ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനവുമായി ‘തുടരും’ മുന്നേറുന്നു

ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനവുമായി ‘തുടരും’ മുന്നേറുന്നു.  മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയിരുന്നു. പതിനഞ്ച് വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് തുടരും. മണിയൻപിള്ള രാജു, ബിനു പപ്പു, സംഗീത് പ്രതാപ്, നന്ദു, ഇർഷാദ്, പ്രകാശ് വർമ്മ, ഫർഹാൻ ഫാസിൽ, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് കെ.ആർ. സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ്.

ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തിയ ചിത്രം മികച്ച അഭിനയം മാത്രമല്ല, ത്രില്ലടിപ്പിക്കുന്ന സ്റ്റോറി ടെല്ലിങ്ങിലൂടെയും പ്രേക്ഷകരെ കീഴടക്കിയിരുന്നു. ഇപ്പോഴിതാ, ഷോകളുടെ എണ്ണത്തിലും ‘തുടരും’ മുന്നിൽ നില്ക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ കേരളത്തിലെ ഷോ കൗണ്ട് 45000 കടന്നു എന്നാണ് പുതിയ റിപ്പോർട്ട്. ചിത്രം റിലീസ് ചെയ്‌ത്‌ 28 ദിവസങ്ങള്‍ക്ക് ശേഷവും ഹൗസ്ഫുള്‍ ഷോസുമായാണ് മോഹന്‍ലാല്‍ ചിത്രം മുന്നേറുന്നത്. റിലീസ് ചെയ്ത് ആഴ്ചകൾ കഴിയുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം 115 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്.