ആ നടൻ തന്ന ഭക്ഷണം കഴിച്ചാണ് ഞാനെന്റെ വിശപ്പടക്കിയത്, സുരേഷ്‌ഗോപിയെ കുറിച്ച് മണിയൻപിള്ള രാജു

നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് മണിയന്‍പിള്ള രാജു. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും നടന് സാധിച്ചു, ഇപ്പോൾ അദ്ദേഹം, സുരേഷ് ഗോപിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ്, ഒരു അഭിമുഖത്തിൽ. കട്ടുറുമ്പിനും കാത് കുത്ത് എന്നൊരു പടത്തില്‍ നായകനാണ് ഞാന്‍ അപ്പോള്‍, ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും ഏകദേശം രണ്ടുമണിയോളം ആയി.

മേക്കപ്പ് പോലും കളയാതെ ഞാന്‍ ഓടി വന്ന് കൊല്ലത്ത് നിന്ന് ട്രെയിനില്‍ കേറി. എനിക്കപ്പോള്‍ നന്നായി വിശക്കുന്നുണ്ടായിരുന്നു. എനിക്കപ്പോഴും വിശന്ന് കഴിഞ്ഞാല്‍ കൈ വിറക്കും. ബുദ്ധിമുട്ടുന്ന സമയത്ത് ഞാന്‍ ഇഡലിയെങ്കിലും വാങ്ങി കഴിക്കാറുണ്ട്. കാരണം എനിക്ക് കൈ വിറക്കും. അങ്ങനെ എന്റെ പരവേശം കണ്ടിട്ട് ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു. രാജു ചേട്ടനല്ലേ എങ്ങോട്ട് പോകുന്നുവെന്ന്, ഞാന്‍ പറഞ്ഞു മദ്രാസില്‍ ഒരു ഷൂട്ടിങ്ങിന് പോകുവാണെന്ന്.

പിന്നീടദ്ദേഹം ചോദിച്ചു , എന്തു പറ്റി താങ്കൾ വല്ലാതെ ഇരിക്കുന്നു’ എന്ന് . എനിക്ക് വിശപ്പ് സഹിക്കാന്‍ പറ്റുന്നില്ല. ഇനി കോട്ടയത്തെ ഫുഡ് കിട്ടുകയുള്ളു, എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ പെട്ടി തുറന്നിട്ട് ഇത് എനിക്ക് അമ്മ കഴിക്കാന്‍ തന്നതാണ് ആടിന്റെ ബ്രെയ്ന്‍ ഫ്രൈയും മൂന്ന് ചപ്പാത്തിയുമാണ് എന്ന് പറഞ്ഞു. ഞാന്‍ അത് മുഴുവന്‍ കൊതിയോടെ കഴിച്ചു. എന്നേക്കാളും കൊതിയോടെ അദ്ദേഹം അത് നോക്കി കൊണ്ടിരുന്നു. ഞാന്‍ ചോദിച്ചു എവിടെ പോകുവാണ്. അപ്പോള്‍ പറഞ്ഞു , മദ്രാസിലോട്ട് പോകുവാണ് സിനിമയില്‍ ചെറിയ വേഷം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ എന്താ പേര് എന്ന് ചോദിച്ചു. എന്റെ പേര് സുരേഷ് ഗോപി, അങ്ങനെയാണ് ഞാൻ സുരേഷ് ഗോപിയെ പരിചയപ്പെടുന്നത്, മണിയൻ പിള്ള രാജു പറയുന്നു.