
വാഹനാകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് നടനും മന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് സുരേഷ് ഗോപി നടനെ കണ്ടത്. ഷൈനിനെ സന്ദർശിച്ചതിനു ശേഷം സുരേഷ് ഗോപി മാധ്യമപ്രവർത്തകരോടു പറഞ്ഞു, പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. ചെറിയ പരിക്കുകളേ ഉള്ളൂ.

ഡോക്ടർമാരുമായി സംസാരിച്ചു. ചടങ്ങുകൾക്കു ശേഷമായിരിക്കും ഷൈനിന്റെ സർജറി. എന്താണ് സംഭവിച്ചതെന്ന് അവർ പറഞ്ഞത് ഒരു ലോറി ആ സ്പോട്ടിൽ ഇടിച്ച് സ്റ്റീയറിങ് ലോക്ക് ആയി ഇവരുടെ വണ്ടിയുടെ പുറകു വശത്ത് ഇടിച്ചു എന്നാണ്.മുൻപിൽ ഇരുന്ന രണ്ടു പേർക്കും പരിക്കില്ല. പുറകിൽ ഇരുന്ന മൂന്നുേപർക്കാണ് പരിക്കുള്ളത്. ഷൈനിന്റെ ചേച്ചിമാർ രാത്രിയിലെത്തും. പിതാവിന്റെ സംസ്കാരം ഞായറാഴ്ച്ച ഉച്ചക്ക് ശേഷമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞദിവസമാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപെട്ട് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരിച്ചത്. അപകടത്തിൽ ഷൈനിനും, അമ്മയ്ക്കും പരിക്കുണ്ട്. ഷൈനും, പിതാവും, അമ്മയും സഹോദരനും സഹായിയും കൂടി ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം.അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും, നടന്റെ പിതാവ് അവിടെവെച്ചു മരിക്കുവായിരുന്നു.











