
എമ്പുരാന്‍ സിനിമ സംബന്ധിച്ച് വിവാദം കനക്കുമ്പോഴും സിനിമാമേഖലയില്‍ നിന്ന് ഈ വിഷയത്തെ സംബന്ധിച്ചുള്ള പ്രതികരണം വളരെ കുറവാണ് എത്തുന്നത്. ചിത്രം തിയേറ്ററില്‍ എത്തിയതിന് പിന്നാലെ പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലിനും മുരളി ഗോപിക്കും എതിരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ന്നിരുന്നു.പിന്നാലെ ഖേദം പ്രകടിപ്പിച്ച് കൊണ്ട് മോഹന്‍ലാല്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്യുകയും ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു.ഇപ്പോൾ, മോഹന്‍ലാലിന്റെ ഖേദ പ്രകടനം പൃഥ്വിരാജ് പങ്കുവെച്ചതിനെ കുറിച്ച് നിര്‍മാതാവ് എ.എസ്. ഗിരീഷ് ലാല്‍ തുറന്നുപറയുകയാണ് ഒരു അഭിമുഖത്തിൽ.

എം. മോഹനന്‍ പൃഥ്വിരാജിന് നായകനാക്കി സംവിധാനം ചെയ്ത ‘മാണിക്യക്കല്ല്’ എന്ന സിനിമയുടെ നിര്‍മാതാവാണ് എ.എസ്. ഗിരീഷ് ലാല്‍.അദ്ദേഹം പറയുന്നത്, ഞാന്‍ രാജുവിനെ അടുത്ത് മനസിലാക്കിയ ആളാണ് . എന്തിനും ഒരു നിലപാടുള്ള ആളാണ് രാജു. വ്യക്തമായ നിലപാടുണ്ട്. രാജുവിന് അങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കുന്നതോ, ആരെയെങ്കിലും പറ്റിക്കുന്നതോ ആയ നിലപാടില്ല. അയാള്‍ക്ക് എല്ലാ കാര്യത്തിലും ഒരു വ്യക്തതയുണ്ട്.
രാജു ,തന്റെ നിലപാടില്‍ അയാള്‍ ഉറച്ചു നിന്നാല്‍ അതില്‍ നിന്ന് പിന്നെ ചലിക്കില്ല. ഇവിടെ എമ്പുരാന്‍ വിഷയത്തില്‍ ലാല്‍ സാര്‍ ഇട്ട പോസ്റ്റ് രാജു ഷെയര്‍ ചെയ്തതാണ്. ആര്‍ക്കെങ്കിലും സിനിമ കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ പരിഹരിക്കും, അല്ലെങ്കില്‍ വെട്ടിമുറിച്ച് മാറ്റുമെന്ന് പറഞ്ഞാണല്ലോ ലാല്‍ സാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്.അത് രാജു ഷെയര്‍ ചെയ്തത് വേറെ നിവര്‍ത്തിയില്ലാത്തത് കൊണ്ടാണ്. ലാല്‍ സാറിനെ പോലൊരു സീനിയറായ നടനാണ് കൂടെയുള്ളത്. ഇത്രയും വലിയൊരു പ്രൊജക്ടിന്റെ കഥ കേട്ട് കൂടെനില്‍ക്കുകയും ആ സിനിമയെ പൂര്‍ത്തിയാക്കുകയും ചെയ്ത് ആളാണ്.അങ്ങനെയൊരാളുടെ വാക്കിനെ മറികടക്കാന്‍ മാനസികമായി വിഷമമുള്ളത് കൊണ്ടാകാം രാജു ആ പോസ്റ്റ് ഷെയര്‍ ചെയ്തത്, നിർമാതാവ് പറയുന്നു.












