ഇപ്പോൾ നടക്കുന്ന ക്രൈമുകളുടെ കാരണം സിനിമയെന്ന് ഞാൻ വിശ്വസിക്കുന്നില്ല! സിനിമയിലെ കൊക്കെയിൻ ഗ്ലുക്കോസ് പൊടി, എന്നാൽ നാട്ടിൽ ഒർജിനൽ; ‘മാർക്കോ’യെ പിന്തുണച്ചു വി എ ശ്രീകുമാർ

നന്മയാണ് ആർട്ടിൽ ഏറെയും ഉള്ളത്. എന്നു കരുതി ആ സ്വാധീനം നാട്ടിലാകെ ഇല്ലല്ലോ?

കുട്ടികളിൽ വർധിച്ചു വരുന്ന അക്രമാസക്തിയും, സിന്തറ്റിക് ലഹരി ഉപയോഗവും സിനിമയുടെ സ്വാധീനം കൊണ്ടാണെന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ. വി.എ. ശ്രീകുമാർ. നാട്ടിലെ അക്രമവാസനയ്ക്കും ലഹരി ആസക്തിക്കും കാരണം സിനിമയാണെന്നു വിശ്വസിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ‘മാർക്കോ’ സിനിമയുടെ സാറ്റലൈറ്റ്, ഒടിടി പ്രദർശനം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും സംവിധായകൻ പറയുന്നു. ജീവിതത്തിൽ മദ്യമോ സിഗററ്റോ മറ്റ് ലഹരികളോ ഉപയോഗിക്കാത്ത ഒരാളാണ് ഞാൻ എന്ന ആമുഖത്തോടെ പറയട്ടെ.. എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാർ തന്റെ വാക്കുകൾ തുടർന്നത്.

സിനിമ അടക്കമുള്ള ആർട്ടുകൾ നൽകുന്ന സന്ദേശമാണ് ഇപ്പോൾ നടക്കുന്ന കൊടും ക്രൈമുകളുടെ കാരണം എന്നു ഞാൻവിശ്വസിക്കുന്നില്ല. നന്മയാണ് ആർട്ടിൽ ഏറെയും ഉള്ളത്. എന്നു കരുതി ആ സ്വാധീനം നാട്ടിലാകെ ഇല്ലല്ലോ. സ്വാധീനിച്ചാൽ തന്നെ ഉപയോഗിക്കാനുള്ള നിരോധിത ലഹരികൾ എങ്ങനെ സ്കൂൾ കുട്ടികളിൽ വരെ എത്തുന്നു?ശ്രീകുമാർ ചോദിക്കുന്നു.ആ വലിയ വല നെയ്ത് കുട്ടികളെ കുടുക്കുന്ന ആ വിഷ ചിലന്തി ആരാണ്? ആ കണ്ണി മുറിക്കാത്തത് എന്തുകൊണ്ട്? വ്യാപകമായും പ്രബലമായും നിരോധിത മയക്കു മരുന്നുകൾ ലഭ്യമാക്കുന്ന വേരല്ലേ അറുക്കേണ്ടത്?

ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിട്ട് വളർന്നു പടർന്നു പന്തലിച്ചു. ആ മാഫിയയുടെ മുന്നിലാണ് നമ്മൾ തോൽക്കുന്നത്.  നാർക്കോട്ടിക് ബിസിനസ് അവസാനിക്കാൻ ജനജാഗ്രത വേണം. മാർക്കോയുടെ സാറ്റലൈറ്റ്, ഒടിടി പ്രദർശനം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. ലോകത്ത് വയലൻസിനെ ചിത്രീകരിച്ച അനേകം സിനിമകളുണ്ട്. ഇതിഹാസങ്ങളുണ്ട്. ആർട് നിരോധിച്ച് കുറ്റം ചാർത്തിയാൽ തീരുന്നതല്ല പ്രശ്നം. സിനിമയിലെ കൊക്കെയ്ൻ ഗ്ലൂക്കോസ് പൊടിയാണ്. എന്നാൽ നാട്ടിൽ ഉള്ളത് ഒറിജിനലും, ശ്രീകുമാർ പറയുന്നു.