‘കണ്ണപ്പ’യുടെ ഹാർഡ് ഡിസ്ക് മോഷണവുമായി ബന്ധപ്പെട്ട സംഭവത്തിൽ സഹോദരനെതിരെ നടൻ വിഷ്ണു മഞ്ചു

കണ്ണപ്പ’ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചത് തന്റെ സഹോദരനും നടനുമായ മനോജ് മഞ്ചു ആണെന്ന് നടന്‍ വിഷ്ണു മഞ്ചു. ചെന്നൈയില്‍ നടന്ന പ്രസ് മീറ്റിനിടെയാണ് വിഷ്ണു സഹോദരനെതിരെ ആരോപണം ഉയര്‍ത്തിയത്. ഞങ്ങളുടെ കുടുംബത്തിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഞങ്ങളുടെ സുഹൃത്തുക്കൾ വഴി മനോജിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവർ അത് മോഷ്ടിച്ചതാണോ അതോ മറ്റാരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങി ചെയ്തതാണോ എന്ന് ഞങ്ങൾക്ക് അറിയില്ല,എന്നാണ് വിഷ്ണു പറയുന്നത്.

മനോജിനെ ബന്ധപ്പെടാൻ കഴിയാതെ വന്നതിന് ശേഷമാണ് ഞങ്ങൾ പോലീസിൽ പരാതി നൽകിയത്, വിഷ്ണു കൂട്ടിച്ചേർക്കുന്നു. നാലാഴ്ച മുമ്പാണ് സംഭവം നടന്നത്. തന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കരുത്. എല്ലാ കുടുംബങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ടാകും അതിനാല്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, എന്നും നടൻ പറയുന്നുണ്ട്.

മോഷ്ടാക്കള്‍ എന്ന് ആരോപിക്കപ്പെടുന്ന ഓഫീസ് ജീവനക്കാരായ രഘു, ചരിത എന്നിവര്‍ മനോജിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, ഞങ്ങള്‍ മൂന്ന് സഹോദരങ്ങളാണ്, ഞങ്ങളുടെ എല്ലാ പാക്കേജുകളും അവിടെയെത്തുകയും അതത് മാനേജര്‍മാര്‍ പോയി ശേഖരിക്കുകയുമാണ് പതിവ്. അതുപോലെ തന്നെ ഹാര്‍ഡ് ഡിസ്‌ക് ഞങ്ങളുടെ അച്ഛന്റെ വസതിയിലെത്തി. അത് രഘുവിനും ചരിതയ്ക്കും കൈമാറുകയും, പിന്നീട് അവരെ കാണാതാവുകയുമായിരുന്നു.

അതേസമയം, മോഹന്‍ ബാബുവിന്റെ ഇളയ മകനാണ് മനോജ് മഞ്ചു. ഇവരുടെ കുടുംബ പ്രശ്‌നങ്ങള്‍ അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മനോജ് മോഹന്‍ ബാബുവിന്റെ വീട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടനെ പുറത്തേക്ക് തള്ളിയതോടെ സംഘര്‍ഷം നടന്നിരുന്നു. മനോജും ഭാര്യയും ഭീഷണിപ്പെടുത്തി വീട് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മോഹന്‍ ബാബു പൊലീസില്‍ പരാതി നല്‍കിയിരുന്നു.