ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍ മോഹന്‍ലാല്‍ ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍, കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍

നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘ഗള്‍ഫ് മാധ്യമം’ ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമര്‍ശനം. ‘മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വേളയില്‍, ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടന അദ്ദേഹത്തെ ആദരിക്കുന്നത് വളരെ വിരോധാഭാസവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്, എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.

അതുപോലെ, ഓര്‍ഗനൈസര്റിന്റെ മറ്റൊരു വിമര്‍ശിനം എമ്പുരാന്‍ വിവാദത്തിന് ശേഷമാണ് മോഹന്‍ലാലിന്റെ ഈ നടപടിയെന്നുമാണ്. എമ്പുരാന്‍ റിലീസ് ചെയ്ത സമയത്തും ഓര്‍ഗനൈസര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് ലേഖനം പുറത്തിറക്കിയിരുന്നു.എന്നാൽ പിന്നീട് ലേഖനം ഡിലീറ്റ് ചെയ്യുകയും ചെയ്യ്തു. സാമൂഹ്യ സംഘടനയാണെന്ന് ജമാഅത്തെ ഇസ്ലാമി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തോട് യഥാര്‍ത്ഥ പ്രതിബദ്ധത കാണാനാകില്ല.

മാത്രമല്ല ഇവരുടെ പ്രതിഷേധങ്ങളില്‍ വിദേശ ഭീകരരെ മഹത്വവത്കരിക്കുന്നു. ഇത് അവരുടെ യഥാര്‍ത്ഥ ഉദ്ദേശങ്ങളെക്കുറിച്ച് ആശങ്കപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യവും, ഇന്ത്യന്‍ സൈന്യത്തിലെ മോഹന്‍ലാലിന്റെ പദവിയും കണക്കിലെടുക്കുമ്പോള്‍ , ഈ സംഭവം അനുചിതമാണെന്ന് പലരും വിശ്വസിക്കുന്നു.