വിസ്‌മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവുകളില്ല; മാധ്യമവിചാരണ കാരണമാണ് താൻ ശിക്ഷിക്കപ്പെട്ടത്, വിസ്‌മയ കേസിലെ ഒന്നാം പ്രതി കിരൺകുമാറിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

വിസ്മയ കേസിൽ ഭർത്താവും, കേസിലെ ഒന്നാം പ്രതിയുമായ കിരൺ കുമാറിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. തന്റെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരൺ കുമാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും ,വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നുമാണ്  ഹർജിയിൽ കിരൺ കുമാറിന്റെ വാദം. താൻ മാധ്യമ വിചാരണ കാരണമാണ് ശിക്ഷിക്കപ്പെട്ടതെന്നും, ഏകപക്ഷീയവും, നീതിവിരുദ്ധവുമാണ് വിചാരണക്കോടതിയുടെ വിധി. തനിക്കെതിരെ തെളിവുകളില്ല, രേഖകളുമില്ല,വിസ്മയയുടെ മരണവുമായി നേരിട്ട് ബന്ധിപ്പിക്കാൻ ഒരു കണ്ണിയുമില്ലെന്നുമാണ് കിരൺ കുമാറിന്റെ ഹർജിയിലെ വാദം.

അതുപോലെ , ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും മതിയായ തെളിവില്ലന്നും. എന്നിട്ടും തെറ്റായ വിചാരണയുടെ അടിസ്ഥാനത്തിൽ പത്ത് വർഷത്തേക്ക് തന്നെ ശിക്ഷിച്ചു. ഇതിനകം നാല് വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയായി എന്നും കിരൺ കുമാറിന്റെ ഹർജിയിൽ പറയുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ മറുപടി നൽകിയേക്കും. വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ നൽകിയ ഹർജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.

അതേസമയം,2021 ജൂണിലാണ് ബിഎഎംഎസ് വിദ്യാർത്ഥിയായ വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണം ഭർത്താവ് കിരണിന്റെ പീഡനമാണെന്നായിരുന്നു വിസ്‌മയുടെ ബന്ധുക്കളുടെ വാദം.