
തന്റെ നിലപാടുകൾ തുറന്ന് പറയാൻ മടിയില്ലാത്ത ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് നടി ഷക്കീല. ഇപ്പോൾ നടി നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ ആകുന്നത്. നയൻതാരയെ മാത്രം കടന്നാക്രമിക്കുന്നതിനെതിരെയാണ് ഷക്കീല പറയുന്നത്. തമിഴ് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷക്കീല ഈ കാര്യം പറയുന്നത്. എന്തുകൊണ്ടാണ് നയൻതാരയോട് ആളുകൾക്ക് ഇത്രത്തോളം വെറുപ്പെന്ന് മനസിലാകുന്നില്ല, താൻ മനസിലാക്കിയ ഇടത്തോളം നിരുപദ്രവകാരിയാണ് നടി, തന്നെ ചുറ്റിപറ്റി നിൽക്കുന്നവരെ എക്കാലവും സംരക്ഷിക്കുന്ന വ്യക്തിത്വമാണ് നയൻസിന്റേത്, ഷക്കീല പറയുന്നു.

നയൻതാരയോട് എന്തിനാണ് എല്ലാവർക്കും ദേഷ്യമെന്ന് എനിക്ക് മനസിലാകുന്നില്ല. നിങ്ങളിൽ ആർക്കെങ്കിലും നയൻതാരയപ്പോലെ രണ്ട് കുഞ്ഞുങ്ങളെ സറോഗേറ്റ് ചെയ്ത് നല്ല ജീവിതം കൊടുക്കാൻ സാധിച്ചോ? അതിനുള്ള കഴിവുണ്ടോ?. പ്രസവിക്കാൻ കഴിവില്ലെങ്കിൽ കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിക്കുന്നവരാണ് ഭൂരിഭാഗം പേരും.നയൻതാര അവരുടെ ശരീര ഭംഗി നിലനിർത്തുന്നുണ്ടെങ്കിൽ അതിന് വേണ്ടി ഭക്ഷണത്തിൽ അടക്കം നിയന്ത്രണം വരുത്തി ഒരുപാട് അധ്വാനിക്കുന്നുണ്ട്. തനിക്ക് ലഭിച്ച രണ്ട് കുഞ്ഞുങ്ങളേയും നന്നായി തന്നെയാണ് നയൻതാര നോക്കുന്നത്. നയൻതാരയെ പലരും കുറ്റപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ വീഡിയോകളും മറ്റും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നതിനാണ്.
നയൻതാര മാത്രമല്ല ഭൂരിഭാഗം സെലിബ്രിറ്റികളും അവരുടെ കുഞ്ഞുങ്ങളുടെ വീഡിയോകൾ സോഷ്യൽമീഡിയയിലും യുട്യൂബിലും പങ്കിടുന്നവരാണ്. പിന്നെ എന്തിനാണ് നയൻതാര ചെയ്യുമ്പോൾ മാത്രം അതൊരു പാപമായി കണക്കാക്കുന്നത്. നയൻതാര ലേഡി സൂപ്പർ സ്റ്റാറെന്ന് അറിയപ്പെട്ടാൽ എന്താണ് കുഴപ്പം? നയൻതാര മാത്രമല്ല പോയസ് ഗാർഡനിൽ ധനുഷും രജനി സാറുമെല്ലാം വീട് വാങ്ങിയിട്ടുണ്ട്.അതുപോലെ മൂക്കുത്തി അമ്മൻ സിനിമയുടെ പൂജ ചടങ്ങിൽ വെച്ച് നയൻതാര മീനയെ കണ്ടിട്ടും കാണാത്തതുപോലെ അഭിനയിച്ചതായി തോന്നിയില്ല. അവിടെ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് പോലും മനസിലാക്കാൻ ശ്രമിക്കാതെയാണ് ആളുകൾ നയൻതാര-മീന പ്രശ്നം എന്നൊക്കെയുള്ള രീതിയിൽ വീഡിയോ യുട്യൂബിലിടുന്നത്. ജാതക പ്രകാരം ചിലപ്പോൾ നയൻതാരയ്ക്ക് ഇപ്പോൾ നല്ല സമയം ആയിരിക്കില്ല. അതുകൊണ്ടാകും എല്ലാവരും അവർക്ക് എതിരെ തിരിയുന്നത്.അമ്മായിയമ്മയെ എങ്ങനെയാണ് നയൻതാര ട്രീറ്റ് ചെയ്യുന്നതെന്നും എനിക്ക് അറിയാം. അവർ നന്നായി ജീവിക്കുന്നത് കാണുമ്പോൾ എന്ത് പ്രശ്നമാണ് നിങ്ങൾക്കൊക്കെ വരുന്നത്. ഒരാൾ പറയുന്നത് പോലെ മറ്റൊരാൾ ജീവിക്കണം എന്നൊന്നുമില്ലല്ലോ, ഷക്കീല പറയുന്നു.











