
മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. മരട് പൊലീസാണ് നോട്ടീസ് നൽകിയത്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഈ പോലീസ് നോട്ടീസ്. നടൻ സൗബിൻ ഷാഹിറിന് പുറമേ മറ്റു സഹനിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. മുൻപ് ഈ കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സിനിമയുടെ നിർമാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി താൻ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനൽകിയില്ല എന്നാണ് സിറാജ് വലിയതറയുടെ പരാതി.
എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ഈ കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.












