‘എമ്പുരാൻ’ ചിത്രത്തിലേക്ക് എന്നെ ആകർഷിച്ചത് രണ്ടു കാര്യങ്ങൾ; നടൻ കിഷോർ കുമാർ

മലയാളത്തിലും ഇംഗ്ലീഷിലുമാണ് എന്റെ മിക്ക ഡയലോഗും. വളരെ ലെങ്ത്തിയായിട്ടുള്ള ഡയലോഗുകളായിരുന്നു അത്, കിഷോർ

മലയാളിപ്രേക്ഷകർ കാത്തിരിക്കുന്ന ഒരു സൂപ്പർഹിറ്റ്‌ ചിത്രമാണ് ‘എമ്പുരാൻ’. ചിത്രത്തിൻറെ ആദ്യഭാഗത്തെക്കാള്‍ വലിയ ബജറ്റില്‍ ഒരുങ്ങുന്ന എമ്പുരാന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ ഇപ്പോൾ പുറത്തുവിടുകയാണ്. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളെയാണ് അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ പത്താമത്തെ കഥാപാത്രമായി പുറത്തുവിട്ടത് കിഷോര്‍ കുമാറിന്റേതാണ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കിഷോര്‍ കാര്‍ത്തിക് എന്ന ഐ.ബി ഉദ്യോഗസ്ഥനായാണ് എമ്പുരാനില്‍ വേഷമിടുന്നത്. ഇപ്പോൾ നടൻ എമ്പുരാന്റെ വിശേഷങ്ങൾ തുറന്നുപറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.

ഈ ചിത്രത്തിൽ തന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ കാര്യം അതിന്റെ ആദ്യഭാഗം നേടിയ വിജയമാണ് , കിഷോര്‍ പറയുന്നു. എമ്പുരാന്‍ എന്ന ചിത്രം ഞാന്‍ കമ്മിറ്റ് ചെയ്യാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ആദ്യഭാഗമായ ലൂസിഫര്‍ കൈവരിച്ച വന്‍ വിജയമാണ് അതില്‍ ആദ്യത്തേത്. പിന്നെ നടന്‍ എന്ന നിലയില്‍ അത്ഭുതപ്പെടുത്തിയ പൃഥ്വിരാജ് സംവിധായകനാകുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന് അറിയുക എന്നതാണ് രണ്ടാമത്തെ കാരണം, കിഷോർ പറഞ്ഞു.

എമ്പുരാനില്‍ എന്റെ കഥാപാത്രം ഒരു ഐ.ബി. ഉദ്യോഗസ്ഥനാണ്. സിനിമയിലെ രണ്ട് ലോകങ്ങളുമായി ലിങ്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍ അവതരിപ്പിക്കുന്ന കാര്‍ത്തിക് എന്ന ക്യാരക്ടര്‍. മലയാളത്തിലും ഇംഗ്ലീഷിലുമാണ് എന്റെ മിക്ക ഡയലോഗും. വളരെ ലെങ്ത്തിയായിട്ടുള്ള ഡയലോഗുകളായിരുന്നു അത്. മലയാളിയല്ലാത്തതുകൊണ്ട് അതെല്ലാം പഠിച്ചെടുക്കാന്‍ കുറച്ച് പാടുപെട്ടു.എങ്ങനെ പ്രസന്റ് ചെയ്താലും കുറച്ചുകൂടി ഫാസ്റ്റായി പറയാന്‍ പൃഥ്വി ആവശ്യപ്പെടുമായിരുന്നു. എനിക്ക് അത് വലിയൊരു ചാലഞ്ചായിരുന്നു, കിഷോർ കുമാർ പറയുന്നു.