
‘എമ്പുരാന്‍’ സിനിമയുടെ വിവാദങ്ങള്‍ക്ക് പിന്നാലെ നടനും, സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ചു വിശദ വിവരങ്ങള്‍ നല്‍കണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.കടുവ, ജനഗണമന, ഗോള്‍ഡ് എന്നി ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ നടൻ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍.

നിര്‍മാണ കമ്പനിയുടെ പേരില്‍ പൃഥ്വിരാജ് പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ഇതൊരു സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീരണം. എമ്പുരാന്‍ ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിൽ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള നീക്കവുമെന്നത് ശ്രദ്ധേയമാണ്.
ഗോകുലം ഗോപാലന്റെ കോഴിക്കോട്ടേയും ചെന്നൈയിലേയും സ്ഥാപനങ്ങളിലും വീട്ടിലും ഇ.ഡി. റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിന്‍സിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോര്‍പറേറ്റ് ഓഫീസിലുമാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നത്.ഏറെ വിവാദമായ എമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് ഗോകുലം ഗോപാലന്‍.












