ആ താടി അവിടിരുന്നാൽ ആർക്കാണ് പ്രശ്‌നം! അടിപൊളി ടീസറുമായി ‘തുടരും’

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും, ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മുഖചിത്രം എന്ന പഴയകാല സിനിമയിലെ ‘ചെമ്പരുന്തിന്‍ ചേലുണ്ടേ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ആരംഭിക്കുന്നത്. പിന്നീട് മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും കമല്‍ ഹാസനുമൊക്കെ നില്‍ക്കുന്ന ഫോട്ടോയും കാണിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.ട്രെയ്‌ലറില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ഈ താടി ഇവിടെയിരുന്നാല്‍ ആര്‍ക്കാടാ പ്രശ്‌നം’ എന്ന സീനിന്റെ ചെറിയൊരു ഭാഗമാണ് ടീസറില്‍ കാണിക്കുന്നത്.

മോഹന്‍ലാല്‍,  ശോഭന കോമ്പോയുടെ കെമിസ്ട്രിയാണ് ടീസറിന്റെ ഭംഗി തന്നെ . ട്രെയ്‌ലറിലെ ഹിറ്റ് ഡയലോഗിനെ നല്ലൊരു ബി.ജി.എമ്മിന്റെ രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സാധാരണ കുടുംബനാഥന്റെ വേഷത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും തുടരും എന്ന സിനിമക്കുണ്ട്. ടാക്‌സി ഡ്രൈവറായ ഷണ്മുഖന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്,6 വര്‍ഷത്തിന് ശേഷം ശോഭന മോഹന്‍ലാലിന്റെ നായികയായെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഫാമിലി സബ്ജക്ടിനൊപ്പം സീരിയസായിട്ടുള്ള മറ്റൊരു കഥയും സിനിമ പറയുന്നുണ്ടെന്നാണ് ട്രെയ്‌ലര്‍ നല്‍കിയ സൂചന. മോഹന്‍ലാലിനും ശോഭനക്കും പുറമെ മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ് അലി, തോമസ് മാത്യു, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിലുണ്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്.