യൂട്യൂബ് വഴി അപമാനിച്ചു! സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകരും, യുട്യൂബറുമാരുമായ ശാന്തിവിള ദിനേശ്, ജോസ് തോമസ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു

ഈ മലീമസമായ സംസ്കാരത്തിനും മാലിന്യങ്ങൾക്കും എതിരെ എല്ലാവരും അണിചേരുക എന്നായിരുന്നു സാന്ദ്രയുടെ കുറിപ്പ്

നടിയും, നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതിയില്‍ സംവിധായകരും, യൂട്യൂബര്‍മാരുമായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് ആണ് ഇവർക്കെതിരെ കേസെടുത്തത്. യൂട്യൂബ് ചാനൽ വഴി തന്നെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. ഇരുവരും ഫെഫ്ക അംഗങ്ങളാണെന്ന്, ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ സാന്ദ്ര പറയുന്നു. സാന്ദ്രയുടെ പോസ്റ്റ് രൂപം ഇങ്ങനെ… ശാന്തിവിള ദിനേശിനെതിരെയും ജോസ് തോമസിനെതിരെയും FIR.

ഒളിഞ്ഞിരുന്ന് യൂട്യൂബ് ചാനലിലൂടെ അസത്യങ്ങൾ വിളിച്ചു പറയുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്യുന്ന ഫെഫ്ക ഭാരവാഹിയായ ജോസ് തോമസ് യൂട്യൂബ് ചാനലിലൂടെ മാലിന്യങ്ങൾ തള്ളികൊണ്ടിരിക്കുന്ന മറ്റൊരു FEFKA അംഗം ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ പ്രതികരിച്ചേ കഴിയൂ. സ്ത്രീകൾ നിശ്ശബ്ദരായിരുന്ന് ശരിയാകുമെന്നും പറഞ്ഞു കാത്തിരുന്നാൽ ഇവർ കൂടുതൽ ശക്തരാവുകയും ആക്രമത്തിന്റെ ദംഷ്ട്രകൾക്ക് മൂർച്ചകൂടുകയും ചെയ്യും . ഈ മലീമസമായ സംസ്കാരത്തിനും മാലിന്യങ്ങൾക്കും എതിരെ എല്ലാവരും അണിചേരുക എന്നായിരുന്നു സാന്ദ്രയുടെ കുറിപ്പ്.

അതേസമയം ജനുവരിയില്‍  പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. നിർമാതാവ് ആന്റോ ജോസഫാണ് ഈ കേസിലെ  രണ്ടാം പ്രതിയാണ്.  ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും, സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്.