജയ് ദത്തിന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കോള്‍ വരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.

മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീലാണ് ആരാധകരെയടക്കം ഞെട്ടിച്ചത്. നിഷ പാട്ടീല്‍ തന്റെ മരണശേഷം 72 കോടി വിലമതിക്കുന്ന തന്റെ സ്വത്തുക്കള്‍ സഞ്ജയ് ദത്തിന്റെ പേരിലേക്ക് വില്‍പത്രം തയ്യാറാക്കി വയ്ക്കുകയായിരുന്നു. ഒരിക്കല്‍ പോലും സഞ്ജയ് ദത്തിനെ കണ്ടിട്ടില്ലാത്ത നിഷ പാട്ടീലിന്റെ ഈ പ്രവര്‍ത്തി താരത്തില്‍ വളരെയധികം ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.

മുംബൈയില്‍ നിന്നുള്ള 62കാരിയായ നിഷ മാരകമായ രോഗവുമായി പോരാടുകയും തന്റെ സ്വത്തുക്കള്‍ മുഴുവന്‍ നടന് കൈമാറാന്‍ ബാങ്കിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തതായാണ് റിപോര്‍ട്ടുകള്‍. എന്നാൽ നിഷാ പാട്ടീലുമായി യാതൊരു പരിചയവുമില്ലാത്തതിനാല്‍ 72 കോടിയുടെ സ്വത്ത് സ്വന്തമാക്കാന്‍ താരത്തിന് പദ്ധതിയില്ല എന്ന് സഞ്ജയ് ദത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു.