വിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കൂ!സിനിമ മേഖല പൊതുസമൂഹത്തിനു മുന്നിൽ അപഹാസ്യരാകുന്നു, സാന്ദ്ര തോമസ്

ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണ് ,സാന്ദ്ര തോമസ്

സാന്ദ്ര തോമസ് സിനിമാ മേഖലയിൽ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നുപറയുകയാണ്, തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ. വിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കൂ എന്ന് തുടക്കത്തിലാണ് നടി തന്റെ കുറിപ്പ് തുടങ്ങുന്നത്..കലാ-സാംസ്കാരിക മേഖലയിലെ വിദ്വേഷവും അഭിപ്രായവ്യത്യാസങ്ങളും പൊതുസമൂഹത്തിന് മുന്നിൽ സിനിമയെ അപഹാസ്യമായിടത്തേക്ക് കൊണ്ടുപോകുന്നു. സിനിമാ മേഖലയോട് പൊതുവേ സമൂഹത്തിന് അവജ്ഞയോ വെറുപ്പോ പുച്ഛമോ ഉള്ളതായിട്ടാണ് തനിക്ക് മനസിലായതെന്നും ,അതുകൊണ്ട് സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഈ മേഖലയിലെ എല്ലാ സംഘടനകളും ഒരു വട്ടമേശക്ക് ചുറ്റും ഇരുന്നുകൊണ്ട് പരിഹാരം കാണേണ്ടതാണെന്നും സാന്ദ്ര പറഞ്ഞു.

അല്ലെങ്കിൽ സിനിമാമേഖല പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാവും . വിലക്കുകൊണ്ടോ ബഹിഷ്കരണം കൊണ്ടോ അച്ചടക്കനടപടി കൊണ്ടോ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല. ഒരു സിനിമയുടെ ബഡ്ജറ്റ് നിശ്ചയിക്കുന്നതും താരങ്ങളെ നിശ്ചയിക്കുന്നതും അതിനെ മാർക്കറ്റ് ചെയ്യുന്നതും റിലീസ് തിയതി നിശ്ചയിക്കുന്നതും ഒരു നിർമ്മാതാവിന്റെ പൂർണ്ണ സ്വാതന്ത്ര്യത്തിലും അവകാശത്തിലുംപെട്ട കാര്യമാണ് . പ്രത്യേകിച്ച് ഒട്ടനവധി സിനിമകൾ നിർമ്മിക്കുകയും വരുംവരായികകളെ കുറിച്ച് കൃത്യമായി ബോധ്യവുമുള്ള ഒരു നിർമ്മാതാവിന്റെ പെരെടുത്തു പറഞ്ഞുകൊണ്ട് അതിന്റെ ബഡ്ജറ്റിനെ കുറിച്ച് ഒരു പത്രസമ്മേളനത്തിലൂടെ വിമർശന സ്വഭാവത്തോടുകൂടി നിർമ്മാതാക്കളുടെ സംഘടനയുടെ ഒരു ഉപ ഭാരവാഹി പ്രതികരിച്ചത് ഒട്ടും ഉചിതമായ നടപടിയല്ല . എന്നാൽ ആ പത്രസമ്മേളനത്തിൽ പറഞ്ഞ മറ്റ്‌ ചില കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കേണ്ടതുമാണ്.

താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു പരിധിക്കപ്പുറം ഇടപെടാൻ സംഘടനകൾക്കു ആവില്ല . കാരണം ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണ് . എന്നാൽ താരത്തിന് പ്രതിഫലം കൂടാതെ ചില പകർപ്പവകാശങ്ങളും കൂടി കൊടുക്കേണ്ടി വരുന്നു എന്നുള്ളത് ഗൗരവപൂർവം ചർച്ച ചെയേണ്ടതാണ് . അവിടെയാണ് ശ്രീ സുരേഷ്‌കുമാറിന്റെ നിർമ്മാതാക്കൾ വെറും കാഷ്യർമാരാണോ എന്ന ചോദ്യത്തിന് പ്രസക്തി. നിർമ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോൾ നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബഡ്ജറ്റ് സിനിമയുടെ പണിപ്പുരയിൽ ആണെന്നുള്ളതാണ് വൈരുധ്യം .. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ബിഗ് ബഡ്ജറ്റ് സിനിമയുമായി ബന്ധപ്പെട്ട് ശ്രീ സുരേഷ്‌കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യത്തോട് അസോസിയേഷന്റെ പ്രെസിടെന്റിനു പോലും യോജിപ്പില്ല എന്നാണ് വ്യക്തമാവുന്നത്.

ഇന്ന് മലയാള സിനിമ മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം സിനിമമേഖലയിലെ സംഘടനകൾ അതാത് സമയങ്ങളിലെ വിഷയങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനു പകരം അതാത് കാലങ്ങളിൽ നേതൃത്വത്തിൽ ഇരിക്കുന്നവരുടെ വ്യക്തിതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സംഘടന നേതൃത്വത്തിൽ തുടർന്ന് പോകുന്നതിനു വേണ്ടിയും കാലാകാലങ്ങളിൽ എടുത്ത തീരുമാനങ്ങൾ ആണ് ഈ ദുരവസ്ഥയിലേക്ക് എത്തിച്ചത്. സിനിമ മേഖലയിൽ മൊത്തത്തിൽ ഒരു മാർഗ്ഗനിർദ്ദേശത്തിനു പ്രസക്തിയുണ്ടെന്നാണ് സമീപകാല സംഭവവികാസങ്ങൾ നമ്മെ ഓർമ്മ പെടുത്തുന്നത് . അത് നിർമ്മാതാക്കൾക്കും ലൈറ്റ് ബോയ് മുതൽ സംവിധായകൻ വരെയുള്ള ചെറുതും വലുതുമായ എല്ലാ ടെക്‌നീഷൻസ്നും ജൂനിയർ ആർട്ടിസ്റ്റു മുതൽ മെഗാ താരങ്ങൾ വരെയുള്ള താരങ്ങൾക്കും തൊഴിൽ സ്ഥിരതയും നല്ല തൊഴിൽ അന്തരീക്ഷവും ഉണ്ടാകാൻ ഉതകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഒരുമിച്ചിരുന്ന് ചർച്ചചെയ്തു തീരുമാനിക്കേണ്ടതാണ് . ശ്രീ സുരേഷ്‌കുമാർ പറഞ്ഞതുപോലെ ഒരുഭാഗത്തു മണിമാളികകളും ആഡംബരവാഹനങ്ങളും ഒരു ന്യൂനപക്ഷം സ്വന്തമാക്കുമ്പോൾ മറുഭാഗത്തു കുറച്ചുപേർക്ക് കിടപ്പാടം നഷ്ടപ്പെടുകയും സാമ്പത്തികബാധ്യത കുമിഞ്ഞു കൂടുകയും ചെയുന്നു . ഇതൊരു നല്ല വ്യവസായത്തിന്റെ ലക്ഷണങ്ങളല്ല ,നടപടിയെടുക്കാനും ഒറ്റപ്പെടുത്താനും സമരം ചെയ്യാനും വലിയ സാമർത്യവും ബുദ്ധിയും ആവശ്യമില്ല , നമ്മൾ ഒരുമിച്ചു വളരാനാണ് ബുദ്ധി പ്രയോഗിക്കേണ്ടത് അതിനുള്ള എല്ലാ പ്രാപ്തിയും കഴിവും നേതൃത്വത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .