
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തുടരും ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് 70 കോടിയോളമാണ് ഈ ചിത്രം സ്വന്തമാക്കിയത്. ഇപ്പോൾ ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫിനെക്കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. തുടരും സിനിമയുടെ ഷൂട്ടിനിടെയാണ് നിഷാദ് യൂസഫിന്റെ മരണം സംഭവിച്ചത്. പിന്നീട് സ്‌പോട്ട് എഡിറ്ററായ ഷെഫീഖ് എഡിറ്റിങ് ചുമതല നിർവഹിക്കുവായിരുന്നു.

‘ഓപ്പറേഷന്‍ ജാവ’ മുതല്‍ നിഷാദ് എന്റെ കൂടെയുണ്ട്, അന്ന് തൊട്ടേ ,അവൻ എന്തെങ്കിലും വേഷം താ, എന്ന് എന്നോട് പറയുമായിരുന്നു. എന്നാൽ, അവന് ചേരുന്ന വേഷങ്ങള്‍ എനിക്ക് കിട്ടിയില്ല. തുടരും പടത്തിലേക്ക് അവനെ വിളിച്ചപ്പോള്‍ അവനെ ലാലേട്ടന്റെ കൂടെ ഒരു സീനെങ്കിലും വേണമെന്ന് പറഞ്ഞു. പാലക്കാട് ഈ സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ ഞാന്‍ അവനെ വിളിച്ചു. പടം തീരാന്‍ പിന്നീട് മൂന്ന് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അവനെ ലാലേട്ടന്റെ കൂടെ ഒരു സീന്‍ ഞാന്‍ കൊടുത്തു.
അന്ന് അവിടെ വെച്ച് ആര്‍.ജെ. ബാലാജി എന്നെ വിളിച്ചു. നിഷാദ് യൂസഫിനെ പരിചയമുണ്ടെങ്കില്‍ എനിക്ക് നമ്പര്‍ തരുമോ, സൂര്യയുടെ അടുത്ത സിനിമയിലേക്ക് അയാളെ വിളിക്കാനാണെന്ന് പറഞ്ഞു. എന്റെയടുത്ത് അവനുണ്ടായിരുന്നു. അവന്‍ ആ ഓഫര്‍ സ്വീകരിച്ചു. അന്നത്തെ ഷൂട്ട് കഴിഞ്ഞ് നിഷാദ് നേരെ ചെന്നൈയിയില്‍ ‘കങ്കുവ’യുടെ ട്രെയ്‌ലര്‍ ലോഞ്ചിന് പോയി.ഞാൻ രണ്ടു ദിവസത്തിനു ശേഷം ഷൂട്ടൊക്കെ കഴിഞ്ഞ് പുലര്‍ച്ചെ നാല് മണിക്ക് റൂമിലെത്തി, ആ സമയത്ത് പണിയിൽ അഭിനയിച്ച ബോബി ചേട്ടന്‍ എനിക്കൊരു മെസ്സേജ് ഇട്ടു, നിഷാദ് ഞങ്ങളുടെ രണ്ടുപേരുടെയും കൂട്ടുകാരനാണ്, അദ്ദേഹം എനിക്ക് മെസ്സേജ് ഇട്ടു,‘നിഷാദ് പോയി’ അതിന്റെ കൂടെ ഒരു സാഡ് ഇമോജി. ഞാന്‍ പെട്ടെന്ന് ബിനുവിനെ വിളിച്ച് ഈ കാര്യം പറഞ്ഞു. അവന്‍ പോയി എന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല, തരുണ്‍ മൂര്‍ത്തി പറഞ്ഞു.












