
ഒരു മോഹൻലാൽ സിനിമകണ്ടിറങ്ങുന്നവർ മുഴുവൻ അതിലെ വില്ലനെക്കുറിച്ച് സംസാരിക്കണമെങ്കിൽ അയാളുടെ റേഞ്ച് ഒന്ന് വേറെ ആയിരിക്കും, ഒന്നലോചിച്ചു നോക്കിയാൽ. ‘തുടരു’മിലെ ജോർജ് സാറിനെക്കുറിച്ച് മാത്രമല്ല പറയുന്നത് . മോഹൻലാലിനെ വിറപ്പിച്ച വില്ലന്മാർക്ക് ഇന്നും പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഉദാഹരണമായി കിരീടത്തിലെ കീരിക്കാടൻ ജോസ് മുതൽ ,

ഫാബിയൻ റമീറസ് എന്ന സീസണിലെ വില്ലൻ, താഴ്വാരത്തിലെ രാജു, കിലുക്കത്തിലെ സമദ് ഖാൻ, വിയറ്റ്നാം കോളനിയിലെ റാവുത്തർ, ദേവാസുരത്തിലെ മുണ്ടയ്ക്കൽ ശേഖരൻ, സ്പടികം ജോർജ്, ബാലേട്ടനിലെ ഭദ്രൻ, ദൃശ്യത്തിലെ സഹദേവൻ, ലൂസിഫറിലെ ബോബി ഇപ്പോൾ ഒടുവിൽ തുടരുമിലെ പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ വരെ മലയാള സിനിമയിൽ അടയാളപ്പെടുത്തപ്പെട്ടവരാണ്.
മലയാള സിനിമ കണ്ടതിനേക്കാൾ മുകളിലൊരു വില്ലൻ. മുറിപ്പാടുകൾ നിറഞ്ഞ മുഖവും ചോരക്കണ്ണും. മുറിച്ചിട്ടാലും മുറികൂടുന്ന ഇനം അതാണ് ജോസ്. കിരീടത്തിലെ മാസ് വില്ലൻ കീരിക്കാടൻ ജോസായി എത്തിയത് മോഹൻരാജാണ്. എന്നാൽ ആ പേരിൽ പിന്നീടൊരിക്കലും അയാൾ അറിയപ്പെട്ടതേയില്ല. മോഹൻലാലിനെ വിറപ്പിച്ച വില്ലനെ കഥാപാത്രത്തിൻ്റെ അതേ പേരിലാണ് മലയാള സിനിമ പിന്നീടങ്ങോട്ടും സ്വീകരിച്ചത്. ചാരക്കണ്ണുകളുള്ള ചെകുത്താനാണ് സീസണിലെ ഫാബിയൻ റമീറസ്. ഗാവിൻ പക്കാഡ് ആണ് ഫാബിയൻ റമീസിനെ അവതരിപ്പിച്ചത്. രയെ പിടിക്കാൻ പതിയിരിക്കുന്ന വേട്ടക്കാരൻ്റെ മുഖമായിരുന്നു താഴ്വാരത്തിലെ രാജുവിന്.സലിം ഖൗസ് എന്ന നടനാണ് താഴ്വാരത്തിൽ രാജുവായി എത്തിയത്.

വിയറ്റ്‌നാം കോളനിയിലെ പാവങ്ങളെ മാത്രമല്ല ഗജപോക്കിരികളായ വട്ടപ്പള്ളിയെയും സ്രാങ്കിനെയും ഇരുമ്പ് ജോണിനെയുമെല്ലാം വിറപ്പിച്ചു നിർത്തിയ ആജാനുബാഹുവായ റാവുത്തർ. തെലുങ്ക് താരമായ വിജയ രംഗ രാജയാണ് റാവുത്തറിനെ വെള്ളിത്തിരയിൽ ഗംഭീരമാക്കിയത്.കിലുക്കത്തിലെ സമദ് ഖാനും തേന്മാവിൻ കൊമ്പത്തിലെ മല്ലിക്കെട്ടും നിർണ്ണയത്തിലെ ഒറ്റകൈയ്യൻ ഇഫ്തിയും ആര്യനിലെ മജീദ് ഖാനുമൊക്കെയായി അവതരിച്ചത് ഒരാൾ, ഷരത് സക്സേന. കഥാപാത്രത്തിൻ്റെ അതേപേരിൽ അറിയപ്പെടാനായിരുന്നു സ്പടികം ജോർജ്ജ്. ദേവാസുരത്തിൻ്റെ വിജയം ഒരുപോലെ മങ്കലശ്ശേരി നീലകണ്ഠൻ്റെയും മുണ്ടയ്ക്കൽ ശേഖരൻ്റേതുമാണ്. നെപ്പോളിയൻ ചിത്രത്തിൽ മുണ്ടയ്ക്കൽ ശേഖരനെ അവതരിപ്പിച്ചത്.
ബാലേട്ടനിലെ ഭദ്രൻ റിയാസ് ഖാൻ കരിയറിൽ ചെയ്ത ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ്, ദൃശ്യത്തിൽ ജോർജുകുട്ടി ഒളിപ്പിച്ച ആ വലിയ രഹസ്യം കണ്ടെത്തുന്ന നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ കഥാപാത്രമാണ് കലാഭവൻ ഷാജോണിൻ്റെ സഹദേവൻ, സ്റ്റൈൽ കൊണ്ടും ഗംഭീര പ്രകടനം കൊണ്ടും ലൂസിഫറിൽ മോഹൻലാലിനെ എതിർത്ത് നിന്നത് വിവേക് ഒബ്രോയ് ചെയ്ത ബോബി എന്ന കഥാപാത്രമായിരുന്നു.പിന്നീട് വന്നത് ജോർജ് സാറാണ്. ചെറു ചിരിയും ഹലോയും പറഞ്ഞെത്തുന്ന ജോർജ് സാർ. സോഷ്യൽ മീഡിയയുടെ ഭാഷയിൽ ഒരു സുന്ദര കാലമാടൻ. പ്രേക്ഷകരെ ഒന്നാകെ വെറിപ്പിച്ചിച്ച ജോർജ് സാർ ആരാണെന്ന ചോദ്യവുമായാണ് തുടരും ആദ്യ ഷോ കണ്ട് പ്രേക്ഷകർ ഇറങ്ങിയത്. പതിയെ ആ മുഖം ആളുകൾ തിരിച്ചറിഞ്ഞു. പരസ്യലോകത്തെ രാജാവ് പ്രകാശ് വർമ്മ.











