
ലൈംഗികാതിക്രമ കേസില്‍ നടൻ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു നടനെതിരെ പൊലീസ് കേസെടുത്തത്. അദ്ദേഹം സംവിധാനം ചെയ്ത ഒരു സിനിമാ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്. ഏകദേശം ആറ് മാസം മുന്‍പാണ് നടി ബാലചന്ദ്ര മേനോനെതിരെ പരാതി നല്‍കിയത്.
നടിയുടെ പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു, നടികൾ, അഭിനയിച്ച ചില സിനിമകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴിയായി നൽകിയിരുന്നുവെങ്കിലും, പിന്നീട് പോലീസ് കേസുകളുമായി മുന്നോട്ട് പോകാൻ അവരാരും തയ്യാറായിരുന്നില്ല, ഈ കാരണങ്ങൾ കൊണ്ട് കേസുകൾ അവസാനിപ്പിക്കാൻ തീരുമാനമായത്.











