അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ശ്വേത മേനോൻ

അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലെടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാന്‍ നടി ശ്വേതാ മേനോന്‍.തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും താരം പ്രതികരിച്ചു. ഇന്നലെയാണ് നടിക്കെതിരെയുളള കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെ വന്ന കേസിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് ശ്വേതയുടെ പ്രതികരണം.

ശ്വേതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് ആണ്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി നല്‍കിയ പരാതിയില്‍ എറണാകുളം സി.ജെ.എം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. സിനിമയിലും പരസ്യങ്ങളിലും മറ്റും നഗ്നത പ്രദർശിപ്പിച്ച്‌ അഭിനയിച്ചു, സമൂഹമാദ്ധ്യമങ്ങളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച്‌ വരുമാനം നേടി എന്നിങ്ങനെ നീളുന്നതാണ് ആരോപണങ്ങള്‍. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ മത്സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തുവന്നതില്‍ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തുവരുന്നുണ്ട്.