സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

പ്രശസ്ത സിനിമ സംവിധായകനും, ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. ഇന്ന് വെെകുന്നേരം 5 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വർഷങ്ങളായി കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിരുന്നു അദ്ദേഹം. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു.കാഞ്ചന സീത, എസ്തപ്പാൻ, ഒന്നുമുതൽ പൂജ്യം വരെ സിനിമകൾക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.

പ്രശസ്ത സം‌വിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി.അദ്ദേഹത്തിന്റെ കീഴിൽ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക ദൃശ്യം തന്നെയാണ് നൽകിയത്. കൊല്ലം ജില്ലയിൽ കണ്ടചിറയിൽ എൻ. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാ‍ജി ജനിച്ചത്. 1963 ൽ അവരുടെ കുടുംബം തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.