
ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്തി. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിൽ എത്തിച്ചേരുകയാണ്. 11 മണിയോടെയാണ് മഠത്തില്‍ വരവ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും. ഉച്ചയ്ക്ക് 3 മണിക്ക് നായ്ക്കനാലിൽ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിത്തിമിർക്കും. വൈകിട്ട് 5.30 നാണ് കുടമാറ്റം തുടങ്ങുന്നത്.
നാളെ പുലര്‍ച്ചെ 3ന് വെടിക്കെട്ട്.പൂരം പ്രമാണിച്ച് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പെഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കമാന്‍ഡോകളെയും വിന്യസിപ്പിച്ചിട്ടുണ്ട്. സ്വരാജ് ഗ്രൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഇന്നലെ ആയിരങ്ങളെ സാക്ഷിയാക്കി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമായത്. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശ്ശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. കഴിഞ്ഞ വർഷത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ശേഷം , ഇത്തവണ തൃശൂർ പൂരം വിജയമാക്കാൻ കൂടുതൽ ആവേശത്തിലാണ് പൂരപ്രേമികൾ.











