
മലയാള സിനിമാ നിർമാണ രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. താരങ്ങളിൽ പലരും കനത്ത പ്രതിഫലമാണ് വാങ്ങുന്നത്. ഇതൊക്കെ ഒന്ന് കുറയ്ക്കണം എന്നാണ് പ്രൊഡ്യൂസേർസ് അസോസിയേഷൻ ചൂണ്ടി കാണിക്കുന്നത്. യുവ താരങ്ങളിൽ എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ലെന്നും മര്യാദക്കാരായവരുണ്ടെന്നും നിർമാതാവ് ജി സുരേഷ് കുമാർ പറയുകയുണ്ടായി. നടൻ ധ്യാൻ ശ്രീനിവാസൻ വാങ്ങുന്ന പ്രതിഭലത്തെപ്പറ്റിയും സുരേഷ് കുമാർ സംസാരിച്ചു. പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്താണ് ധ്യാൻ ശ്രീനിവാസൻ അഭിനയിക്കാറെന്ന് സുരേഷ് കുമാർ പറയുന്നു. ധ്യാൻ ശ്രീനിവാസൻ ഒരു നിശ്ചിത തുക വാങ്ങിക്കും. അപ്പോൾ അവരെ വെച്ച് പടമെടുക്കുന്ന പ്രൊഡ്യൂസർക്ക് നഷ്ടമില്ല. നഷ്ടം വന്നാലും ഇത്രയേ വരുന്നുള്ളൂ. അങ്ങനെയാെരു കമ്മിറ്റ്മെന്റ് വേണ്ടേ എന്നാണ് സുരേഷ് കുമാർ ചോദിക്കുന്നത്. ഞാൻ മാത്രമേയുള്ളൂ എന്ന ചിന്ത മാറ്റണം. നമ്മൾ മാത്രമല്ല ജീവിക്കേണ്ടത്, ചുറ്റിലും ഇഷ്ടം പോലെ ടെക്നീഷ്യൻസുണ്ട്. മണിമാളികയും കാറും വാങ്ങുമ്പോൾ ആ പാവപ്പെട്ടവന് ഒരു സ്കൂട്ടറെങ്കിലും വാങ്ങാൻ പറ്റേണ്ടേ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. പ്രതിഫലം കുറച്ചാൽ സിനിമ ലാഭത്തിൽ ഓടും.
താരങ്ങൾ ശമ്പളത്തിന് പുറമെ ഓവർസീസ് റെെറ്റ്സും കൂടെ വാങ്ങുകയാണ്. അത് പ്രൊഡ്യൂസറിന് കിട്ടേണ്ട പൈസയല്ലേ. നഷ്ടം വന്നാൽ എന്ത് ചെയ്യും. എന്തിനാണ് ഇത്ര ആർത്തിയെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ യൂട്യൂബ് ചാനൽ വരികയാണ്. എല്ലാ കണക്കും എല്ലാ മാസവും പുറത്ത് വിടും. എത്ര രൂപ കലക്ട് ചെയ്തെന്ന് സർക്കാരിന് പോലും അറിയില്ലെന്നും സുരേഷ് കുമാർ പറയുന്നു. മലയാളത്തിൽ തുടരെ സിനിമകൾ ചെയ്യുന്ന നടനാണ് ധ്യാൻ. ഒന്നിന് പിറകെ ഒന്നായി നടന് റിലീസുകളുണ്ട്. സിനിമകൾ തുടരെ വപരാജയപ്പെട്ടിട്ടും ധ്യാനിന് വീണ്ടും അവസരങ്ങൾ വന്നു. നിർമാതാക്കൾക്കോ സംവിധായകർക്കോ ധ്യാനിന്റെ കാര്യത്തിൽ പരാതിയൊന്നും ഇല്ല.
സുരേഷ് കുമാറിന്റെ അഭിമുഖത്തിൽ ടൊവിനോ തോമസിനെയും പരാമർശിക്കുന്നുണ്ട്. പുതിയ ചിത്രത്തിൽ ടൊവിനോ തോമസ് പ്രതിഫലത്തിൽ വിട്ട് വീഴ്ച ചെയ്തെന്നാണ് അറിഞ്ഞതെന്ന് സുരേഷ് കുമാർ പറയുന്നു. സിനിമാ സമരവുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേർസ് അസോസിയേഷന്റെ തീരുമാനം. ജൂൺ ഒന്ന് മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മലയാള സിനിമാ നിർമാണ രംഗത്തെ പ്രതിസന്ധി സംബന്ധിച്ച് നിർമാതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ജൂൺ ഒന്നിന് പ്രഖ്യാപിച്ച സിനിമാ സമരത്തെ പലരും അംഗീകരിക്കുന്നില്ല. പ്രൊഡ്യൂസേർസ് അസോസിയേഷനെ പ്രതിനിധീകരിച്ച് കൊണ്ട് നിർമാതാവ് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ ആന്റണി പെരുമ്പാവൂർ പരസ്യമായി രംഗത്ത് വന്നിരുന്നു












